കോളേജ് കാലത്താണ് മധുവിനെ തേടി സിനിമ എത്തുന്നത്. ഹേമമാലിനിയുടെ കുടുംബത്തിലെ അംഗം, നിർമാതാവായ അച്ഛൻ, ഭരതനാട്യം നർത്തകിയായ അമ്മ സിനിമയുടെ വെള്ളിവെളിച്ചത്തിനൊപ്പംതന്നെയായിരുന്നു മധുവിന്റെ കുട്ടിക്കാലം. അച്ഛന്റെ സുഹൃത്തായ സംവിധായകനിൽനിന്നായിരുന്നു സിനിമയിലേക്കുള്ള ആദ്യക്ഷണം, അദ്ദേഹമൊരുക്കുന്ന പുതിയ ചിത്രത്തിൽ നായികയുടെ വേഷം. സന്തോഷത്തോടെ ആ ഓഫർ സ്വീകരിച്ചു. ഫോട്ടോഷൂട്ടെല്ലാം കഴിഞ്ഞ്, ചിത്രീകരണം തുടങ്ങി മൂന്നാംനാൾ മധുവിനെ സിനിമയിൽനിന്ന് ഒഴിവാക്കി. ''ഇവൾക്ക് അഭിനയിക്കാൻ അറിയില്ല,'' സംവിധായകന്റെ കമന്റ് കുറച്ചൊന്നുമല്ല അന്ന് മനസ്സിനെ തളർത്തിയത്.

സിനിമാപാരമ്പര്യവും കലാപരമായ കഴിവുകളും-ചുറ്റുപാടുകളുമുണ്ടായിരുന്നിട്ടും തിരസ്‌കരിക്കപ്പെട്ടുവെന്ന സത്യം ആഴത്തിൽ മുറിവേൽപ്പിച്ചതായി മധുതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ''പിൻതള്ളപ്പെട്ടവളുടെ ആത്മസംഘർഷവും അപമാനവും പറഞ്ഞറിയിക്കാൻപറ്റുന്നതിലും അപ്പുറത്തായിരുന്നു. കോളേജിൽ എല്ലാവരോടും സിനിമയിൽ അഭിനയിക്കാൻപോകുന്നതായി പറഞ്ഞിറങ്ങിയിട്ട് ഒന്നുമാകാതെ തിരിച്ചുവരേണ്ടിവന്ന അവസ്ഥ, വലിയ നാണക്കേടായി. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില നിരാശകളും അപമാനങ്ങളുമാണ് പിന്നീടങ്ങോട്ടുള്ള നമ്മെ കരുത്തരാക്കുകയെന്ന് ഇന്നെനിക്കറിയാം...''

സിനിമയെ താൻ അത്രമേൽ മോഹിച്ചിരുന്നെന്ന് മധു സ്വയം തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. പിൻവാങ്ങിയാൽ ലഭിക്കുന്നതല്ല വിജയമെന്ന്, പതിമ്മൂന്നാംവയസ്സിൽ അമ്മ നഷ്ടപ്പെട്ടവളെ അച്ഛൻ പഠിപ്പിച്ചിരുന്നു. വീണ്ടും മത്സരിക്കാനിറങ്ങുന്നവർക്കുള്ളതാണ് ജയമെന്ന വാചകം അവൾ ഒരിക്കൽക്കൂടി കേട്ടു. ഇറക്കിവിട്ട സിനിമാ സെറ്റിലേക്ക് തലയുയർത്തി തിരിച്ചുകയറുമെന്ന് ഉറപ്പിച്ചു. കോളേജുപഠനത്തിനൊപ്പം നടിയാകാനുള്ള പരിശ്രമങ്ങളും തുടങ്ങി. റോഷൻതനേജയുടെ ആക്റ്റിങ് സ്‌കൂളിൽ ചേർന്നു. നൃത്തം അഭ്യസിച്ചു. ഓരോ നിമിഷവും മനസ്സിലെ ആഗ്രഹത്തെ സ്വയം ജ്വലിപ്പിച്ചുകൊണ്ടിരുന്നു.

placeholder
ചിന്ന ചിന്ന ആസൈയിൽ മധൂ, ഇന്ദ്രൻസ് എന്നിവർ

ആദ്യസിനിമയിൽനിന്ന് പുറന്തള്ളപ്പെട്ടെങ്കിലും അന്നത്തെ ഫോട്ടോഷൂട്ടുകൾ ചില മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു. 'ആസ്പയറിങ് ആക്റ്റർ' എന്ന തലക്കെട്ടോടെ എത്തിയ ചിത്രങ്ങൾ കൂടുതൽ സിനിമാക്കാരിലേക്കെത്തി. അടുത്ത സിനിമയ്ക്കായി പുതുമുഖത്തെ തേടിയിരുന്ന സംവിധായകൻ കെ. ബാലചന്ദർ ഹേമമാലിനിയുടെ കുടുംബത്തിലെ ഇളമുറക്കാരിയെത്തേടി വന്നു. ക്രിക്കറ്റ്മൈതാനത്ത് വിയർത്തുകുളിച്ചുനിന്ന ഒരു വൈകുന്നേരം ഹേമമാലിനിയുടെ അമ്മ, മധുവിനെ കൈപിടിച്ച് കൊണ്ടുപോയി സംവിധായകൻ ബാലചന്ദറിന് പരിചയപ്പെടുത്തി. ക്രിക്കറ്റ്കളിയുടെ ക്ഷീണം മാറാതെ അതേ കോസ്റ്റ്യൂമിൽ തന്നെ കാണാനെത്തിയ ആ പെൺകുട്ടിയിൽ ബാലചന്ദർ തന്റെ കഥാപാത്രത്തെ കണ്ടു. മധുവിനെ അടുത്ത സിനിമയിലെ നായികയായി ഉറപ്പിച്ചു. മധുവെന്ന പേര് മധുബാലയെന്ന് അദ്ദേഹം തിരുത്തിയെഴുതി. 'അഴകൻ' പിറന്നു. മമ്മൂട്ടിയുടെ നായികയായി മധുബാല സിനിമയിലേക്ക് അരങ്ങേറ്റംകുറിച്ചു.

''അഴകനിൽ മമ്മൂക്കയ്ക്കൊപ്പമുള്ള ആദ്യദിനം ഇന്നും ഓർമ്മയിലുണ്ട്. ചെറിയ കുട്ടിയുടെ വസ്ത്രധാരണത്തോടെയാണ് ഞാൻ സെറ്റിലെത്തിയത്. എന്നെ കണ്ടതും അതിശയത്തോടെ മമ്മൂക്ക സംവിധായകനോട് ചോദിച്ചത്, ഈ പതിനഞ്ചുവയസ്സുള്ള കുട്ടിയാണോ എന്റെ നായിക എന്നാണ്. അവരുടെ സംഭാഷണത്തിലേക്ക് ഇടിച്ചുകയറി 'പതിനഞ്ചല്ല സാർ, ഇരുപതുവയസ്സായെന്ന്' ഞാൻ പറഞ്ഞു. മമ്മൂക്കയുൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അതുകേട്ട് ചിരിച്ചു.''

തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും അജയ് ദേവഗണിന്റെ കന്നിച്ചിത്രം 'ഫൂൽ ഔർ കാണ്ഡ'യും മലയാളത്തിലെ 'ഒറ്റയാൾപട്ടാള'വുമെല്ലാം ഏതാണ്ട് അഴകനൊപ്പംതന്നെയാണ് പ്രദർശനത്തിനെത്തിയത്. തൊട്ടടുത്തവർഷമിറങ്ങിയ മണിരത്നത്തിന്റെ 'റോജ'യിലൂടെ മധുബാലയുടെ താരമൂല്യമുയർന്നു. സമാനതകളില്ലാത്ത സ്വീകാര്യതയാണ് സിനിമയും കഥാപാത്രവും സ്വന്തമാക്കിയത്. പലകാലം കടന്ന് പലഭാഷകൾ മറിഞ്ഞ് അവർ വീണ്ടുമെത്തുമ്പോഴും റോജയുടെ അലകൾ വിട്ടുപോകുന്നില്ല. ഇടവേളയ്ക്കുശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയുടെ പേര് 'ചിന്ന ചിന്ന ആസൈ...'

മധുബാലയുടെ സിനിമായാത്ര വിശദീകരിക്കുന്ന അഭിമുഖം ജൂലായ് ലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം.
ഓൺലൈൻ വഴിവാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi