കടലില്‍ ഒരു മഴ തിമിര്‍ത്തു പെയ്‌തൊഴിഞ്ഞതേയുള്ളൂ. കോവളത്ത് സഞ്ചാരികള്‍ ഒഴിയുന്നില്ല. തീരത്തുനിന്ന് അല്പം മാറി ഒരു സീരിയലിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഭാനുമതി എന്ന കഥാപാത്രമായി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായൊരു നടി ക്യാമറയ്ക്ക് മുന്നില്‍. കാലം മാറിയിട്ടും മായാത്തതൊന്ന് ആ മുഖത്ത് കണ്ടു, കണ്ണുചിമ്മിയുള്ള വിടര്‍ന്ന ചിരി. അമ്മവാത്സല്യം പകര്‍ന്ന 'തുമ്പീ വാ തുമ്പക്കുടത്തിന്‍' എന്ന പാട്ടില്‍ കണ്ട, 'കൗരവറി'ല്‍ കനകനിലാവായി വന്ന ചിരി.

തമിഴ്‌നാട്ടില്‍ നിന്നും വന്ന് മലയാളത്തനിമയുള്ള ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമായിരുന്നു അഞ്ജു. 'ആ രാത്രി' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായും 'കിഴക്കന്‍പത്രോസി'ല്‍ സഹോദരിയായും 'കൗരവറി'ല്‍ ഭാര്യയായും അഭിനയിച്ചു. 'കാറ്റത്തെ കിളിക്കൂട്', 'രുഗ്മിണി', 'കാട്ടുകുതിര', 'താഴ് വാരം', 'നീലഗിരി', 'ഊട്ടിപ്പട്ടണം', 'വാരഫലം', 'മിന്നാരം', 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം', 'അമ്മ അമ്മായിയമ്മ', 'നരിമാന്‍'... തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങള്‍. 'രുഗ്മിണി'യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. പിന്നെ അഞ്ജു തമിഴ് സീരിയല്‍ രംഗത്ത് സജീവമായി. തുടര്‍ന്നുവന്നത് പത്തുവര്‍ഷം നീണ്ട ഇടവേളയായിരുന്നു. ഇപ്പോഴിതാ മടങ്ങിവരവ്. കാണാമറയത്തുനിന്ന ആ നാളുകളെ പറ്റി, സീരിയലിലേക്കുള്ള മടങ്ങിവരവില്‍ മനസ്സിലുള്ള പ്രതീക്ഷകളെപ്പറ്റി അഞ്ജു സംസാരിക്കുന്നു.

എവിടെയായിരുന്നു പോയ വര്‍ഷങ്ങളില്‍?
പത്തുവര്‍ഷം മാറി നിന്നു. മകന്‍ അര്‍ജുന്‍ കുഞ്ഞായിരുന്നപ്പോള്‍ അവനെ നോക്കാനായി എടുത്ത തീരുമാനമായിരുന്നു അത്. ഈ കാലത്തിനിടെ അഭിനയ രംഗവുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. മോന്‍ വലുതായ ശേഷം അഭിനയത്തിലേക്ക് തിരികെ വരാമെന്ന് കരുതി. അതിനിടയില്‍ അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, തിരിച്ചു വരുന്നത് നല്ലൊരു കഥാപാത്രത്തിലൂടെയാവണമെന്ന ആഗ്രഹത്തില്‍ ഞാന്‍ കാത്തിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല. തമിഴ് സിനിമയിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ കിട്ടി. സീരിയലിലൂടെ മലയാളത്തിലേക്കും തിരിച്ചുവരാനായി. 

തുടക്കകാലത്തുതന്നെ മികച്ച വേഷങ്ങള്‍ ചെയ്യാനായത് വലിയ ഭാഗ്യമായി കരുതുന്നു. വലിയ നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. അന്ന് കൂടെ അഭിനയിച്ചവരെല്ലാം എന്നേക്കാള്‍ മൂത്തവരായിരുന്നു. ഉര്‍വശി ചേച്ചിയും സീമ ആന്റിയുമൊക്കെ എവിടെ കണ്ടാലും സംസാരിക്കും. എല്ലാവരെയും ഇഷ്ടമാണ്. മലയാള സിനിമാരംഗം എന്തുകൊണ്ടും എനിക്കിണങ്ങിയതായിരുന്നു. ഇവിടേക്ക് തിരിച്ചുവരാന്‍ കൊതിയുണ്ട്.

പ്രശസ്തയായ ബാലതാരം, സൂപ്പര്‍താരങ്ങളുടെ നായിക... പോയകാലത്തെ ഓര്‍ക്കാറുണ്ടോ? 
കുട്ടിക്കാലം മുതല്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നിലുണ്ട്. അതൊരു ഭാഗ്യമല്ലേ. സിനിമയുമായി ആത്മബന്ധമുള്ളതുപോലെ തോന്നും ഇടയ്ക്ക്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്തായിത്തീര്‍ന്നേനെ എന്നറിയില്ല. ആളുകള്‍ എന്നെ തിരിച്ചറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമാരംഗത്ത് നല്ലതും ചീത്തയുമായ ഒരുപാട് നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. അതെല്ലാം എന്നെ കൂടുതല്‍ കരുത്തയാക്കിയെന്നതാണ് സത്യം. 

placeholder
ആന എന്ന സിനിമയില്‍ മധുവിനൊപ്പം

ബേബി അഞ്ജുവില്‍ നിന്ന് നായിക അഞ്ജുവിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
ഒന്നര വയസ്സിലാണ് അഭിനയിച്ചുതുടങ്ങിയത്. അച്ഛന്റെ ഇളയസഹോദരി ജയ അഭിനേത്രിയായിരുന്നു. രജനീകാന്തിന്റെ കൂടെ അവര്‍ അഭിനയിച്ച ഒരു സിനിമയുടെ നൂറാം ദിവസ ആഘോഷച്ചടങ്ങില്‍ വെച്ച് മഹേന്ദ്രന്‍ സാര്‍ എന്നെ കണ്ടു. അദ്ദേഹം സംവിധാനം ചെയ്യുന്ന 'ഉദരിപൂക്കള്‍' എന്ന സിനിമയിലേക്ക് ഒരു ബാലതാരത്തെ വേണ്ടിയിരുന്നു. അദ്ദേഹം എന്റെ അച്ഛനമ്മമാരെ കണ്ട് കാര്യം പറഞ്ഞു. ''പറ്റില്ല, ഒന്നരവയസ്സുള്ള കുഞ്ഞാണ്, അഭിനയിപ്പിക്കുന്നില്ല...'' ഇതായിരുന്നു അവരുടെ മറുപടി. ''അവള്‍ എന്ത് ചെയ്താലും ഞാനത് ക്യാമറയില്‍ ഒപ്പിയെടുക്കും. ഇത് അവളുടെ സിനിമയാണ്'' എന്ന് അദ്ദേഹം എന്റെ മുത്തശ്ശിയോട് പറഞ്ഞു. അങ്ങനെ ഒടുവില്‍ എല്ലാവരും സമ്മതംമൂളി. 

അതിനുശേഷം സിനിമയ്‌ക്കൊപ്പമായിരുന്നു ജീവിതം. 'ഓര്‍മയ്ക്കായ്' ആണ് എന്റെ ആദ്യ മലയാള സിനിമ. 'ഓളങ്ങളി'ല്‍ എന്നെ ആണ്‍കുട്ടിയാക്കി മാറ്റുകയായിരുന്നു ബാലു മഹേന്ദ്ര സാര്‍. ആണ്‍കുട്ടിയുടെ ആറ്റിറ്റിയൂഡ് വേണം, പെണ്‍കുട്ടികളുടെ പെരുമാറ്റരീതി തീരെ പാടില്ലെന്നു പറഞ്ഞ് ശ്രദ്ധയോടെ ഷൂട്ട് ചെയ്തു. അന്ന് എന്റെ അനിയത്തിയായി അഭിനയിച്ചത് അച്ഛന്റെ സഹോദരിയുടെ മകള്‍ ശാരദ പ്രീതയായിരുന്നു. അതിനുശേഷം 'രുഗ്മിണി' ചെയ്തു. ആ കഥാപാത്രത്തെ ഏറ്റെടുക്കണോ എന്ന് ആദ്യം സംശയിച്ചു. അപ്പോള്‍ സംവിധായകന്‍ കെ.പി. കുമാരന്‍ സാര്‍ പറഞ്ഞു, വളരെ ആഴത്തിലുള്ള കഥാപാത്രമാണ്, നിനക്ക് ചെയ്യാന്‍ പറ്റുമെന്ന്. അന്നെനിക്ക് പതിനൊന്ന് വയസ്സാണ്. ആ കഥാപാത്രത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ആ സിനിമയോടുകൂടി ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ എല്ലാകാലത്തും സംവിധായകന്റെ ആര്‍ട്ടിസ്റ്റായിരുന്നു. 

'കേളടി കണ്‍മണി'എന്ന സിനിമയോടെയാണ് ഈ മേഖലയില്‍ തുടരാം എന്ന് തീരുമാനിച്ചത്. സിനിമ വിട്ട് ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അപ്പോള്‍ സംവിധായകന്‍ വസന്ത് സാര്‍ പറഞ്ഞു, എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യൂ, എന്നിട്ട് സിനിമ ഉപേക്ഷിച്ചോ എന്ന്. പക്ഷേ, സിനിമ എന്നെ ഉപേക്ഷിച്ചില്ല. 

ഐ.വി.ശശി, പി.ജി.വിശ്വംഭരന്‍, ഭരതന്‍, പത്മരാജന്‍, ജോഷി...തുടങ്ങിയ സംവിധായകരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഭാഗമായിരുന്നല്ലോ...
ഭരതന്‍ സാറിന്റെ 'താഴ്‌വാരം' സിനിമയുടെ ഷൂട്ടിങ്  മറക്കാനാവില്ല. ടീഷര്‍ട്ടും ട്രൗസറുമണിഞ്ഞ് വോക്ക്മാനും വെച്ച് ലൊക്കേഷനില്‍ തമാശകളിച്ച് നടക്കുന്ന കുട്ടിയായിരുന്നു ഞാന്‍. ഭരതന്‍ സാര്‍ തമാശയ്ക്ക് എന്നെ കല്ലെടുത്ത് എറിയുന്നതുപോലെ കാണിക്കും. 'ഹേയ് ട്യൂബ് ലൈറ്റ്' എന്ന് വിളിച്ച് കളിയാക്കും. 'അയ്യോ നിനക്ക് എത്ര വലിയ കഥാപാത്രമാണ് തന്നത്, നീ എന്താ ഇങ്ങനെ കാണിക്കുന്നത്' എന്നൊക്കെ പറയും. പക്ഷേ, ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ ഒരു കളിയുമില്ല. സാര്‍ പറയുന്നത് അതുപോലെ ചെയ്യും. പിന്നെപ്പിന്നെ സാര്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ നിര്‍ബന്ധിക്കാതെയായി. 'അവളെ വിട്, ടേക്കിന് ചെയ്‌തോളും, അവള്‍ ടേക്ക് ആര്‍ട്ടിസ്റ്റാണ്' എന്ന് പറയുമായിരുന്നു. 

വളരെ യാദൃശ്ചികമായാണ് 'കൗരവര്‍' എന്ന സിനിമയിലേക്കുളള വരവ്. 'നീലഗിരി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്ക എന്നെ കണ്ട് ഞെട്ടിപ്പോയി. ''എടീ നീ ഇത്ര വലിയ പെണ്ണായോ?'' എന്നു ചോദിച്ചു. കാരണം, അന്ന് 'അഴകന്‍' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂക്കയാണ് മാറ്റിയത്. പകരം മധുബാല നായികയായി. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ''ആ സിനിമയില്‍ നിന്നെ വേണ്ടെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ?'' എന്ന്. ''എനിക്കറിയാം, മമ്മൂക്കയല്ലേ...'' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സോറി പറയുകയും അപ്പോള്‍തന്നെ ജോഷി സാറിനെ വിളിക്കുകയും ചെയ്തു. അടുത്ത സിനിമ 'കൗരവറി'ല്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കുമെന്ന് ജോഷി സാറിനോട് അദ്ദേഹം പറഞ്ഞു.

placeholder
രുഗ്മിണി എന്ന സിനിമയില്‍ നെടുമുടി വേണുവിനൊപ്പം

പ്രിയദര്‍ശന്‍ സാറിന്റെ സിനിമയാണല്ലോ എന്ന സന്തോഷത്തിലാണ് 'മിന്നാര'ത്തില്‍ അഭിനയിക്കാന്‍ പോയത്. മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു. 'താഴ്‌വാര'ത്തിനുശേഷം ഞങ്ങളൊന്നിച്ച സിനിമയായിരുന്നു അത്. ഒരു കുടുംബം മൊത്തം ഊട്ടിയില്‍ ഉല്ലാസയാത്രയ്ക്കുവന്നതുപോലെ ആസ്വദിച്ച് ചെയ്ത സിനിമ. തിലകന്‍ ചേട്ടനും ശോഭനയും ശങ്കരാടി ചേട്ടനുമൊക്കെ ഉണ്ടായിരുന്നല്ലോ. തിലകന്‍ ചേട്ടനൊപ്പം 'കാട്ടുകുതിര'യില്‍ അഭിനയിച്ചിരുന്നു. അന്ന് എനിക്ക് പന്ത്രണ്ട് വയസ്സായിരുന്നു. ശക്തമായ കഥാപാത്രം. അഭിനയത്തില്‍ തിലകന്‍ ചേട്ടനൊപ്പം 
പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. അങ്ങനെ എത്രയെത്ര സിനിമകള്‍... എല്ലാം പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. എങ്കിലും പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളൊന്നും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഇടയ്ക്ക് നിരാശ തോന്നും. 

അന്നത്തെ ഗോസിപ്പ് കോളങ്ങളിലും അഞ്ജുവിന്റെ പേരുണ്ടായല്ലോ?
'കേളടി കണ്‍മണിയി'ല്‍ നായികയായ കാലത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. 'അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ' എന്നു പറഞ്ഞ് കുറേ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന്‍ സാറ് സമാധാനിപ്പിക്കും, ''ഈ ഇന്‍ഡസ്ട്രിയില്‍ ഗോസിപ്പ് എന്നു പറയുന്നത് സൗജന്യമായ പരസ്യമാണ്. ഗോസിപ്പ് വരികയാണെങ്കില്‍ നിങ്ങള്‍ പ്രശസ്തയാണെന്നാണ് അതിനര്‍ഥം'' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. 

സോഷ്യല്‍മീഡിയ സജീവമല്ലാതിരുന്ന ആ കാലത്തും ബോഡിഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ്...
എന്തു സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുതെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായികാവേഷം തന്നെ വേണമെന്നു പറഞ്ഞ് വാശിപിടിച്ചിട്ടില്ല. എല്ലാ ഭാഷയിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തിയായാലും വില്ലത്തിയായാലും ഞാനേറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തിരഞ്ഞെടുത്തത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുവന്ന പരാമര്‍ശങ്ങളും ശ്രദ്ധിച്ചിരുന്നോ?
നമുക്ക് ഇഷ്ടമുള്ളതിനോട് യെസും ഇഷ്ടമല്ലാത്തതിനോട് നോയും പറയണം. ഈ ഇന്‍ഡസ്ട്രി എന്താണെന്ന് എല്ലാവര്‍ക്കും നന്നായിട്ടറിയാം. ചെയ്യാന്‍ ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങളാണെങ്കില്‍ ചെയ്യില്ല എന്നു തന്നെ പറയണം. ആരും നിര്‍ബന്ധിക്കില്ല. പണ്ട് ഇതുപോലുള്ള ചില പ്രശ്‌നങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ എന്റേതായ രീതിയില്‍ കൈകാര്യം ചെയ്തു. അന്നൊന്നും കാരവാനില്ല. ലൊക്കേഷനടുത്തുള്ള വീടുകളില്‍ നിന്നാണ് മേക്കപ്പും കോസ്റ്റിയൂം ചെയ്ഞ്ചുമൊക്കെ നടത്തിയിരുന്നത്. 

ഇപ്പോള്‍ പണ്ടത്തെ നടിമാര്‍ക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചു, എന്നിട്ടും പരാതി പറഞ്ഞില്ല എന്ന്. ഞങ്ങള്‍ ഡിമാന്‍ഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആണിനും പെണ്ണിനും എല്ലാവര്‍ക്കും ഒരേ കഷ്ടപ്പാടായിരുന്നു. 

വിവാഹവും വിവാഹമോചനവും ജീവിതത്തെ ബാധിച്ചോ?
പത്തൊമ്പതാം വയസ്സിലായിരുന്നു വിവാഹം. വളരെ നേരത്തെയായിപ്പോയി. എന്നേക്കാള്‍ ഇരട്ടി പ്രായമുള്ളയാളായിരുന്നു പ്രഭാകര്‍. നടനായിരുന്നു. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ഒന്നരവര്‍ഷം ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചു. പിന്നീട് വിവാഹമോചിതരായി. ഞാന്‍ വീണ്ടും അഭിനയിച്ചു തുടങ്ങി. നേരത്തെ പറഞ്ഞതുപോലെ തളര്‍ന്നുപോയപ്പോഴൊക്കെ സിനിമ ചേര്‍ത്തുപിടിച്ചു. 

placeholder
താഴ്‌വാരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം

രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചില്ലേ?
ഇല്ല. അമ്മ കുറേ പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് താത്പര്യമില്ലായിരുന്നു. വിവാഹജീവിതം എന്താണെന്ന് ഒരുതവണ അറിഞ്ഞു. അതവിടെ കഴിഞ്ഞു. അഭിനയിക്കണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പിന്നെ മകനുവേണ്ടി ജീവിക്കണമെന്നും. അവന്‍ എന്നെ 'സൂപ്പര്‍ മോം' എന്നാണ് വിളിക്കുക. നാല് വയസ്സുവരെ എന്റെ  അമ്മയാണ് അവനെ നോക്കിയത്. അമ്മ മരിച്ചപ്പോഴാണ് എല്ലാ ഉത്തരവാദിത്തവും ഞാനേറ്റെടുക്കുന്നത്. 
സഹോദരങ്ങളെല്ലാം വിവാഹം കഴിഞ്ഞ് സെറ്റിലായി. അച്ഛനും ഞാനും മോനും മാത്രമായൊരു ലോകമായിരുന്നു പിന്നീട്. എന്റെ പ്രൊഫഷന്‍ നോക്കണോ, മോന്റെ കാര്യങ്ങള്‍ നോക്കണോ എന്നൊരു സംശയം വന്നിരുന്നു. അവനെ ഊട്ടിയിലെ ബോര്‍ഡിങ്ങിലാക്കാന്‍ ബന്ധുക്കളെല്ലാം പറഞ്ഞു. പക്ഷേ, ഞാനതിന് എതിരായിരുന്നു. അങ്ങനെ പത്തുവര്‍ഷം അവനൊപ്പം മാറിനിന്നു. വയനാട്ടിലായിരുന്നു ഞങ്ങള്‍. അവന്‍ പഠിച്ചതെല്ലാം അവിടെയാണ്. അവന്റെ പഠനം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചു പോയി. അര്‍ജുന്‍ സീനിയര്‍ ഡേറ്റ അനലിസ്റ്റാണ്.  

കൂട്ടുകാരാണോ കരുത്ത്?
പാര്‍ഥിപനാണ് ഏറ്റവും അടുത്ത സുഹൃത്ത്. മാനസികമായി തളര്‍ന്ന കാലത്ത് ചേര്‍ത്തുപിടിച്ചത് പാര്‍ഥിപനാണ്. മൂഡ് സ്വിങ്‌സ് ഉണ്ടാവുമായിരുന്നു, ഒരു തരത്തില്‍ ഡിപ്രഷന്‍ പോലെ. ചിലപ്പോള്‍ വല്ലാതെ ദേഷ്യപ്പെടും. അപ്പോഴൊക്കെ എന്നെ ക്ഷമയോടെ കേട്ടത് പാര്‍ഥിപനും മോനുമാണ്. പിന്നെ എനിക്കേറ്റവും അടുപ്പം വളര്‍ത്തുനായ്ക്കളോടാണ്. നാല് ജര്‍മന്‍ ഷെപ്പേര്‍ഡുണ്ട്. അച്ഛനും മോനുമൊക്കെ തിരക്കിലാവുമ്പോള്‍ അവരാണ് എന്റെ നേരമ്പോക്ക്.  

ഇപ്പോള്‍ ചുറ്റിലും സന്തോഷം പരന്നതുപോലെ തോന്നുന്നുണ്ടോ?
ഇപ്പോള്‍ മാനം തെളിഞ്ഞു. ആ കറുത്തകാലത്ത് വലിയ വിഷാദമായിരുന്നു. ആരോടും സംസാരിക്കാതെ ഇരുന്നിട്ടുണ്ട്. അമ്മയുടെ മരണം വല്ലാതെ തളര്‍ത്തി. അപ്പോഴാണ് പാര്‍ഥിപനുമായി അടുക്കുന്നത്. മോനും എന്നെ ഒരുപാട് പിന്തുണച്ചു. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. കടലിനോട് ചേര്‍ന്ന് ഒരുവീട്, നിറയെ പട്ടിക്കുട്ടികള്‍...അതാണ് ബാക്കിയുള്ള സ്വപ്‌നം.