22 ദിവസത്തെ ഇടവേളയില്‍ വ്യത്യസ്ത ആശുപത്രികളിലായി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ബ്രിട്ടിഷ് യുവതി. 22-കാരിയായ കെയ്‌ലെയ്ഗ് ഡോയ്ല്‍ 2020-ലാണ് ആരോഗ്യവാന്മാരായ ഇരട്ടകളെ ഗര്‍ഭം ധരിച്ചത്. 2021 മാര്‍ച്ചില്‍ പ്രസവവേദന വരുന്നതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഡോയ്‌ലിനില്ലായിരുന്നു. പെട്ടെന്ന് വേദന വന്നതും അവളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. 

മാസം തികയുന്നതിന് 17 ആഴ്ച മുമ്പേ സാധാരണപ്രസവത്തിലൂടെ ആദ്യത്തെ കുഞ്ഞ് പുറത്തുവന്നു. പക്ഷേ, കുഞ്ഞ് മരിച്ചിരുന്നു. പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചതുകാരണമാണ് കുഞ്ഞു മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞും അതിജീവിക്കില്ലെന്നും വൈകാതെ പുറത്തുവരുമെന്നും ഡോക്ടര്‍മാര്‍ അവളോടു പറഞ്ഞു.

പക്ഷേ, രണ്ടാമത്തെ കുഞ്ഞ് അപ്പോള്‍ പുറത്തുവന്നില്ലെന്ന് മാത്രമല്ല, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ട് വൈകാതെ ഡോക്ടര്‍മാര്‍ ഡോയ്‌ലിനെ വിശ്രമത്തിനായി വീട്ടിലേക്കയച്ചു. ആദ്യകുഞ്ഞിന്റെ മരണം തീര്‍ത്ത ആഘാതത്തിലായിരുന്നു ഡോയ്ല്‍ അപ്പോള്‍. വീണ്ടും പ്രസവവേദന വരാതിരുന്നപ്പോള്‍ 22 ദിവസത്തിനുശേഷം മറ്റൊരു ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

കണക്കുകൂട്ടലുകള്‍ക്കപ്പുറം, ആ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ആര്‍ക്കും ഈ സംഭവം വിശ്വസിക്കാനായില്ല. ജീവനോടെ മകനെ കിട്ടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുവതി പിന്നീട് പ്രതികരിച്ചു. ആസ്‌ട്രോ എന്നാണ് കുഞ്ഞിനവര്‍ പേരിട്ടത്. 

ആസ്‌ട്രോയുമായി വീട്ടിലെത്തി രണ്ടാഴ്ചയ്ക്കുശേഷം ആദ്യ കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കുടുംബം നടത്തി. ഇപ്പോള്‍ രണ്ടു വയസ്സുള്ള ആസ്‌ട്രോ മാസം തികയാതെ പുറത്തുവന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ചു. ന്യൂയോര്‍ക്ക് ടൈംസ് ആണ് അത്യപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.