
'ഡാ മോനേ...' വെള്ളയും വെള്ളയുമിട്ട് കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് കഴുത്തിലും കൈയിലും സ്വര്ണാഭരങ്ങളുമിട്ട് മലയാളത്തിന്റെ ഫഹദ് ഫാസിലിന്റെ 'ആവേശം' റിലീസിന് മുമ്പേ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. 'രംഗ' എന്ന സ്റ്റൈലിഷ് ഹീറോയായി ഫഹദ് ഫാസില്‍ എത്തുന്ന 'ആവേശ'ത്തിന്റെ പാട്ടുകളും ടീസറുകളുമെല്ലാം ഇതിനകം ട്രെന്‍ഡിങ് ലിസ്റ്റുകളില്‍ ഒന്നാമതെത്തി കഴിഞ്ഞു. പോയവര്‍ഷം മലയാളികളെ ചിരിപ്പിച്ച് പുതപ്പിച്ച് അത്ഭുതവിജയം നേടിയ 'രോമാഞ്ചം' എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആവേശം'. അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ നിര്‍മാതാക്കളാകുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകള്‍ ഭരിക്കാനെത്തും. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് സംവിധായകന് ജിത്തു മാധവന് സംസാരിക്കുന്നു.
റീ ഇന്‍ട്രൊഡ്യൂസിങ് ഫ-ഫ (ഫഹദ് ഫാസില്‍) എന്നാണ് ടീസറില്‍ പറയുന്നത്, 'ആവേശം' അടിമുടി ഫഹദ് ഫാസില്‍ ഷോ തന്നെ ആണോ?
ഉറപ്പായിട്ടും, ഈ കഥ തന്നെ പൂര്‍ണമായും ഒരു കൊമേഴ്സ്യല്‍ സംഭവം തന്നെയായിരുന്നു. ഫഹദിനെ തന്നെ രംഗനായി കാണണം എന്നൊരു ആഗ്രഹം എനിക്കും നിര്‍മാതാവായ അന്‍വര്‍ റഷീദിനുമുണ്ടായിരുന്നു. കാരണം അത്തരമൊരു ഗെറ്റപ്പില്‍ ഫഹദിനെ ഇതുവരെ നമ്മളാരും കണ്ടിട്ടില്ല. പുള്ളി വന്നാല്‍ അത് സിനിമയ്ക്ക് വലിയൊരു സ്പെഷ്യാലിറ്റിയായി മാറും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. അങ്ങനെയാണ് ഫഹദിന്റെ അടുത്ത് ചെന്ന് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും അതിലൊരു പുതുമ തോന്നി. പുള്ളി ഇത്തരമൊരു കൊമേഴ്സ്യല്‍ പടം ചെയ്യാനുള്ള മൂഡില്കൂടിയായിരുന്നു ആ സമയത്ത്. അത്തരമൊരു നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നെനിക്ക് തോന്നുന്നു. കൃത്യസമയത്താണ് ഞങ്ങള്‍ ചെന്നത്. അങ്ങനെയാണ് 'ആവേശം' സംഭവിക്കുന്നത്.
വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ്സും, കറുത്ത കൂളിങ് ഗ്ലാസുമൊക്കെയായി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഫഹദ്, ലുക്ക് മാറ്റാമെന്ന് ആദ്യമേ കരുതിയിരുന്നോ?
രംഗ എന്ന കഥാപാത്രത്തിനായി ഞങ്ങള്‍ ആദ്യമേ തന്നെ പല പല രീതിയില്‍ ലുക്കുകള്‍ വരച്ചും ഡിസൈന്‍ ചെയ്തുമൊക്കെ വച്ചിരുന്നു. ഫഹദ് വന്നതോടെ ആ ലുക്കുകള്‍ ഓരോ രീതിയില്‍ ചെയ്ത് നോക്കി. മുടിയും താടിയുമൊക്കെ കുറച്ച് അവസാനം എല്ലാവര്ക്കും ഇഷ്ടപ്പെട്ട ലുക്ക് ഫൈനലൈസ് ചെയ്യുകയായിരുന്നു. ഡയലോഗ് ഡെലിവറിയും മാനറിസങ്ങളുമെല്ലാം ചിത്രീകരണം മുന്നോട്ട് പോകവെയാണ് ഫൈനലൈസ് ചെയ്തത്. എന്റെ മനസ്സിലുണ്ടായിരുന്ന രംഗയുടെ മിനിയേച്ചറിനെ ഫഫദ് വന്നശേഷം അഭിനയിച്ച് പൂര്ണനാക്കുകയായിരുന്നു. ഫഹദിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പും മാനറിസങ്ങളുമെല്ലാം 'ആവേശ'ത്തില്‍ പ്രേക്ഷകര്‍ക്ക് കാണാനാകും.
പുഷ്പ, മാമന്നന്, കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ് എന്നിവയിലൊക്കെ ഫഹദിന്റെ വ്യത്യസ്ത ഗെറ്റപ്പ് പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്, അത്തരം മാനറിസങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നില്ലേ?
ഇതിനകം ഒരുപാട് മികച്ച പെര്‍ഫോമന്‍സുകള്‍ ഫഹദ് ഫാസില്‍ നടത്തിയിട്ടുണ്ട്. അടുത്ത കാലത്ത് തന്നെ 'പുഷ്പ'യിലെയും 'മാമന്നനി'ലെയും 'കുമ്പളങ്ങി നൈറ്റ്സി'ലെയുമെല്ലാം കഥാപാത്രങ്ങള്‍ മാനറിസങ്ങളും ഗെറ്റപ്പും കൊണ്ട് ജനപ്രിയത നേടിയവയുമാണ്. അത്തരം ഐക്കോണിക് കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ 'ആവേശ'ത്തില്‍ ആവര്‍ത്തിക്കരുതെന്ന് ഞങ്ങള്‍ക്കും ഫഹദിനുമെല്ലാം നിര്‍ബന്ധമുണ്ടായിരുന്നു. കാണുന്ന പ്രേക്ഷകര്‍ക്ക് ഇത് പുതിയൊരു സംഭവമായി തോന്നണം. അതിനാല്‍ ഷൂട്ടിനിടയില്‍ മുന്‍പ് ചെയ്ത ഏതെങ്കിലും മാനറിസം വന്നാല്‍ അത് മാറ്റാന്‍ ശ്രദ്ധിച്ചിരുന്നു. അത് നല്ല രീതിയില്‍ തന്നെ വിജയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.
ആവേശം എന്ന സിനിമയുടെ കഥ എപ്പോഴാണ് മനസ്സില്‍ വന്നത്?
ആവേശത്തിന്റെ കഥാതന്തു വളരെ മുമ്പേ തന്നെ എന്റെ മനസ്സിലുണ്ടായിരുന്നു. അതിനൊരു സിനിമാരൂപം നല്‍കിയത് 'രോമാഞ്ച'ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ശേഷമാണ്. എനിക്ക് കഥയില്‍ കോണ്‍ഫിഡന്‍സ് തോന്നിയപ്പോള്‍ അന്‍വര്‍ റഷീദിന്റെ അടുത്ത് അവതരിപ്പിച്ചു. അദ്ദേഹം ഓക്കെയായതോടെ ഫഹദിന്റെ അടുത്തേക്കും എത്തി. 'രോമാഞ്ചം' റിലീസിന് ഒരുപാട് മുന്നേ തന്നെ 'ആവേശം' പ്രോജക്ടായി മാറി. 'ആവേശ'ത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാംഗ്ലൂരില്‍ നടക്കുന്ന സമയത്താണ് 'രോമാഞ്ചം' റിലീസായത്. അപ്പോള്‍ ഞാന്‍ നാട്ടിലേക്ക് വന്നു. ഒരാഴ്ചയ്ക്ക് ശേഷം 'ആവേശ'ത്തിന്റെ ഷൂട്ടിങ് ബാംഗ്ലൂരില്‍ ആരംഭിക്കുകയും ചെയ്തു. 'രോമാഞ്ചം' നല്ല രീതിയില്‍ തിയേറ്ററുകളില്‍ ഓടുമ്പോള്‍ ഞാന്‍ ആ സന്തോഷം 'ആവേശ'ത്തിന്റെ സെറ്റിലിരുന്ന് ആസ്വദിക്കുകയായിരുന്നു.
രോമാഞ്ചവും പശ്ചാത്തലം ബാംഗ്ലൂരായിരുന്നു, ആ നഗരത്തോട് അത്രമേല്‍ പ്രണയമുണ്ടോ?
ഞാന്‍ പന്ത്രണ്ട് വര്‍ഷം ജീവിച്ചത് ബാംഗ്ലൂരാണ്. കൗമാരകാലം മുതലുള്ള എന്റെ അനുഭവങ്ങളെല്ലാം ബാംഗ്ലൂരിനെ ചുറ്റിപ്പറ്റിയാണ്. നമ്മുടെ അനുഭവങ്ങളുമായി അടുത്ത് നില്ക്കുന്ന കഥകളായിരിക്കുമല്ലോ മിക്കപ്പോഴും നമ്മള് ആദ്യ സിനിമകള്‍ക്കായി തെരഞ്ഞെടുക്കുക. 'രോമാഞ്ചം' എന്ന സിനിമ എനിക്കുണ്ടായ യഥാര്‍ഥ അനുഭവം തന്നെയായിരുന്നു. 'ആവേശം 'എത്തുമ്പോഴും അതില്‍ എന്റെ ജീവിതത്തിലുണ്ടായ ഒരുപിടി അനുഭവങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ബാംഗ്ലൂര്‍ തന്നെയാണ് 'ആവേശ'ത്തിന്റെയും പശ്ചാത്തലം. സത്യത്തില്‍ ബാംഗ്ലൂര്‍ കഥകള്‍ ഇനിയും ഒരുപാട് മനസ്സിലുണ്ട്. ഏതൊക്കെ ഇനി പറയണമെന്ന് ആലോചിച്ചിട്ടില്ല.
'രോമാഞ്ച'മായാലും 'ആവേശ'മായാലും പ്രധാന താരനിരയില്‍ ഒരുപാട് പുതുമുഖങ്ങളുണ്ട്, മന:പൂര്‍വ്വമുള്ള തീരുമാനമാണോ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്നത്?
അങ്ങനെ മന:പൂര്‍വ്വം പുതുമുഖങ്ങളെ സഹായിക്കാം എന്ന് കരുതി ചെയ്യുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരാകും എന്ന് വിചാരിക്കുന്നവരെയാണ് എപ്പോഴും അഭിനയിപ്പിക്കുന്നത്. അതില്‍ ബന്ധങ്ങളോ വികാരങ്ങളോ ഒന്നും നോക്കാറില്ല. രണ്ടുസിനിമയിലായാലും അഭിനയിച്ച പുതുമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. അവരെ കൊണ്ട് വീഡിയോ അയപ്പിച്ച്, വീണ്ടും അഭിനയിപ്പിച്ചൊക്കെ തെരഞ്ഞെടുക്കുന്നതിന് പകരം സോഷ്യല്‍ മീഡിയയില്‍ നിന്ന് അനുയോജ്യയായവരെ കണ്ടെത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവരുടെയെല്ലാം പെര്‍ഫോമന്‍സിന്റെ ഒരുപാട് വീഡിയോകള്‍ കാണുന്നതിനാല്‍ പിന്നെ വീണ്ടും ഒരു ഒഡീഷന്റെ ആവശ്യമില്ല. അതില്‍ നിന്ന് എനിക്ക് എളുപ്പത്തില്‍ വേണ്ടവരെ തെരഞ്ഞെടുക്കാന്‍ പറ്റും.
സുഷിന് ശ്യാമാണ് 'ആവേശ'ത്തിനും സംഗീതം, 'രോമാഞ്ചം' പോലെ പാട്ടുകള്‍ സീന്‍ മാറ്റുമോ?
'രോമാഞ്ച'ത്തിനേക്കാളും കുറച്ച് കൂടി സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണ് 'ആവേശം'. അതിനാല്‍ സുഷിന് ശ്യാം തന്നെയാണ് സംഗീതം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വിനായക് ശശികുമാറാണ് ഗാനരചന. വിനായകും-സുഷിനുമൊത്തുള്ള കോമ്പിനേഷന്‍ തന്നെയാണ് 'രോമാഞ്ച'ത്തില്‍ നല്ല പാട്ടുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. 'ആവേശ'ത്തിലെ റിലീസ് ചെയ്ത പാട്ടുകള്‍ ഇതിനകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. വ്യത്യസ്തമായ എട്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ഒരുമാസം കൊണ്ടാണ് സുഷിന് ആ പാട്ടുകളെല്ലാം ചെയ്തത്. എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് പ്രതീക്ഷ.
അന്‍വര്‍ റഷീദ്, നസ്രിയ എന്നിവരാണ് നിര്‍മാതാക്കളുടെ റോളില്‍, ആയൊരു പിന്തുണയെ കുറിച്ച്?
വളരെ കംഫര്‍ട്ടബിളായ പ്രൊഡക്ഷനായിരുന്നു. വലിയ കാന്‍വാസിലുള്ള സിനിമയാണിത്. അതിനാല്‍ പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ സഹായിച്ചത് ഇത്തരമൊരു പ്രൊഡക്ഷന്റെ സപ്പോര്‍ട്ടാണ്. സിനിമ മികച്ച ഔട്ട്പുട്ടാവുക എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. അതിനാല്‍ മറ്റുള്ള കാര്യങ്ങളൊന്നും അവര്‍ക്ക് വിഷയമായിരുന്നില്ല. അത്തരമൊരു പ്രൊഡക്ഷന്‍ ലഭിച്ചത് എന്നെ സംബന്ധിച്ച് വളരെ സഹായകരമായിരുന്നു.
ജിത്തുവിന് സിനിമ ചെറുപ്പം മുതലേ സ്വപ്നമായിരുന്നോ?
ചെറുപ്പം മുതലേ സിനിമ സ്വപ്നം കണ്ട് നടന്ന ഒരാളല്ല ഞാന്‍. എല്ലാവരെയും പോലെ സിനിമ ഇഷ്ടമായിരുന്നു എന്ന് മാത്രം. ചെറുപ്പത്തില്‍ സിനിമ കാണുമ്പോള്‍ നമ്മള് അഭിനേതാക്കളെ മാത്രമേ ശ്രദ്ധിക്കൂ. അതിനാല്‍ അഭിനേതാവ് ആകണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. ജീവിതത്തില്‍ മുന്നോട്ട് പോകവെയാണ് എല്ലാവരും അവരുടെ യഥാര്‍ഥ ഇഷ്ടമെന്താണെന്ന് തിരിച്ചറിയുന്നതും അതിനായി ശ്രമിക്കുന്നതും. അങ്ങനെ വളരെ ലേറ്റായാണ് എഴുത്തും സംവിധാനവുമൊക്കെയാണ് എന്റെ ഇഷ്ടമെന്ന് തിരിച്ചറിഞ്ഞത്. ഉറപ്പായും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയ്ക്ക് ഉള്ളിലേക്ക് എത്തിപ്പെട്ടത്. സിനിമയിലേക്ക് വന്ന് കഴിഞ്ഞിട്ടാണ് പൂര്‍ണമായും എനിക്കൊരു സിനിമ എടുക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലേക്ക് എത്തുന്നത്.

'ആവേശം' ഒരുപിടി വിഷു റിലീസുകള്‍ക്കൊപ്പമാണ് തിയേറ്ററിലെത്തുന്നത്, ടെന്‍ഷനുണ്ടോ?
2024 മലയാളസിനിമയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ മൂന്ന് മാസങ്ങളില്‍ തന്നെ ഒരുപിടി വലിയ വിജയങ്ങളുണ്ടായി. ഒന്നിച്ച് പ്രദര്‍ശനത്തിനെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ച നമ്മള് കണ്ടു. നല്ല സിനിമകള്‍ രണ്ടോ മൂന്നോ ഒരേസമയം വന്നാലും പ്രേക്ഷകര്‍ അതേറ്റെടുക്കും എന്നുറപ്പാണ്. അതിനാല്‍ വിഷുവിന് എത്തുന്ന മറ്റ് സിനിമകളെ കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ഒരുനല്ല സിനിമയെയും മറ്റേ സിനിമയക്ക് വേണ്ടി തള്ളിക്കളയില്ല. എന്റെ മനസ്സില്‍ ഒരുമത്സരത്തിന്റെ ഫീലൊന്നുമില്ല.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം', രഞ്ജിത് ശങ്കറിന്റെ 'ജയ് ഗണേഷ്' എന്നിവയാണ് 'ആവേശ'ത്തിനൊപ്പം തന്നെ തിയേറ്ററിലെത്തുന്ന മറ്റ് റിലീസുകള്‍. വിനീതേട്ടന് എനിക്ക് സിനിമ നന്നാവട്ടെ എന്ന് മെസേജ് അയച്ചിരുന്നു. ഞാന്‍ തിരിച്ചും. എല്ലാവരും അവരവരുടെ പടത്തില്‍ ഫുള്‍ കോണ്ഫിഡന്റാണ്. എല്ലാ സിനിമകളും നല്ലതാകട്ടെ, വിജയിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
പ്രേക്ഷകരോട്...?
'രോമാഞ്ചം' കണ്ട അതേ പ്രതീക്ഷയോടെ തന്നെ 'ആവേശം' കാണാന്‍ തിയേറ്ററിലേക്ക് ചെല്ലുക. 'രോമാഞ്ചം' ഇഷ്ടപ്പെട്ടവര്‍ക്കും ഇഷ്ടപ്പെട്ടാത്തവര്ക്കുമെല്ലാം 'ആവേശം' ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. എല്ലാവരും തിയേറ്ററില്‍ ചെന്ന് സിനിമ കാണുക, അഭിപ്രായം അറിയിക്കുക.
Content Highlights: Interview with fahad faasil's aavesham movie director jithu madhavan
Published: 10 Apr 2024, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented