വ്യത്യസ്തത നിറഞ്ഞ വേഷങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്‌സി പന്നു. പരമ്പരാഗത വേഷങ്ങളില്‍ നിന്നുമാറി വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തപ്‌സി പ്രത്യേകം ശ്രദ്ധകൊടുത്തിരുന്നു. പിങ്ക്, തപ്പാഡ് , മുല്‍ക്ക് തുടങ്ങിയ നിരൂപക പ്രശംസനേടിയ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. എ.എന്‍.ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബോളിവുഡിലെ സ്ത്രീ കേന്ദ്രീകൃത സിനിമകളെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ തപ്‌സി പങ്കുവെച്ചു. സ്ത്രീപക്ഷ സിനിമകള്‍ പലപ്പോഴും ബോക്‌സ് ഓഫീസ് വിജയം നേടാന്‍ വെല്ലുവിളികൾ നേരിടാറുണ്ട്. പുരുഷകേന്ദ്രീകൃത സമൂഹം പോലെതന്നെ സിനിമാമേഖലയിലും സ്തീപക്ഷ സിനിമകളെ പുതുമയോടെയാണ് കാണുന്നതെന്നും  താരം വ്യക്തമാക്കി. 

To advertise here,

''സ്ത്രീപക്ഷ സിനിമകളെല്ലാം എല്ലായ് പ്പോഴും ഒരു പുരുഷകേന്ദ്രീകൃത ലെന്‍സിലൂടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ ആ കാലം മാറി, സ്ത്രീപക്ഷ സിനിമകൾ പഴയതുപോലെ സ്ത്രീയുടെ ശൃംഗാരം മാത്രമടങ്ങുന്ന ഒന്നല്ല, മറിച്ച് അവര്‍ക്കും ഹീറോയിസം വഴങ്ങും. എന്നാല്‍ പതിവ് ചട്ടക്കൂടുകളില്‍ നിന്ന് മാറി അത്തരം കഥാപാത്രങ്ങളെ രൂപപ്പെടുത്താൻ ചിലത് വ്യത്യസ്തമായി ചെയ്യേണ്ടതുണ്ട്. നിലവിലെ ചട്ടക്കൂടുകളില്‍ വിള്ളലുകള്‍ സൃഷ്ടിച്ച് പുതിയ വഴിവെട്ടി മുന്നോട്ടുനടക്കണം. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ വിജയിക്കാത്തതിന്റെ മറ്റൊരു കാരണം പ്രേക്ഷകരാണ്. അവര്‍ എപ്പോഴും അവരുടെ പ്രതിനിധിയായ പുരുഷനെയാണ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം നായിക എപ്പോഴും സുന്ദരിയും ശാലീനതയുള്ളവരും ആയിരിക്കണം. വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശക്തമായി സ്ത്രീകഥാപാത്രങ്ങളെ ആരും അംഗീകരിക്കുന്നില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ  ബോക്സ്ഓഫീസ് വിജയത്തിനായി പാടുപെടുന്നതും ഇതുകൊണ്ടുതന്നെയാണ്.

എന്റെ തലമുറയെ കാണിക്കാൻ കഴിയുന്ന ശക്തമായ കഥാപാത്രങ്ങളായിരിക്കണം എന്റേതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും അക്കാര്യമാണ് ശ്രദ്ധിക്കാറുള്ളത്. തപ്പാഡ് പോലുള്ള സിനിമകള്‍ കരിയറില്‍ വ്യക്തമായ സ്ഥാനം നേടിത്തന്നു, അത്തരം കഥാപാത്രങ്ങളില്‍ അഭിമാനിക്കുന്നു.'' തപ്പാഡ്' എന്ന ചിത്രത്തിലെ തന്റെ വേഷം തന്റെ കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും തന്റെ സിനിമകളില്‍ താന്‍ പുലര്‍ത്തുന്ന നീതിയെക്കുറിച്ചും തപ്‌സി വ്യക്തമാക്കി. 

ആടുകളം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തപ്‌സി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സ്വീകാര്യത നേടുകയും നിരവധി ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി തെലുങ്ക് ചിത്രങ്ങളും തപ്‌സിയെത്തേടിയെത്തി. 2015ല്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ബേബി എന്ന ചിത്രമായിരുന്നു ബോളിവുഡില്‍ തപ്സിയുടെ മികച്ച ബ്രേക്ക്. പിങ്ക്,തപ്പാഡ് , മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ തപ്‌സി കൂടുതല്‍ പ്രശംസ പിടിച്ചുപറ്റി. 

മുദാസര്‍ അസീസ് സംവിധാനം ചെയ്ത മള്‍ട്ടി-സ്റ്റാര്‍ ചിത്രമായ ഖേല്‍ ഖേല്‍ മേയാണ് തപ്സിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ അക്ഷയ് കുമാര്‍, അമ്മി വിര്‍ക്ക്, ആദിത്യ സീല്‍, പ്രഗ്യാ ജയ്സ്വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു, ചിത്രാംഗദ സിങ് അതിഥി വേഷത്തില്‍ എത്തുന്നു.