ഒന്നര വര്‍ഷത്തോളം നടന്‍ അജിത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോൾ തനിക്ക് അദ്ദേഹത്തോട് ഒരു ക്രഷ് തോന്നിയിരുന്നുവെന്ന് വെളിപ്പെടുത്തി നടി മഹേശ്വരി. അന്തരിച്ച നടി ശ്രീദേവിയുടെ മരുമകളും നടിയുമാണ് ഇവര്‍. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് സമാനമായൊരു പ്രതികരണം ഉണ്ടാകാത്തത് തന്നെ നിരാശപ്പെടുത്തിയെന്നും അവര്‍ വെളിപ്പെടുത്തി.

ജഗപതി ബാബു അവതാരകനായ സീ ഫൈവ് ഷോയില്‍ മീനയ്ക്കും സിമ്രാനുമൊപ്പം അതിഥിയായി എത്തിയതായിരുന്നു താരം. സഹതാരങ്ങളില്‍ ആരോടെങ്കിലും എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് ജഗപതി ചോദിച്ചപ്പോഴാണ് താരം ഉള്ളിലുണ്ടായിരുന്നത് തുറന്നു പറഞ്ഞത്.

'അക്കാലത്ത് എന്റെ ക്രഷ് അജിത് കുമാര്‍ ആയിരുന്നു. ഒരു ക്രഷിനെക്കാള്‍, ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. അതിനെക്കുറിച്ച് ഒരു സങ്കടകരമായ കഥ ഞാന്‍ പറയാം. ഞങ്ങള്‍ ഒരുമിച്ച് രണ്ട് സിനിമകളില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചതുകൊണ്ടാണ് എനിക്ക് ഇഷ്ടം തോന്നിയത്. ചില കാലതാമസങ്ങള്‍ കാരണം, ഞങ്ങള്‍ ഏകദേശം ഒന്നര വര്‍ഷത്തോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു.' മഹേശ്വരി പറഞ്ഞു.

മഹേശ്വരിയും അജിത്തും 1997-ല്‍ പുറത്തിറങ്ങിയ 'ഉല്ലാസം', 'നേശം' എന്നീ തമിഴ് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഷൂട്ടിങ്ങിന്റെ അവസാന ദിവസം ഇനി അദ്ദേഹത്തെ കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടിരുന്നു. അപ്പോള്‍ അദ്ദേഹം എന്റെയടുത്ത് വന്നിട്ട് പറഞ്ഞു, 'മഹീ, നീ എന്റെ അനിയത്തിയെ പോലെയാണ്. എന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയാന്‍ മടിക്കരുത്.' അതിന് ശേഷം എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍ത്താന്‍ വേണ്ടി ഞങ്ങള്‍ക്കിടയില്‍ ഒന്നും തുടങ്ങിയിട്ടുണ്ടായിരുന്നില്ലല്ലോ,' എന്ന് മഹേശ്വരി പറഞ്ഞപ്പോള്‍ മീനയും ജഗപതിയും പൊട്ടിച്ചിരിച്ചു. 

1994-ല്‍, തന്റെ 17-ാം വയസ്സില്‍ 'കറുത്തമ്മ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് മഹേശ്വരി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 1995-ല്‍ പുറത്തിറങ്ങിയ 'ഗുലാബി' എന്ന തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിലൂടെ അവര്‍ പ്രശസ്തയായി. 1990-കളില്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ച അവരുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങള്‍ ജെ.ഡി ചക്രവര്‍ത്തിക്കൊപ്പമുള്ളവയായിരുന്നു. 2000-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'തിരുമല തിരുപ്പതി വെങ്കിടേശ'യാണ് അവരുടെ അവസാന ചിത്രം.

2008-ല്‍ ഇവര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ജയകൃഷ്ണയെ വിവാഹം ചെയ്തു. അതേ വര്‍ഷം തന്നെയാണ് ടെലിവിഷന്‍ ഷോകളിലേക്ക് കടന്നുവന്നതും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi