1998-ലാണ് ഷാരൂഖ് ഖാനും മനീഷ കൊയ്രാള ഒന്നിച്ച 'ദില്‍ സേ' എന്ന സിനിമയിറങ്ങിയത്. 26-ാം വാര്‍ഷികമാണ് സിനിമയ്ക്കിത്. ഷാരൂഖ് ഖാന്റെയും മനീഷ കൊയ്രാളയുടെയും അവിസ്മരണീയമായ കെമിസ്ട്രി ചിത്രത്തിന് വലിയ വിജയമുണ്ടാക്കിക്കൊടുത്തു. പക്ഷേ, ഇരുവരും പിന്നീട് മറ്റൊരു സിനിമയില്‍ ഒന്നിച്ചില്ല. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനീഷ കൊയ്രാള അതിന്റെ കാരണം പറഞ്ഞിരിക്കുകയാണ്. 

ദില്‍ സെയ്ക്ക് ശേഷം താനും ഷാരൂഖും 'ഗുഡ്ഡു' എന്നൊരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നെന്നും അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും മനീഷ പറഞ്ഞു. മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയില്‍ ആരുടെ കൂടെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് നായികമാരല്ല, മറിച്ച് നായകന്മാരാണെന്നും.  

കരിയറിന്റെ തുടക്കകാലത്ത് പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍ തന്നോട് ടു പീസ് ബിക്കിനിയില്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെപ്പറ്റിയും നേരത്തേ അവര്‍ തുറന്നുപറഞ്ഞിരുന്നു. 

'പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫറായിരുന്നു അത്. അമ്മയുടെ കൂടെയാണ് പോയത്. അടുത്ത സൂപ്പര്‍സ്റ്റാര്‍ നിങ്ങളാണെന്നൊക്കെ അദ്ദേഹം എന്നോടു പറഞ്ഞു. ശേഷം ഒരു ടു പീസ് ബിക്കിനി കൊണ്ടുവന്ന് അത് ധരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു, 'സാര്‍, ഞാന്‍ ബീച്ചില്‍ പോകുമ്പോഴോ നീന്താന്‍ പോകുമ്പോഴോ ഒക്കെയാണ് ഇത് ധരിക്കാറ്. ഇങ്ങനെയാണ് സിനിമയിലേക്ക് വരാനാവുകയെങ്കില്‍ എനിക്കത് വേണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഞാനിന്നും ഓര്‍ക്കുന്നു. 'കളിമണ്ണ് അലിയാന്‍ തയ്യാറാവുന്നില്ല, പിന്നെ ഞാനെങ്ങനെ അതില്‍ നിന്ന് ശില്പമുണ്ടാക്കും?''-മനീഷ പറഞ്ഞു. 

അക്കാലത്ത് സിനിമാ വ്യവസായത്തില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെക്കുറിച്ചും മനീഷ പരാമര്‍ശിച്ചിരുന്നു. 'അന്നൊക്കെ നായകന്മാര്‍ക്ക് ധാരാളം കാമുകിമാരുണ്ടാകും, പക്ഷേ നടി അങ്ങനെയാവാന്‍ പാടില്ല.നടിമാര്‍ എല്ലാത്തിനോടും ഇല്ല, ഇല്ല, ആരും എന്നെ തൊടുന്നില്ല എന്ന രീതിയിലാവണമെന്നൊരു നിര്‍ബന്ധമായിരുന്നു. എനിക്ക് ഒരു വ്യക്തിജീവിതം ഉള്ളതുകൊണ്ടോ എനിക്ക് ഒരു കാമുകന്‍ ഉള്ളതുകൊണ്ടോ ഞാന്‍ ജീവിതത്തില്‍ പ്രൊഫഷണലല്ലെന്ന് അര്‍ഥമില്ല. നടിമാര്‍ക്കായി വളച്ചൊടിച്ച ഒരു മൂല്യവ്യവസ്ഥയായിരുന്നു അന്ന്'-മനീഷ പറഞ്ഞു.