1984-ൽ പുറത്തിറങ്ങിയ 'ശറാബി' എന്ന ചിത്രത്തിൽ അവിസ്മരണീയമായ പ്രകടനമാണ് ബിഗ്ബി അമിതാഭ് ബച്ചൻ കാഴ്ചവെച്ചത്. മദ്യപാനിയായുള്ള തന്റെ അഭിനയത്തിനു പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് അദ്ദേഹമിപ്പോൾ. മദ്യത്തിന്റെ സ്വാധീനമില്ലാതെ പൂർണ്ണമായും അഭിനയം കൊണ്ടാണ് താൻ ആ കഥാപാത്രത്തെ പൂർണമാക്കിയതെന്ന് ബച്ചൻ പറയുന്നു.

To advertise here,

'കോൻ ബനേഗ ക്രോർപതി' സീസൺ 18-ന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ, മത്സരാർഥി മഹിമ മനോരമം യാദവിന്റെ പ്രതിശ്രുത വരൻ വിമറുമായുള്ള സംഭാഷണത്തിനിടയിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയിലെ വീഡിയോ കോളിൽ സംസാരിക്കവെ, താൻ 'ശറാബി' കുറഞ്ഞത് 50 തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് വിമർ ബച്ചനോട് പറഞ്ഞു. തുടർന്ന്, ചിത്രത്തിലെ അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനം സ്വാഭാവികമായി വന്നതാണോ അതോ പൂർണ്ണമായും അഭിനയത്തിന്റെ ഫലമാണോ എന്നും അദ്ദേഹം ചോദിച്ചു.

ചോദിച്ച സ്ഥിതിക്ക് മറുപടി പറയാമെന്നായി ബച്ചൻ. “നിങ്ങൾ ഒരു ചോദ്യം ചോദിച്ച സ്ഥിതിക്ക് അതിന് മറുപടി നൽകാം, സർ. ഞങ്ങൾ മദ്യപിച്ചല്ല അഭിനയിച്ചത്; എങ്ങനെയൊക്കെയാണെങ്കിലും, അത് അഭിനയം മാത്രമായിരുന്നു”-അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ബച്ചന്റെ പ്രകടനത്തെ വിമർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ തന്റെ അഭിനയത്തെക്കുറിച്ച് പറയുന്നതിന് പകരം ചിത്രത്തിന്റെ കഥയ്ക്കും സഹനടൻ ഓം പ്രകാശിനുമാണ് നടൻ ക്രെഡിറ്റ് നൽകിയത്.

‘എനിക്ക് അതിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് അച്ഛനും മകനും തമ്മിലുള്ള ബന്ധം. പിന്നെ ഓം പ്രകാശ്ജിയുമായുള്ള സൗഹൃദവും ആ കഥാപാത്രവും. എനിക്കത് വളരെ ഇഷ്ടപ്പെട്ടു’.

മദ്യപാനിയായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ സ്വാഭാവികത കിട്ടുന്നതിനായി മദ്യം കഴിക്കാറുണ്ടെന്ന് ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi