ഈയാഴ്ചയിലെ കഥയിലെ നായികമാരിൽ അതിഥിയായി എത്തുന്നത് 1980-കളിൽ ബോളിവുഡ്ഡിലെ താരലാവണ്യമായിരുന്ന കാജൽ കിരണാണ്. 1977-ൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത 'ഹം കിസീസെ കം നഹി'യിലൂടെ അന്നത്തെ സൂപ്പർ താരമായിരുന്ന റിഷി കപൂറിന്റെ നായികയായിട്ടാണ് കാജൽ കിരൺ വെള്ളിത്തിരയുടെ വിസ്മയലോകത്തേക്ക് വരുന്നത്. പ്രഥമ ചിത്രംതന്നെ വിചാരിച്ചതിലും വിജയം കൊയ്യുകയും പ്രേക്ഷശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അതിന്റെ ഫുൾ ക്രെഡിറ്റും പോയത് സൂപ്പർ താരമായ റിഷികപൂറിലേക്കാണ്. പല നിർമാതാക്കളും സംവിധായകരുമൊക്കെ വിളിച്ച് അഭിനന്ദനങ്ങൾ ചൊരിഞ്ഞെങ്കിലും അതിന്റെ ഗുണഭോക്താവാകാൻ അവർക്ക് കഴിഞ്ഞില്ല. അതിന് ഒരു കാരണവുമുണ്ടായിരുന്നു.
ആദ്യചിത്രത്തിൽ അഭിനയിക്കാനെത്തുമ്പോൾ നിർമാതാക്കളുമായി ഒരു പ്രത്യേക കരാറുണ്ടായിരുന്നു. 'ഹം കിസിസെ' റിലീസാവുന്നതുവരെ മറ്റൊരു ചിത്രത്തിലും കാജൽ അഭിനയിക്കാൻ പാടില്ലത്രേ! ഇതറിയാവുന്ന നിർമാതാക്കളാരും പിന്നെ കാജലിനെ തേടി എത്തിയതുമില്ല. ഇതൊക്കെ സാധാരണ സിനിമാലോകത്തു കണ്ടുവരുന്ന അറിയപ്പെടാത്ത രഹസ്യങ്ങളാണെന്ന് പാവം കാജൽ കിരണിന് അറിഞ്ഞുകൂടായിരുന്നു.
Also Read
നല്ലൊരു കുടുംബപശ്ചാത്തലത്തിൽ ജനിച്ചുവളർന്ന കാജലിന്റെ മനസ്സിൽ യൗവനാരംഭത്തിൽ അറിയാതെ കയറിക്കൂടിയ സിനിമാ മോഹം വല്ലാതെ പടർന്നുപന്തലിച്ചപ്പോൾ ആരുടെയോ ശുപാർശയിൽ വന്നുവീണ മഹാഭാഗ്യമായിരുന്നു ‘ഹം കിസീസെ കം നഹി’യിലെ നായികാപദവി. എന്നാൽ തന്നെക്കുറിച്ച് മനഃപൂർവം മെനഞ്ഞെടുത്ത ചില ആരോപണം കേട്ട് വല്ലാതെ മനസ്സുനൊന്തപ്പോൾ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയ ചില അബദ്ധമൊഴികളിൽ നിന്നുണ്ടായ ഒരു ഒതുക്കിനിർത്തലിൽ നിന്നാണ് കാജലിന് രണ്ടുമൂന്നുവർഷക്കാലം ഒന്നുംരണ്ടും പടങ്ങൾ മാത്രം ചെയ്ത് സ്വയം സായൂജ്യമടഞ്ഞ് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി കഴിയേണ്ടിവന്നത്.
എന്നാൽ 1980 ആയപ്പോഴേക്കും കാലവും സമയവും ആരുടെയും ആജ്ഞാനുവർത്തികളായി കാത്തുനിൽക്കില്ലെന്ന് പറയുന്നതുപോലെ, ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് റിഷികപൂറിനെപ്പോലെ താരമൂല്യമുള്ള ധർമ്മേന്ദ്രയുടെ നായികയായി 'മാംഗ് ഭരോ സജ്‌ന'യിൽ അഭിനയിക്കാനുള്ള അവസരം കാജൽ കിരണിനെ തേടിയെത്തുന്നത്. അതെ തുടർന്ന് മിഥുൻ ചക്രവർത്തിയുടെ നായികാപദവിയും അലങ്കരിക്കാനുള്ള ഭാഗ്യവും വന്നുചേരുകയായിരുന്നു.
ഈ സമയത്താണ് ഞാൻ തിരക്കഥ എഴുതിയ രക്തം, കർത്തവ്യം എന്നീ ചിത്രങ്ങൾക്കുശേഷം സാഗാ അപ്പച്ചൻ നിർമിക്കുന്ന 'ചക്കരയുമ്മ'യുടെ തിരക്കഥ എഴുത്തുനടക്കുന്നത്. മധു, മമ്മൂട്ടി, പൂർണിമാജയറാം, ബേബി ശാലിനി, ശ്രീവിദ്യ, സോമൻ, ജഗതി, കൊച്ചിൻ ഹനീഫ, ലാലു അലക്‌സ് തുടങ്ങിയവരെയെല്ലാം ആദ്യമേ ബുക്ക്‌ചെയ്തിരുന്നു. എല്ലാ നിർമാതാക്കളെയും പോലെയല്ലായിരുന്നു അപ്പച്ചൻ. കക്ഷി ഒരു സിനിമ എടുക്കാൻ തീരുമാനിച്ചാൽ അതിലേക്കു വേണ്ട എല്ലാ ആർട്ടിസ്റ്റുകളെയും ടെക്‌നിഷ്യൻസിനേയുമടക്കം, എന്തിനേറെ പറയുന്നു പ്രൊഡക്ഷൻ ബോയ്സിനെ വരെ കാലേക്കൂട്ടിത്തന്നെ അപ്പച്ചൻ തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമാക്കിയിരിക്കും. ഇങ്ങനെ യാതൊരുവിധ ടെൻഷനുമില്ലാതെ മുന്നോട്ടുപോകുമ്പോൾ അപ്പച്ചൻ ഒരുദിവസം രാത്രി പത്തുമണി കഴിഞ്ഞ നേരത്ത് എന്നെ വിളിക്കുന്നു.
“ഡെന്നീ, ഞാൻ അപ്പച്ചനാണ്?”
"എന്താ അപ്പച്ചാ പതിവില്ലാതെ ഈ സമയത്തുള്ള വിളി”
“ആകെ പ്രശ്‌നമാണ് ഡെന്നീ”
സാധാരണയിൽ നിന്നു വ്യത്യസ്തമായി അപ്പച്ചന്റെ സ്വരത്തിൽ വല്ലാത്ത ഒരു വാട്ടം തോന്നിയപ്പോൾ ഞാൻ ചോദിച്ചു.
“എന്തുപറ്റി അപ്പച്ചാ. എന്താ പ്രശ്‌നം?”
“കുറച്ച് മുമ്പ് മദ്രാസ്സിൽ നിന്നും പൂർണിമാജയറാം വിളിച്ചിരുന്നു. അവരുടെ കോൾഷീറ്റ് ഒന്ന് ക്യാൻസൽ ചെയ്തുകൊടുക്കണമെന്ന്”.
“ങേ കോൾഷീറ്റ് ക്യാൻസൽ ചെയ്യാനോ? എന്താ പൂർണിമ പെട്ടെന്നിങ്ങനെ പറയുന്നത്?”
എന്റെ ശബ്ദത്തിലും ചെറിയ ടെൻഷൻ കടന്നുവന്നു.
“അടുത്ത ആഴ്ച അവരുടെ വിവാഹമാണ്. സംവിധായകൻ ഭാഗ്യരാജുമായി പൂർണിമ പ്രണയത്തിലായിരുന്നല്ലോ”.
“നമുക്ക് കോൾഷീറ്റു തരുന്നതിന് വളരെ മുൻപെയുള്ള പ്രണയമല്ലേ? എന്നിട്ട് അപ്പച്ചൻ എന്തുപറഞ്ഞു അവരോട്?”
“ഞാൻ പറയേണ്ടത് പറയേണ്ടരൂപത്തിൽ പറയുമെന്ന് ഡെന്നിക്കറിയാമല്ലോ?”
“നമ്മൾ ഇനി എന്തുചെയ്യും? അവസാന നിമിഷത്തിൽ പോയി ഇനി ഏത് നായികയെ കണ്ടുപിടിക്കാനാണ്? പൂർണിമ വന്നില്ലെന്നു കരുതി നമ്മൾക്ക് സിനിമ എടുക്കാതിരിക്കാനാവില്ലല്ലോ? പൂർണിമ അല്ലെങ്കിൽ മറ്റൊരു നടി!”
അപ്പച്ചൻ ഇങ്ങനെയൊന്നുമല്ലാതിരുന്നല്ലോ, പൂർണിമയുടെ കാര്യത്തിൽ ചെറിയൊരു സെന്റിമെൻസ് കിടന്നു കളിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
“എന്താ പൂർണിമയുടെ കാര്യത്തിൽ അപ്പച്ചനൊരു സെന്റിമെൻസ്, കോമ്പ്രമൈസ് മെന്റാലിറ്റിയൊക്കെ വന്നത്. കാര്യമെന്താണെന്ന് എന്നോടു പറയൂ.”
“കാര്യമൊന്നുമുണ്ടായിട്ടല്ല ഡെന്നി, അവർ വിനീതമനസ്‌കയായായി ക്ഷമാപണത്തോടെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ പിന്നെ മുഷിഞ്ഞൊന്നും പറയാൻ എനിക്കായില്ല. എല്ലാ കാര്യങ്ങളും ഞാൻ ഡെന്നിയോട് നേരിട്ടു പറയാം.”
പിറ്റേന്ന് രാവിലെ മുതൽ ഞങ്ങൾ മറ്റൊരു നായികയ്ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയെങ്കിലും മലയാളി നടിമാരൊന്നും ശരിയായിവന്നില്ല. അവസാനം ബോംബെയിലുള്ള അപ്പച്ചന്റെ ഒരു പരിചയക്കാരൻ വഴിയാണ് പുതിയൊരു നായികയെ കണ്ടുപിടിച്ചത്. പേര് കാജൽ കിരൺ. റിഷികപൂറിന്റെയും ധർമ്മേന്ദ്രയുടെയും മിഥുൻ ചക്രവർത്തിയുടെയുമെല്ലാം നായികയായിട്ടഭിനയിച്ചിട്ടുണ്ട്.
ഈ പേര് കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾ ആരും അവരുടെ ഒരുസിനിമയും കണ്ടിട്ടില്ല. ഫോട്ടോ കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല. അപ്പച്ചനും പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖവുംകൂടി ഉടനെ ബോംബെക്കുവിട്ടു. അപ്പച്ചൻ കാജലിനോട് കഥയുടെ ചെറിയൊരു ഔട്ട്‌ലൈനും പറഞ്ഞ് അഡ്വാൻസും കൊടുത്തു പോരുകയും ചെയ്തു.
വളരെ നേരത്തെതന്നെ ഏതോ ഒരു ചെറിയ സിനിമ ചെയ്തിട്ടുള്ള സാജൻ അഞ്ചലാണ് ചക്കരയുമ്മയുടെ സംവിധായകൻ. ചക്കരയുമ്മ സംവിധാനം ചെയ്തതോടെ പിന്നെ ചക്കരയുമ്മ സാജനെന്ന പേരിൽ ഒത്തിരി സിനിമകളും ചെയ്തു.
ചക്കരയുമ്മയുടെ ഷൂട്ടിങ് ആരംഭിച്ചത് എറണാകുളത്തുള്ള അപ്പച്ചന്റെ പാർട്ണറായ ആന്റണിചേട്ടന്റെ വീട്ടിൽവെച്ചായിരുന്നു. അവിടെവെച്ചാണ് ഞാൻ കാജൽ കിരണിനെ പരിചയപ്പെടുന്നത്. ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കാൻ വന്നതിന്റെ അപിചിതത്വവും മലയാളത്തിലെ സൂപ്പർ നായകനായ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ചെറിയ ടെൻഷനും അങ്കലാപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിറ്റെന്നുമുതൽ ഒരു സ്വിച്ചിട്ടതുപോലെ എല്ലാം മാറിയിരുന്നു. രണ്ടുദിവസത്തെ ആന്റണിചേട്ടന്റെ വീട്ടിലെ ഷൂട്ടിങ് കഴിഞ്ഞ് അടുത്തലൊക്കേഷൻ എന്റെ വീടായിരുന്നു.
മമ്മൂട്ടിയുടെ ഭാര്യയായി വരുന്ന കാജൽ കിരണും വാടകയ്ക്ക് താമസിക്കുന്ന ഒരു ഇടത്തരം വീടായിട്ട് സംവിധായകൻ സാജനും അപ്പച്ചനും കണ്ടുപിടിച്ചത് എന്റെ വീടായിരുന്നു. അവരുടെ മകളായി ബേബിശാലിനികൂടി എത്തിയപ്പോൾ ആ കുട്ടിത്താരത്തെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് എന്റെ വീടിന്റെ മതിലുവരെ തകർത്തുകളഞ്ഞിട്ടുണ്ട്.
ഒരുദിവസം ഉച്ചയ്ക്ക് ബ്രേക്ക്‌ടൈമിൽ സാജനും അപ്പച്ചനും ഞാനും കൂടി കാജൽ കിരണുമായി ഓരോ സിനിമാകഥകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വെറുതെ കാജലിന്റെ മനസ്സ് അറിയാനായി അപ്പച്ചൻ പാതി ഹിന്ദിയും പാതി മലയാളവും ചേർത്ത് ഒരു ചോദ്യമെടുത്തിട്ടു.
“ഇത്രയും വർഷത്തെ സിനിമാജീവിതത്തിനിടയിൽ നിങ്ങൾ പഠിച്ച പാഠമെന്താണ്?”
അതുകേട്ട് കാജൽ ഒരു നിമിഷം ഒന്നു വല്ലാതായി. എന്തുപറയണമെന്ന ചിന്തയിലായിരുന്നു അവർ. അതുകണ്ടിട്ടും അപ്പച്ചന് അവരെ വിടാൻ ഭാവമുണ്ടായില്ല.
“കാജലിന് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.”
പിന്നെ ഒട്ടും താമസിച്ചില്ല. കാജൽ ഞങ്ങളെ മൂന്നുപേരെയും നോക്കിയിട്ട് നിസ്സംഗഭാവത്തിൽ മൊഴിഞ്ഞത് ഇങ്ങനെയായിരുന്നു.
“ഫിലിം ഇൻഡസ്ട്രി മേ അച്ചാ ആദ്മി ബഹുത് കം ഹെ സാബ്”.
കാജൽ ഇങ്ങനെ ഒരു മറുപടി പറയുമെന്ന് ഞങ്ങൾ ആരും വിചാരിച്ചതല്ല. അവർക്കുണ്ടായ അനുഭവങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ് മനസ്സിൽ നിന്നും പുറത്തേക്ക് വന്നതെന്ന് ഞങ്ങൾക്ക് തോന്നി. ചക്കരയുമ്മയുടെ ഷൂട്ടിങ് ഞങ്ങൾ പ്രതീക്ഷിച്ച തീയതിക്കു മുൻപേതന്നെ തീർന്നിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ വൻ വിജയമായി മാറുകയും ചെയ്തു. ചക്കരയുമ്മയിലെ കാജലിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകണ്ടിട്ടാണ് ഐ.വി. ശശിയുടെ മോഹൻലാൽ ചിത്രമായ ‘ഉയരങ്ങളിലേ’ക്ക് കാജൽ കിരണിനെ വിളിക്കുന്നത്.
നിർമാതാവായ പാവമണിയാണ് അപ്പച്ചനോട് കാജൽ കിരണിനെക്കുറിച്ച് ആദ്യം അന്വേഷിക്കുന്നത്. 1985-ൽ ഞാനും ജോഷിയും കൂടി ചെയ്ത ‘മുഹൂർത്തം 11.30’ന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഉയരങ്ങളുടെ ഷൂട്ടിങ്ങും മൂന്നാറിൽ നടക്കുന്നത്. ഞങ്ങൾ കാജൽ കിരണിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതുകൊണ്ടുവന്നുചേർന്ന സിനിമയാണെന്ന് അവർ പറയുകയും ചെയ്തു.
ഉയരങ്ങളിലും വൻ വിജയമായി മാറിയതോടെ മമ്മൂട്ടിയും അംജദ്ഖാനും അഭിനയിക്കുന്ന പി.ജി. വിശ്വംഭരന്റെ ‘ഈ ലോകം കുറെ മനുഷ്യരി’ലെ നായികയായി തിരഞ്ഞെടുത്തത് കാജലിനെയാണ്. മലയാളത്തിൽ അവർ ചെയ്ത മൂന്നു സിനിമകളും വൻ വിജയങ്ങളുമായിരുന്നു. എന്നാൽ പിന്നീട് ഹിന്ദിയിൽ ചെയ്ത എല്ലാ ചിത്രങ്ങളും വലിയ പരാജയമായിരുന്നു. ഏറെ വൈകാതെ അവരുടെ വിവാഹവും നടന്നു. വർഷങ്ങളായിട്ട് നെതർലാന്റ്‌സിലാണ് അവർ കഴിയുന്നത്. ഇതിനിടയിൽ ഹിന്ദിയിൽ നിന്നും കാജലിനോട് താത്പര്യമുള്ള ഒന്നുരണ്ടു നിർമാതാക്കൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ഓഫറുമായി വന്നെങ്കിലും സിനിമ പൂർണമായി ഉപേക്ഷിച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കുകയാണവർ.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kajal-kiran-bollywood-to-malayalam-cinema-journey
Published: 20 Jun 2026, 01:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented