വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ബോളിവുഡ് നടി പ്രീതി സിന്റ അഭിനയത്തിൽ സജീവമാവുകയാണ്. 'ബട്‌വാര 1947' എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അടുത്തതായി കുനാൽ കെമ്മുവിന്റെ 'വൈബ്' എന്ന ചിത്രത്തിൽ പ്രീതിയാണ് നായിക. ബുധനാഴ്ച നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ, ഈ പ്രോജക്റ്റിനായി താൻ സ്വയം തിരഞ്ഞെടുത്ത നീണ്ട ജോലി സമയത്തെക്കുറിച്ച് നടി മനസ്സ് തുറന്നു.

To advertise here,

“ഓരോരുത്തർക്കും അവരവരുടേതായ രീതികൾ”-ചലച്ചിത്രമേഖലയിലെ നീണ്ട ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചയോട് പ്രീതി പ്രതികരിച്ചതിങ്ങനെയാണ്. ചിത്രീകരണം വേഗത്തിൽ തീർക്കാൻ താൻ 'വൈബിനായി' ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. ഈ സ്പൈ കോമഡി ചിത്രത്തിൽ പ്രീതി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നുണ്ട്. ചിത്രീകരണത്തിനായി കുറച്ചുദിവസങ്ങളിലേക്ക് മാത്രമാണ് താൻ ഇന്ത്യയിലേക്ക് വന്നത് എന്നതുകൊണ്ടാണ് ഇത്രയും നീണ്ട സമയം ജോലിചെയ്യാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

“ഞങ്ങൾക്ക് ദിവസവും നീണ്ട ഷൂട്ട് ഉണ്ടായിരുന്നു. ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ട്, ഞാൻ 18 മണിക്കൂർ ജോലി ചെയ്തതിന് കാരണം, ജോലി എത്രയും വേഗം തീർത്ത് അമേരിക്കയിലെ എന്റെ കുട്ടികളുടെ അടുക്കലേക്ക് മടങ്ങണം എന്നതുകൊണ്ടാണ്.” മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

50 കാരിയായ പ്രീതി സിന്റ നാലു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയാണ്. 2021-ൽ വാടക ഗർഭധാരണം (surrogacy) വഴിയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. ഇന്ത്യയിലുള്ള തന്റെ താമസവേളയിൽ ദിവസവും സിനിമയ്ക്കായി ജോലി ചെയ്യുക മാത്രമാണ് താൻ ചെയ്തത്, മറ്റു കാര്യങ്ങളിലൊന്നും പങ്കെടുത്തില്ലെന്നും അവർ പറഞ്ഞു.

“സെറ്റിൽ എല്ലാവരും എപ്പോഴും ചിരിച്ചുകളിച്ചിരിക്കണമെന്നില്ല. ജോലി പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. ധാരാളം ആക്ഷൻ രംഗങ്ങൾ ഉണ്ടായിരുന്നു. മറ്റ് പല ഘടകങ്ങളുമുണ്ടായിരുന്നു. ചിലപ്പോൾ മഴയായിരുന്നു. ചിലപ്പോൾ അസുഖം വരാം. അതിനാൽ, ഇതെല്ലാം കണക്കിലെടുക്കുമ്പോൾ എന്റെ ചിന്ത, ‘ഇത് ചെയ്യാൻ എനിക്ക് മടിയൊന്നുമില്ല’ എന്നതായിരുന്നു. കാരണം ഞാനിവിടെ 30-40 ദിവസത്തേക്ക് മാത്രമേയുള്ളൂ.”-അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi