ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ വീണ്ടും വിവാഹജീവിതത്തിലേക്ക് കടന്നു. തൻ്റെ ഏറെനാളത്തെ കാമുകിയായ ഗൗരി സ്പ്രാറ്റിനെ കഴിഞ്ഞദിവസമാണ് അദ്ദേഹം വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലുള്ള ആമിറിൻ്റെ വസതിയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം (Aamir Khan marriage). എന്നാൽ, അതിന് എത്രയോ വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ് ഇവരുടെ ബന്ധം.

ആദ്യ കൂടിക്കാഴ്ച
ഏകദേശം 25 വർഷങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ വെച്ചാണ് ആമിർ ഖാനും ഗൗരി സ്പ്രാറ്റും ആദ്യമായി പരിചയപ്പെടുന്നത്. 25 വർഷത്തെ അടുപ്പമാണത്രെ ഇരുവരും തമ്മിലുള്ളത്. അന്നൊരു സലൂൺ ഗ്രൂപ്പിലായിരുന്നു ഗൗരി ജോലി ചെയ്തിരുന്നത്. പിന്നീട് ജീവിതം അവരെ രണ്ട് വഴികളിലേക്ക് നയിക്കുകയും അവർ തമ്മിലുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെടുകയുമായിരുന്നു. 2023 പകുതിയോടെ ആമിറിൻ്റെ കുടുംബാംഗങ്ങളിൽ ഒരാൾ വഴിയാണ് ഇരുവരും വീണ്ടും പരസ്പരം ബന്ധപ്പെടുന്നത്. 2024-ൽ വീണ്ടും കണ്ടുമുട്ടുകയും അവർ പ്രണയത്തിലാവുകയുമായിരുന്നു. തൻ്റെ ജന്മദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തങ്ങൾ അവിചാരിതമായി വീണ്ടും കണ്ടുമുട്ടുകയായിരുന്നുവെന്നും പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നും ആമിർ വെളിപ്പെടുത്തിയിരുന്നു.

"ഞങ്ങൾ അവിചാരിതമായി കണ്ടുമുട്ടി, പരസ്പരം ബന്ധം തുടർന്നു. ഒടുവിൽ തികച്ചും സ്വാഭാവികമായി കാര്യങ്ങൾ പ്രണയത്തിലെത്തി ചേർന്നു"- ആമിർ ഖാൻ. വീണ്ടും ഒന്നിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. തങ്ങൾ ഏതാണ്ട് 18 മാസത്തോളമായി പ്രണയത്തിലായിരുന്നുവെന്നും, 2025-ലാണ് ഇത് പരസ്യമാക്കാൻ തീരുമാനിച്ചതെന്നും ആമിർ പിന്നീട് പറയുകയുണ്ടായി.

പ്രണയം പരസ്യമാക്കുന്നു
തൻ്റെ അറുപതാം ജന്മദിനാഘോഷങ്ങളുടെ തലേന്നാണ് ആമിർ ഖാൻ ആദ്യമായി ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഇതിന് പിന്നാലെ പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങി. തൻ്റെ മക്കളും മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമെല്ലാം ഈ ബന്ധത്തെ പൂർണ്ണ മനസ്സോടെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആമിർ വ്യക്തമാക്കിയിരുന്നു. ഗൗരിക്ക് ആമിറിൻ്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ബംഗളൂരു സ്വദേശിയായ ഗൗരിക്ക് ഒരു കുഞ്ഞുണ്ട്. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണവർ. 

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 100 മുതൽ 150 വരെ ആളുകൾ മാത്രമാണ് ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തത്. 'ഇന്ത്യ ടുഡേ' റിപ്പോർട്ട് പ്രകാരം, സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ആമിറും ഗൗരിയും തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട വിഭവങ്ങളാണ് വിവാഹ മെനുവിനായി തിരഞ്ഞെടുത്തിരുന്നത്. ഇതിൻ്റെ മേൽനോട്ടം അവർ നേരിട്ടാണ് നിർവ്വഹിച്ചത്.

ആമിറിൻ്റെ മക്കളും കുടുംബവും കൂടാതെ അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായ പ്രശസ്ത സംവിധായകർ അശുതോഷ് ഗോവാരിക്കർ, രാജ്കുമാർ സന്തോഷി എന്നിവരും വിവാഹത്തിൽ പങ്കെടുത്തതായാണ് സൂചന. ആമിറിന്റെ മൂന്നാം വിവാഹമാണിത്. ഈ ദമ്പതികൾക്ക് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi