നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) മൂന്നാം വാർഷികാഘോഷം നടന്നത് കഴിഞ്ഞദിവസമായിരുന്നു. രൺവീർ സിങ്, വിക്കി കൗശൽ, അനുപം ഖേർ തുടങ്ങി ബോളിവുഡിൽ നിന്ന് ഒട്ടേറെപ്പേർ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. മുൻ നടിയും രൺബീർ കപൂറിന്റെ അമ്മയുമായ നീതു കപൂർ ചടങ്ങിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, അവരുടെ സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. പാപ്പരാസികൾക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി നീതു തൻ്റെ 'ഇരട്ട'യെ കണ്ടുമുട്ടുകയായിരുന്നു, നീതു അമ്പരക്കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.

ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ, 'അപര' സമീപത്ത് നിൽക്കുന്ന വിവരം ഫോട്ടോഗ്രാഫർമാർ വിളിച്ചുപറഞ്ഞു. പൂജ ത്രേഹാൻ എന്ന് പേരുള്ള വനിതയായിരുന്നു അത്, പൂജയെ കണ്ട് അമ്പരന്ന നീതു സന്തോഷത്തോടെ അവരെ ചിത്രത്തിനായി ക്ഷണിച്ചു.

തുടർന്ന് ഇരുവരും ചിരിച്ചും കളിച്ചും ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. അവരുടെ രൂപ സാദൃശ്യം കണ്ടുനിന്നവരേയും അമ്പരപ്പിച്ചു. ഇരുവരുടെയും സമാനമായ ഹെയർ സ്റ്റൈൽ, മുഖ സാദൃശ്യം, ചിരി എന്നിവയെല്ലാം ആളുകൾ താരതമ്യം ചെയ്തുകൊണ്ടേയിരുന്നു. നീതു മനോഹരമായ ബ്രൗൺ നിറത്തിലുള്ള കോ-ഓർഡ് വസ്ത്രത്തിൽ തിളങ്ങിയപ്പോൾ, പൂജ തിളക്കമുള്ള പച്ച നിറത്തിലുള്ള ഷോർട്ട് ഡ്രസ്സിലാണെത്തിയത് (short dress).

ഷുഗർബോക്സ് നെറ്റ്‌വർക്ക്സിന്റെ മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടറാണ് പൂജ ത്രേഹാൻ. വിമൻ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയിലെ PR & ഡിജിറ്റൽ മാർക്കറ്റിങ് കൗൺസിൽ അംഗം കൂടിയാണവർ.

വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, ആരാധകർ കമന്റ് ബോക്സുകളിൽ രസകരമായ പ്രതികരണങ്ങളുമായെത്തി. യഥാർഥ വ്യക്തി ആരാണ്?, സീതയും ഗീതയും എന്നിങ്ങനെ നീളുന്നു കമന്റുകൾ.

2022-ലിറങ്ങിയ 'ജഗ്‌ജഗ് ജിയോ' എന്ന കുടുംബ ചിത്രത്തിലാണ് നീതു അവസാനമായി അഭിനയിച്ചത്. വരുൺ ധവാൻ, കിയാര അദ്വാനി, അനിൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. അടുത്തതായി, മകൾ റിദ്ധിമ കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലും നീതു വേഷമിടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi