1989-ൽ പുറത്തിറങ്ങിയ ‘കിരീടം’, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മായാത്ത അടയാളമാണ്. കാലം എത്ര മുന്നോട്ടുപോയാലും സേതുമാധവന്റെയും അച്യുതൻ നായരുടെയും ജീവിതനൊമ്പരം എന്നും പ്രേക്ഷകരുടെ മനസ്സിൽ അതേ തീവ്രതയോടെ നിലനിൽക്കും. 37 വർഷങ്ങൾക്കുശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ, 'സേതുമാധവന്റെ പെങ്ങൾ' എന്ന പേരിൽ ഇന്നും പ്രേക്ഷകർ ഓർക്കുന്ന നടി ഉഷ, ആ സിനിമ സമ്മാനിച്ച ജീവിതാനുഭവങ്ങളും ഓർമകളും ഗൃഹലക്ഷ്മി ഓൺലൈനുമായി പങ്കുവെക്കുകയാണ്...

“എന്റെ ആറാമത്തെ സിനിമയായിരുന്നു കിരീടം. സിനിമയുടെ തിരക്കുകളിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങുന്ന കാലം. മൂന്ന് നാല് സിനിമകളുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് അന്ന് നടക്കുകയാണ്. ആ സമയത്ത് പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖണ്ണനാണ് എന്നെ കിരീടത്തിലേക്ക് വിളിക്കുന്നത്. എന്റെ വാപ്പയാണ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നത്. എനിക്ക് സിനിമയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. സിബി സാർ സംവിധാനം ചെയ്യുന്നു, മോഹൻലാലാണ് നായകൻ, അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷമാണ്...ഇത്രമാത്രം അറിയാം. കാലടി ജയന്റെ വീടായിരുന്നു ലൊക്കേഷൻ.

ഷൂട്ടിങ്ങിന്റെ ആദ്യദിവസം ലൊക്കേഷനിൽ ചെല്ലുമ്പോൾ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു. പുതുമുഖമാണ്, ആരെയും പരിചയമില്ല. സിബി സാർ, ക്യാമറാമാൻ സുകുമാർ സാർ... അവർക്കൊപ്പമൊന്നും ഞാൻ മുമ്പ് ജോലി ചെയ്തിട്ടില്ല. ലാലേട്ടനും തിലകൻ ചേട്ടനും ഞാനുമുള്ള ഒരു സീനാണ് ആദ്യം അഭിനയിക്കാൻ തന്നത്. സിനിമയുടെ തുടക്കത്തിൽ ലാലേട്ടൻ തലകുത്തിനിന്ന് വ്യായാമം ചെയ്യുമ്പോൾ ജനലിനുള്ളിലൂടെ 'ചേട്ടാ... ചേട്ടാ...' എന്ന് വിളിക്കുന്ന സീനായിരുന്നു അത്. ആ സമയത്ത് ജനലിന്റെ ഇരുവശത്തുമായി ലാലേട്ടനും ഞാനും നിന്നപ്പോൾ സിബി സാർ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
“ലാൽ, ഇത് ഉഷ...”
“ആ, എനിക്കറിയാം... ഇത് എത്രാമത്തെ സിനിമയാണ്?” എന്ന് ലാലേട്ടൻ ചോദിച്ചു. ആറാമത്തേതാണെന്ന് ഞാൻ മറുപടി നൽകി. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്.

തിലകൻ ചേട്ടനെയും ജഗദീഷേട്ടനെയും നേരത്തെ അറിയാമായിരുന്നു. 'കണ്ടതും കേട്ടതും' എന്ന സിനിമയിൽ ഞങ്ങളൊന്നിച്ച് അഭിനയിച്ചിരുന്നു. കവിയൂർ പൊന്നമ്മ ചേച്ചിയെ ആദ്യമായിട്ട് അന്നാണ് കാണുന്നത്. പാർവതിയെ മുമ്പും കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരു ഗുരുവിന്റെ കീഴിലാണ് നൃത്തം പഠിച്ചിരുന്നത്. മാവേലിക്കര കലാലയം നാരായണൻകുട്ടി മാഷിന്റെ ശിഷ്യകളായിരുന്നു ഞങ്ങൾ. അതുകൊണ്ടുതന്നെ പാർവതിയോട് ഒരു പ്രത്യേക അടുപ്പവും എനിക്കുണ്ടായിരുന്നു. അന്നത്തെ തിരക്കേറിയ നായികയായിരുന്നു പാർവതി. ഞാനോ, സിനിമയിലെ തുടക്കക്കാരി. കൂടെയുള്ളവരെല്ലാം താരങ്ങളാണ്. എത്രയോ സിനിമകളിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആളുകൾക്കൊപ്പം അഭിനയിക്കുകയാണല്ലോ എന്നോർത്ത് വലിയ സന്തോഷമായിരുന്നു. പേടിയേക്കാൾ അത്ഭുതമായിരുന്നു മനസ്സിൽ. ഞാനൊരു തുടക്കക്കാരി ആയതുകൊണ്ടുതന്നെ എല്ലാവരും കരുതലോടെ, നല്ല പിന്തുണയും സ്‌നേഹവും തന്നു.

സിബി സാർ പറഞ്ഞുതരുന്നതുപോലെ ഞാൻ അഭിനയിക്കുകയായിരുന്നു. ഞങ്ങൾ ആലപ്പുഴക്കാരാണല്ലോ. അദ്ദേഹത്തിന്റെ മലയിൽ കുടുംബത്തെ എന്റെ വാപ്പയ്ക്ക് അറിയാം. വലിയ ബഹളമൊന്നും വയ്ക്കാത്ത ശാന്തനായ സംവിധായകനാണ് അദ്ദേഹം. സീനുകളെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിശദമായി പറഞ്ഞുതന്നിരുന്നത് ലോഹിതദാസ് സാറായിരുന്നു. അദ്ദേഹം മുഴുവൻ സമയവും സെറ്റിലുണ്ടാകും. അപ്പോഴും സിനിമയുടെ മുഴുവൻ കഥ എനിക്ക് അറിയില്ലായിരുന്നു. ഞാൻ അഭിനയിക്കുന്ന ഭാഗങ്ങളും വീടുമാറ്റവും പാർവതിയുടെ വിവാഹവുമൊക്കെയാണ് അറിയാമായിരുന്നത്. ക്ലൈമാക്‌സ് ഉൾപ്പെടെയുള്ള കഥ തിയേറ്ററിലിരുന്ന് കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത്. അവസാന രംഗങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയി.

ഈയിടെ സിനിമയുടെ റീറിലീസ് ട്രെയിലർ ലോഞ്ചിന് പോയപ്പോഴും ഞാൻ ഞെട്ടി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൗണ്ട് ഡിസൈനും കളർ കറക്ഷനും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 'കണ്ണീർപ്പൂവിന്റെ...' എന്ന പാട്ടിന്റെ ചെറിയൊരു ഭാഗം മാത്രം കണ്ടിട്ടുപോലും കണ്ണ് നിറഞ്ഞുപോയി. സിനിമ റീറിലീസ് ചെയ്യുന്നുവെന്നറിഞ്ഞപ്പോഴേ വലിയ സന്തോഷമായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം കിരീടം എന്റെ ഐഡന്റിറ്റി കൂടിയാണ്. 'കിരീടം ഉഷ', 'സേതുമാധവന്റെ പെങ്ങൾ' എന്ന പേരിലാണ് ഇന്നും പ്രേക്ഷകർ എന്നെ ഓർക്കുന്നത്. മറ്റൊരു സിനിമയുടെ പേരും അത്ര ശക്തമായി എനിക്കൊപ്പം ചേർന്നിട്ടില്ല. കിരീടത്തിന്റെയും അതിന്റെ രണ്ടാംഭാഗമായ ചെങ്കോലിന്റെയും പേരിലാണ് ഞാൻ ഇന്നും അറിയപ്പെടുന്നത്. ഏത് വേദിയിലും 'സേതുമാധവന്റെ പെങ്ങൾ' എന്ന് പരിചയപ്പെടുത്തുമ്പോൾ ഇന്നും അഭിമാനം തോന്നും.

37 വർഷങ്ങൾക്കുശേഷം സിനിമ 4K രൂപത്തിൽ വീണ്ടും തിയേറ്ററിലെത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. സിബി സാർ വിളിച്ച് കാര്യം പറഞ്ഞപ്പോൾ വലിയ സന്തോഷമായി. ഞങ്ങൾക്കൊരു ഗ്രൂപ്പുണ്ട്. അതിൽ ഓരോരുത്തരും സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അറിയാതെ ആ കാലത്തേക്ക് തിരിച്ചുപോകും.

ട്രെയിലർ ലോഞ്ചിന് ചെന്നപ്പോൾ തിലകൻ ചേട്ടനില്ല... പൊന്നമ്മ ചേച്ചിയില്ല... പിന്നെയും ഒരുപാട് പേരെ ഞാൻ അവിടെ തിരഞ്ഞു. ഇന്ന് അവർ നമ്മോടൊപ്പമില്ലെന്ന ഓർമ്മ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വീഡിയോ വാളിൽ അവരുടെ ചിത്രങ്ങൾ കണ്ടപ്പോൾ നെഞ്ചുപൊട്ടുന്ന വേദനയായിരുന്നു.

ഇന്നത്തെ തലമുറയേക്കാൾ ഈ സിനിമ പുതിയ രൂപത്തിൽ കാണാൻ ആഗ്രഹിച്ചത് ശരിക്കും ഞങ്ങൾ തന്നെയായിരിക്കും. പഴയ സിനിമ പുതിയ സാങ്കേതിക മികവോടെ, അന്നത്തെ ചെറുപ്പക്കാരായിരുന്ന ഞങ്ങളെ വീണ്ടും കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണണമെന്നാണ് ആഗ്രഹം.

മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ കിരീടം ഇന്നത്തെ തലമുറ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ്. ഒരു പാഠപുസ്തകമാണ് കിരീടം. അതും തിയേറ്ററിൽനിന്ന് തന്നെ കാണണം. സിബി മലയിൽ എന്ന സംവിധായകനും ലോഹിതദാസ് എന്ന എഴുത്തുകാരനും തിലകൻ ചേട്ടനും ലാലേട്ടനുമൊക്കെ ചേർന്ന് എന്താണ് സൃഷ്ടിച്ചുവച്ചിരിക്കുന്നതെന്ന് പുതുതലമുറ നേരിൽ കാണട്ടെ. ഇത് ശരിക്കും അഭിമാന നിമിഷമാണ്.

എന്റെ വാപ്പ പോലീസുകാരനായിരുന്നു. കിരീടത്തിൽ തിലകൻ ചേട്ടനും പോലീസാണ്. പോലീസ് വേഷത്തിൽ വാപ്പിയും തിലകൻ ചേട്ടനും നിൽക്കുമ്പോൾ അതിനിടയിൽ കയറിനിൽക്കുന്ന എന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതൊന്നും കാണാനില്ല. ആ ചിത്രം അന്ന് വലിയ ചർച്ചയായിരുന്നു. സിനിമാമാസികകളിലൊക്കെ അതിനെക്കുറിച്ച് ലേഖനങ്ങളും അഭിമുഖങ്ങളും വന്നിരുന്നു.

കിരീടത്തിൽ എനിക്ക് വൈകാരിക മുഹൂർത്തങ്ങൾ കുറവായിരുന്നു. ‘ചെങ്കോലി’ലാണ് അഭിനയിക്കാൻ കൂടുതൽ വൈകാരികമായ രംഗങ്ങൾ ലഭിച്ചത്. കഥാപാത്രത്തിന്റെ കരുത്തും ആഴവും അവിടെയാണ് കൂടുതൽ പ്രകടമായത്. കിരീടത്തിൽ അഭിനയിച്ചതുകൊണ്ടാണ് ചെങ്കോലിലേക്കും ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. അതെല്ലാം ഭാഗ്യമായാണ് ഞാൻ കാണുന്നത്.

'സേതുമാധവന്റെ പെങ്ങൾ' എന്ന സ്നേഹവിളി ഇന്നും എനിക്കൊപ്പമുണ്ട്. പല സ്ഥലങ്ങളിലും ഷൂട്ടിങ്ങിന് ചെല്ലുമ്പോൾ, 'എടാ... ഇത് കിരീടത്തിലെ മോഹൻലാലിന്റെ പെങ്ങളാടാ...' എന്ന് ആളുകൾ പറയുമായിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത് തമ്പാനൂരിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ സെക്കൻഡ് ഷോയ്ക്ക് സിനിമ കാണാൻ പോയി. തിരിച്ച് നടക്കുമ്പോൾ കുറച്ച് ചെറുപ്പക്കാർ കമന്റടിച്ചു. വാപ്പി അവരുടെ നേർക്ക് തിരിഞ്ഞപ്പോഴേക്കും മറ്റൊരു കൂട്ടം ചെറുപ്പക്കാർ അവിടേക്ക് വന്നു. 'എടാ... ഇത് നമ്മുടെ സേതുമാധവന്റെ പെങ്ങളാടാ...' ലാലേട്ടന്റെ പെങ്ങളാണെന്ന് പറഞ്ഞ് അവർ മറ്റുള്ളവരെ ശകാരിക്കുകയും അടിക്കാൻ വരെ പോകുകയും ചെയ്തു. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്ക് ഒരുപാടുണ്ട്.

കിരീടത്തിനും ചെങ്കോലിനും ശേഷം എന്റെ കരിയറിൽ വലിയ ഉയർച്ചയായിരുന്നു. അതിനുശേഷം വന്ന സിനിമകളിൽ സഹോദരീ വേഷങ്ങൾ ഒരുപാട് ചെയ്തു. അക്കാലത്ത് പെങ്ങൾ വേഷങ്ങൾക്ക് ആദ്യം പരിഗണിച്ചിരുന്ന നടിമാരിൽ ഒരാളായി ഞാനും മാറി.

ഇന്ന് കിരീടം വീണ്ടും തിയേറ്ററിലേക്ക് മടങ്ങിവരുമ്പോൾ, ഞങ്ങൾ ചെയ്ത ഒരു സിനിമയെ കാണാനല്ല ഞാൻ പോകുന്നത്. ഞങ്ങളുടെ യൗവനത്തെയും ഓർമകളെയും, ഇന്ന് നമ്മോടൊപ്പമില്ലാത്ത പ്രിയപ്പെട്ട മനുഷ്യരെയും വീണ്ടും ഒരിക്കൽ കൂടി കാണാനാണ്. അതുകൊണ്ടുതന്നെ ഈ റീ റിലീസ് എനിക്ക് ഒരു സിനിമയുടെ തിരിച്ചുവരവല്ല; ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടത്തിന്റെ തിരിച്ചുവരവാണ്.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi