ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളിലൊന്നാണ് കുഞ്ഞിന്റെ വരവ്. പിറക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കിൽ കൗതുകം ഇത്തിരി കൂടും. ബോളിവുഡ് താരസുന്ദരിമാർ മുതൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ വരെയുണ്ട് ഒരേ സമയം രണ്ട് കണ്മണികളെ ലഭിച്ചവരിൽ. 

ഇഷ അംബാനിയും ആനന്ദ് പിരമലും
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളായ ഇഷ അംബാനി വ്യവസായിയായ ആനന്ദ് പിരമലിനെയാണ് വിവാഹം കഴിച്ചത്. 2018 ഡിസംബറിലായിരുന്നു വിവാഹം. മൂന്ന് വർഷത്തിന് ശേഷം, 2022 നവംബറിൽ ദമ്പതിമാർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. ആദിയ എന്ന മകളും കൃഷ്ണ എന്ന മകനും. ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനമെന്ന് ഇഷ തുറന്നുപറഞ്ഞിട്ടുണ്ട്.

നയൻതാരയും വിഘ്നേഷ് ശിവനും
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ 2022-ലാണ് വിവാഹം ചെയ്യുന്നത്. നാല് മാസങ്ങൾക്ക് ശേഷം, വാടക ഗർഭപാത്രത്തിലൂടെ ദമ്പതികൾ മാതാപിതാക്കളായി. ഉയിർ, ഉലക് എന്നിങ്ങനെ ഓമനപ്പേരുകളുള്ള ആൺകുട്ടികളുടെ ചിത്രങ്ങൾ ദമ്പതിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

പ്രീതി സിന്റയും ജീൻ ഗുഡിനഫും
ബോളിവുഡിന്റെ പ്രിയതാരം പ്രീതി സിന്റ വിവാഹം ചെയ്തത് ഫിനാൻസ് അലനിസ്റ്റായ ജീൻ ഗുഡിനഫിനെയാണ്. 2016-ലായിരുന്നു വിവാഹം. 2021 നവംബറിൽ വാടക ഗർഭപാത്രത്തിലൂടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും പിറന്നു. ജയ്, ജിയ. സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെക്കുന്നതിന് എതിരാണ് ദമ്പതികൾ.

കരൺവീർ ബോറയും ടീജയ് സന്ധുവും
ടെലിവിഷൻ താരം കരൺവീർ ബോറയും ഭാര്യ ടീജേയ് സന്ധുവും വിവാഹിതരായി പത്തുവർഷത്തിനുശേഷമാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. 2006-ലായിരുന്നു വിവാഹം. 2016 ഒക്ടോബറിൽ ബെല്ല, വിയന്ന എന്നീ പെൺകുട്ടികൾ ജനിച്ചു. കുഞ്ഞുങ്ങളുടെ ചിത്രം ദമ്പതിമാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

റൂബിന ദിലൈക്കും അഭിനവ് ശുക്ലയും
പ്രശസ്ത ടിവി താരങ്ങളായ റൂബിന ദിലൈക്കിനും അഭിനവ് ശുക്ലയ്ക്കും ഇരട്ടക്കുട്ടികളാണ്. 2018 ജൂണിൽ ഷിംലയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2023 അവസാനത്തോടെ പെൺകുഞ്ഞുങ്ങളെ വരവേറ്റു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi