അമ്മക്കുരങ്ങുകളില്‍ നിന്ന് കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവരും, ശേഷം അവയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകള്‍ ചിത്രീകരിച്ച് കുരങ്ങുപീഡനങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ആവശ്യക്കാര്‍ക്കു വില്‍ക്കും. ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്ന ആഗോളശൃംഖലയുടെ വിവരങ്ങള്‍ പുറത്തുവരുന്നത് 2023-ലെ ബി.ബി.സി. റിപ്പോര്‍ട്ടോടുകൂടിയാണ്. ബി.ബി.സി. ഒരു വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതോടെ കുരങ്ങുവിദ്വേഷം എന്ന പ്രതിഭാസം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി. മനുഷ്യര്‍ക്ക് കുരങ്ങുകളോട് വെറുപ്പ് തോന്നുകയും അവ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ആനന്ദിക്കുകയും ചെയ്യുന്ന മൃഗീയപ്രവണതയാണ് കുരങ്ങുവിദ്വേഷം.
കുരങ്ങുകളെ ലൈംഗികവൈകൃതങ്ങള്‍ക്കിരയാക്കുക, ആയുധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുക, തീയിട്ടുകൊല്ലുക തുടങ്ങിയ ക്രൂരതകള്‍ ചെയ്തിരുന്ന സംഘം തായ്‌ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ വീഡിയോ ചിത്രീകരിച്ചു വിറ്റിരുന്നത് പ്രധാനമായും അമേരിക്കയിലെയും ബ്രിട്ടനിലെയും ആവശ്യക്കാര്‍ക്കും. ടെലഗ്രാം ഗ്രൂപ്പുകളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. ക്രൂരപീഡനങ്ങള്‍ കാണാനായി 150-ഓളം പേരുള്ള ഒട്ടേറെ ഗ്രൂപ്പുകള്‍ സജീവമായിരുന്നു.
ഒരു കുരങ്ങിനെ കിട്ടിയാല്‍ എങ്ങനെ ഏറ്റവും വികൃതമായി പീഡിപ്പിക്കണമെന്ന ആശയം ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്യും. ഓരോരുത്തരും പങ്കിടുന്ന ആശയത്തില്‍ നിന്ന് പണമിറക്കുന്നതിന്റെ അടിസ്ഥാനത്തിലും വോട്ടിങ്ങിലൂടെയുമൊക്കെ ഒരു മാര്‍ഗം തിരഞ്ഞെടുക്കും. ഇന്‍ഡൊനീഷ്യ, തായ്ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കാട്ടില്‍ നിന്ന് സംരക്ഷിതവിഭാഗത്തില്‍ പെട്ട കുരങ്ങുകളെ പിടിച്ചുകൊണ്ടുവന്ന് അവരുടെ നിര്‍ദേശപ്രകാരം ക്രൂരകൃത്യം നടത്തി വീഡിയോ ചിത്രീകരിക്കുന്നത്. തക്കതായ പ്രതിഫലവും ഇവര്‍ക്ക് കിട്ടും. ഹ്രസ്വസിനിമകള്‍ സൃഷ്ടിച്ചും പ്രചരിപ്പിക്കാറുണ്ട്. ഒട്ടേറെ വീഡിയോകള്‍ ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടു.
സംഘത്തിനു പിന്നില്‍
അമേരിക്കന്‍ സ്വദേശിയും 'പീഡന രാജാവ്' എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന മൈക്കല്‍ മക്കാര്‍ട്ട്‌നിയാണ് ഈ സംഘത്തിന്റെ തലവന്‍. 50-കാരനായ ഇയാള്‍ കുരങ്ങുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ ബി.ബി.സി. പുറത്തുവിട്ടിരുന്നു. മക്കാര്‍ട്ട്‌നി നിരവധി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു, അതില്‍ ഭാഗമായവര്‍ കുരങ്ങുകളെ തീയിടാനും ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുരങ്ങുകളും മുതിര്‍ന്ന കുരങ്ങുകളും പീഡനത്തിനും കൊലപാതകത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും ഇരയായി. ഇതില്‍ തന്റെ പങ്ക് മക്കാര്‍ട്ട്‌നി കഴിഞ്ഞ വര്‍ഷം ഏറ്റുപറഞ്ഞു. പിന്നാലെ ഇയാളെ അറസ്റ്റുചെയ്തു. അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. നേരത്തേയും ഇയാള്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പ്രധാനസഹായികളായ ബ്രിട്ടനിലെ രണ്ട് സ്ത്രീകളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബലിദാതാവ് എന്നാണ് വീഡിയോ അപ്ലോഡ് ചെയ്യുന്ന 37-കാരിയായ ബ്രിട്ടിഷ് വനിത ലെഗ്രെസ്ലി അറിയപ്പെട്ടിരുന്നത്. കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്ന് ഇവരെ ആജീവനാന്തം വിലക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ചുമരില്‍ എടുത്തടിച്ച് ചാവാറായ കുരങ്ങിന്റെ വേദന കണ്ട് രസിക്കുന്നതിനെപ്പറ്റി ചിരിച്ചുകൊണ്ടുസംസാരിക്കുന്ന ഇന്‍ഡൊനീഷ്യക്കാരന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്‍ഡൊനീഷ്യയില്‍ കുരങ്ങുകളെ കൊലപ്പെടുത്തിയ രണ്ടുപേര്‍ പിന്നീട് അറസ്റ്റിലായി. ആയിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ബി.ബി.സി.യുടെ കണ്ടെത്തല്‍.
Content Highlights: global monkey torture network charged
Published: 22 Aug 2024, 12:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented