ബോളിവുഡിലെ ഏറ്റവും പ്രമുഖ താരങ്ങളിലൊരാളായിട്ടും സിനിമാ ലോകവുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ലെന്ന് പറയുകയാണ് കങ്കണാ റണാവത്ത്. വരാനിരിക്കുന്ന ചിത്രം 'ഭാരത് ഭാഗ്യ വിധാതാ'യെക്കുറിച്ച് ഇൻഡസ്ട്രിയിൽ നിന്ന് എന്തെങ്കിലും പ്രതികരണങ്ങൾ കിട്ടിയോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. "സിനിമാരംഗത്തുള്ളവർ എനിക്ക് മെസ്സേജ് അയക്കാറില്ല" എന്നാണ് കങ്കണ പറഞ്ഞത്. നടൻ രൺവീർ സിങ്ങിനു നേരെ വന്ന വിലക്കുകളും വിവാദങ്ങളുമായി ബന്ധപ്പെട്ട് കങ്കണ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണിത്. സ്വന്തം അനുഭവവുമായി ചേർത്തുവെച്ച് "നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ, എന്നെ എല്ലാവരും വിലക്കിയിരിക്കുന്നു (banned)" എന്നാണ് നടി പ്രതികരിച്ചത്. 

To advertise here,

വിജയത്തിന്റെ വില പലപ്പോഴും വിമർശനങ്ങളും എതിർപ്പുകളുമാണെന്ന് നടി കൂട്ടിച്ചേർത്തു. "എൻ്റെ നില മെച്ചപ്പെടുമ്പോൾ ശത്രുക്കളും വർധിക്കുമെന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. നിങ്ങളുടെ നില മെച്ചപ്പെട്ടിട്ടും ശത്രുക്കൾ വർധിക്കാതിരിക്കാൻ സാധ്യതയില്ല." അവർ പറഞ്ഞു.

തൻ്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവിനെക്കുറിച്ചും 39 കാരിയായ നടി പറഞ്ഞു. "എൻ്റെ മാതാപിതാക്കൾ പദ്ധതിയിട്ട വഴിയിലൂടെ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ച നിമിഷം, അത് ഏറ്റവും ദുർബലമായ സമയമായിരുന്നു, എന്നാൽ ഞാൻ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതായിരുന്നു," അവർ പറഞ്ഞു.

അക്കാലത്ത് നടി വലിയ അനിശ്ചിതത്വവും നേരിട്ടു. "എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഒരു സഹായവും ഉണ്ടായിരുന്നില്ല. വളരെ ചെറുപ്പമായിരുന്നു. നല്ലൊരു ജോലി കിട്ടാനോ സ്വയം സംരക്ഷിക്കാനോ ഉള്ള വിദ്യാഭ്യാസം പോലുമില്ലായിരുന്നു. ആരെയും പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനിറങ്ങി നടന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള വഴികളാണ് താൻ നിരന്തരം തിരഞ്ഞെടുത്തത്. എപ്പോഴും ഓരോന്നും നിർമിച്ചെടുക്കുന്നതിൽ തിരക്കിലായിരുന്നു. നിർമ്മാതാവ്, എഴുത്തുകാരി, രാഷ്ട്രീയക്കാരി എന്ന നിലയിൽ കൂടുതൽ കൂടുതൽ റോളുകൾ ഏറ്റെടുത്തു. എൻ്റെ കഴിവുകൾക്കും ശേഷിക്കും അപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. പരമാവധി സമ്മർദ്ദം ഏറ്റെടുക്കലായിരുന്നു എൻ്റെ ജീവിതം. ഞാൻ പരമാവധി സമ്മർദ്ദം ഏറ്റെടുക്കുന്ന വ്യക്തിയായി മാറിയതിൽ അതിശയമില്ല."

ഒരു കലാകാരൻ്റെ മൂല്യം വെറും സംഖ്യകളാൽ അളക്കാൻ കഴിയില്ലെങ്കിലും, ബോക്സ് ഓഫീസ് പ്രകടനം വളരെ നിർണ്ണായകമാണെന്നും കങ്കണ പറയുന്നു. സിനിമകൾ വിജയിക്കണം. സിനിമകൾ വിജയിക്കുന്നിടത്തോളം കാലം അവ നിർമ്മിക്കപ്പെടും. ഒരു സിനിമയുടെ വിജയം ഇൻഡസ്ട്രിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. എന്നാൽ, ഒരു നടൻ്റെ മൂല്യം ടിക്കറ്റ് വിൽപ്പനയ്ക്കപ്പുറം നീളുന്നു. ഒരുപക്ഷേ സാമ്പത്തികമായി, ബോക്സ് ഓഫീസ് നമ്പറുകൾ ഒരു നടൻ്റെ മൂല്യം നിർവചിക്കുന്നുണ്ടാവാമെന്നും അവർ പറഞ്ഞു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi