
കുട്ടിക്കാലംമുതലേ നല്ലൊരു കൂട്ടുകാരനായിരുന്നു പപ്പ ഞങ്ങള്‍ക്ക്. ഓര്‍മവെച്ചുതുടങ്ങിയ നാളുമുതല്‍ അച്ഛന്‍ അറിയപ്പെടുന്ന നടനായിക്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പോലീസ് ജീവിതകാലം എന്റെ ഓര്‍മയില്‍ അധികമില്ല. ഷൂട്ടിങ് തിരക്കിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം ഓടിവരുന്ന അച്ഛനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ സമയം പൂര്‍ണനായ ഗൃഹനാഥനായി അദ്ദേഹം മാറും. ഞങ്ങളുടെ വിദ്യാഭ്യാസം, ആവശ്യങ്ങള്‍ എല്ലാം കണ്ടറിഞ്ഞ് ചെയ്തുതരും. ഒന്നിച്ച് കളിക്കും. കാരംസും കാര്‍ഡുമൊക്കെയാണ് കളിക്കുന്നത്. സൈക്കിള്‍ പഠിപ്പിച്ചുതരും, കൂടെ കൂട്ടി എങ്ങോട്ടെങ്കിലും കൊണ്ടുപോവും. അതുകൊണ്ടുതന്നെ പപ്പ വരുന്ന സമയം ഞങ്ങള്‍ക്ക് ഉത്സവമാണ്. സൈക്കിള്‍ പഠിപ്പിച്ചുകഴിഞ്ഞ് എനിക്ക് ചെന്നൈയില്‍നിന്നൊരു മുന്തിയ ഇനം സൈക്കിള്‍ ട്രെയിന്‍ മാര്‍ഗം അയച്ചുതന്നതും ഓര്‍മയുണ്ട്. പുതിയ പുസ്തകങ്ങള്‍ വാങ്ങിയാല്‍ അത് പൊതിഞ്ഞുതരാന്‍വരെ കൂടെ കൂടും. വല്ലപ്പോഴും വരുന്ന അതിഥിയാണ് പപ്പയെങ്കിലും ആ കുറഞ്ഞ മണിക്കൂറുകള്‍കൊണ്ട് അങ്ങേയറ്റം ഗൃഹനാഥനാവും. ക്രിസ്മസിനും ഓണത്തിനും എപ്പോഴും കൂടെയുണ്ടാവും. നക്ഷത്രം തൂക്കാനും പുല്‍ക്കൂട് ഒരുക്കാനും എന്നുവേണ്ട പാചകത്തില്‍പോലും ആ കൈ എത്തും.
ഒരുദിവസം അച്ഛന്‍ ഞങ്ങളെ സ്‌കൂളിലാക്കി തിരിച്ചുപോവുംവഴി കുറേ കുട്ടികള്‍ 'സത്യന്‍ സത്യന്‍' എന്ന് ബഹളംവയ്ക്കുന്നു. പപ്പ വണ്ടി നിര്‍ത്തി. നിങ്ങള്‍ക്ക് ക്ലാസില്ലേന്ന് ചോദിച്ചു. മാഷില്ലാത്തതിനാല്‍ ക്ലാസില്ലെന്നവര്‍ മറുപടി പറഞ്ഞു. 'ശരി, തമ്പാനൂര്‍ വഴി ആരെങ്കിലും ഉണ്ടെങ്കില്‍ കയറിക്കോ, വിട്ടേക്കാം' എന്ന് പപ്പ പറഞ്ഞു. കേട്ടപാതി പിള്ളേരെല്ലാംകൂടി ചാടിക്കയറി. അവരെ കാറില്‍ കയറ്റി നഗരം ചുറ്റി കാണിച്ചു പപ്പ. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്.

ട്രാഫിക് നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് എപ്പോഴും പറയും. അദ്ദേഹവും ആ കാര്യത്തില്‍ വളരെ കണിശക്കാരനായിരുന്നു. ഡ്രൈവിങ് ഭയങ്കര ഹരമാണ്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയ്ക്ക് സ്വന്തമായി കാറോടിച്ചാണ് പോവുക. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുമുണ്ടാവും. ഉദയഭാനുച്ചേട്ടന്‍ അങ്ങനെ അദ്ദേഹത്തോടൊപ്പം കാറില്‍ ചെന്നൈയ്ക്ക് പോയ അനുഭവം പിന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹത്തെക്കൊണ്ട് ഇഷ്ടഗാനങ്ങള്‍ പാടിക്കും. പപ്പയും പാടും. കവിതകള്‍ ഇഷ്ടപ്പെടുന്ന, പാട്ടുകള്‍ അര്‍ഥമറിഞ്ഞ് ആസ്വദിക്കുന്ന ആളായിരുന്നു. 'എവിടെ നിന്നോ എവിടെ നിന്നോ വഴിയമ്പലത്തിലെത്തിയ വാനമ്പാടികള്‍ നമ്മള്‍' എന്ന പാട്ടാണ് അച്ഛന്റെ ഏറെ പ്രിയപ്പെട്ട ഉദയഭാനുഗാനം. യാത്രയ്ക്കിടയില്‍ ഏതോ ലെവല്‍ ക്രോസില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്ന് ആ ഗാനവും പാടി നില്‍ക്കുന്ന അച്ഛന്റെ ചിത്രം ഉദയഭാനുച്ചേട്ടന്റെ ഓര്‍മകളിലൂടെ എന്റെ മനസ്സിലും പതിഞ്ഞതാണ്.
Also Read
ഒരിക്കല്‍ അനിയന്‍ ജീവനെയുംകൊണ്ട് ആശുപത്രിയില്‍ പോയി. ഡിഫ്തീരിയയാണോ എന്നൊരു സംശയം. നിരീക്ഷണത്തില്‍ വയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോ അമ്മയെയും അനിയനെയും ആശുപത്രിയിലാക്കി ഞങ്ങള്‍ വീട്ടിലേക്ക് വന്നു. അന്ന് അമ്മയില്ലാത്ത കുറവ് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. കഞ്ഞിവെച്ചുതന്നു, ഭക്ഷണത്തിനുമുന്‍പ് പ്രാര്‍ഥനാവേളയില്‍ പാട്ടുപാടിത്തന്നു... 'അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായിടും...' എന്ന് അന്ന് പപ്പ പാടിയ പ്രാര്‍ഥനാഗാനം ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ഞങ്ങളെ കിടത്തി ഉറക്കിയശേഷമാണ് പപ്പ അന്നുറങ്ങിയത്. അങ്ങനെ ഒരുപാടുണ്ട് മരിക്കാത്ത കുറേ ഓര്‍മകള്‍.

ഒരുദിവസം രാവിലെ മമ്മി വിളിച്ചുണര്‍ത്തി, ''എടാ പപ്പ വന്നിട്ടുണ്ട്''. കേട്ടതും ചാടിയെഴുന്നേറ്റ് വരാന്തയിലേക്കോടി. അവിടെ പേപ്പറും വായിച്ചിരിക്കുകയാണ് പപ്പ. ''പപ്പ എപ്പോ വന്നെന്ന്'' ചോദിച്ച് ഓടിച്ചെന്നു. ''ഞാന്‍ വെളുപ്പിന് എത്തിയെടാ... പോന്നവഴി നിങ്ങളെയൊക്കെ കണ്ടിട്ട് പോകാമെന്നുകരുതി കയറിയതാ''. ഞാന്‍ നോക്കുമ്പോ ദേഹത്ത് നിറയെ വെള്ളപ്പാടുകള്‍. മുറിവുണങ്ങി തൊലി പൊളിഞ്ഞപോലെ പാടുകള്‍. ''ഇതെന്തുപറ്റി?'' ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചു. ''ഓ, അതൊന്നുമില്ലെടാ... ഒരു പുലിയുമായി ഗുസ്തിപിടിച്ചതാ''.
'പാലാട്ട് കോമന്‍' സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. പുലിയുടെ പരിശീലകനുമായി അതത്ര ഇണങ്ങിയിട്ടുണ്ടായിരുന്നില്ല. നഖം മുറിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നുമില്ല. എങ്ങനെ ഷോട്ടെടുക്കുമെന്ന് വിചാരിച്ച് ശങ്കിച്ചുനില്‍ക്കുമ്പോള്‍ പപ്പ പറഞ്ഞു, ''ചാക്കോച്ചാ ഞാന്‍ റെഡി''. ചാക്കോച്ചന്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞപ്പോ 'സാരല്യടോ' എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തി. ശരിക്കുമൊരു റിയല്‍ ഫൈറ്റായിരുന്നു അവിടെ നടന്നതെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. അസാമാന്യ ധൈര്യശാലിയായിരുന്നു. പില്‍ക്കാലത്ത് നമ്മള്‍ പലരെപ്പറ്റിയും പറയാറില്ലേ, ഡ്യൂപ്പില്ലാതെ അഭിനയിച്ചു എന്നൊക്കെ. അതിന്റെ ആദ്യത്തെ മുഖം സത്യത്തില്‍ പപ്പയാണ്. 'ചെമ്മീന്‍' ഷൂട്ടിങ്ങിനിടയിലും അദ്ദേഹം അപകടത്തില്‍ പെട്ടിരുന്നു.
ആ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് തിരിച്ചുവരുമ്പോള്‍ മംഗലാപുരത്തുവെച്ച് കാറപകടത്തിലും പെട്ടു. പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന സമയം. രാവിലെ ഗേറ്റരികില്‍ ഒരു കാറ്. ഞാന്‍ ഓടിച്ചെന്ന് ഗേറ്റ് തുറക്കുമ്പോള്‍ കാറില്‍നിന്ന് പച്ച ഷര്‍ട്ടും വെള്ള പാന്റും അണിഞ്ഞ് സുന്ദരനായ ഒരാള്‍ ഇറങ്ങിവരുന്നു. പ്രേംനസീര്‍. ''പപ്പയ്ക്ക് എങ്ങനെയുണ്ട് മോനേ'' എന്ന് ചോദിച്ചാണ് അകത്തോട്ട് കയറിയത്. പപ്പയുടെ കട്ടിലിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചാണ് തിരിച്ചുപോയത്. അപകടവിവരം അറിഞ്ഞ് മദ്രാസില്‍നിന്ന് വിമാനത്തില്‍ വന്നതായിരുന്നു അദ്ദേഹം. മരണത്തിന് മുന്‍പും മരണശേഷവും ഞങ്ങളുടെ കുടുംബവുമായി വളരെ സ്‌നേഹത്തിലായിരുന്നു അദ്ദേഹവും കുടുംബവും. മകന്‍ ഷാനവാസിന്റെ കല്യാണത്തിനും എന്നെ വിളിച്ചു. വലിയ സന്തോഷമായിരുന്നു അത്.

സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ഞാന്‍ പ്രീഡിഗ്രിക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നു. അപ്പോഴും വീട്ടില്‍ വരുമ്പോള്‍ ഞങ്ങളെ കോളേജില്‍ കൊണ്ടുവിടുമായിരുന്നു. അഡ്മിഷന്‍ ശരിയാക്കാനൊന്നും പപ്പയ്ക്ക് വരാന്‍പറ്റിയിട്ടില്ല. പിന്നീട് ഡിഗ്രിക്ക് ലിറ്ററേച്ചര്‍ മെയിന്‍ എടുത്ത് അവിടെത്തന്നെ ചേര്‍ന്നു. അവിടെ ഒരു ശ്രീധരന്‍നായര്‍സാര്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഫൊനറ്റിക്സ് എടുത്തിരുന്നത്. ഞാന്‍ ഫ്രണ്ട് ബെഞ്ചിലാണ് എന്നും ഇരിക്കുന്നത്. ഇദ്ദേഹം ബോര്‍ഡില്‍ എഴുതുന്നത് പലതും എനിക്ക് കാണാന്‍ പ്രയാസമായി. ഞാന്‍ പപ്പയോട് കാര്യം പറഞ്ഞു. ''ഈ ശ്രീധരന്‍സാറിനെ ഞാന്‍ എവിടെയോ പരിചയപ്പെട്ടിട്ടുണ്ടല്ലോ. ഞാന്‍ വന്നൊന്ന് കാണാം'', പപ്പ പറഞ്ഞു.
അങ്ങനെ എന്നെയും കൂട്ടി പപ്പ സാറിന്റെ അടുക്കല്‍ പോയി. അവര് നേരത്തേ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ചൊന്ന് പരിചയപ്പെട്ടിട്ടുണ്ട്. അച്ഛന്‍ ഏത് ഷൂട്ടിങ്ങിന് പോയാലും ഗസ്റ്റ്ഹൗസിലായിരുന്നു താമസിക്കുക. അന്ന് സാര്‍ കോഴിക്കോട് ഏതോ ഒരു കോളേജിലായിരുന്നു പഠിപ്പിച്ചിരുന്നത്. പപ്പ എന്റെ കാഴ്ചയുടെ പ്രശ്‌നമൊക്കെ സാറിനോട് പറഞ്ഞു. ഒപ്പം പി.ജി.ക്ക് പഠിക്കുന്ന എന്റെ ചേട്ടനും സമയം കിട്ടുമ്പോള്‍ വീട്ടില്‍ വന്ന് കുറച്ച് പാഠങ്ങള്‍ പറഞ്ഞുകൊടുക്കണമെന്നും. ഇറങ്ങാന്‍നേരം പപ്പ സാറിന്റെ കയ്യില്‍ പിടിച്ച് അല്പം വികാരാധീനനായി പറഞ്ഞു, 'ഞാനിവനെ സാറിനെ ഏല്‍പ്പിക്കുകയാണ്. നോക്കിക്കോണം'. ആ വാക്കുകള്‍ പിന്നെ അതേപടിയായി. പപ്പ മരിച്ചപ്പോ കുറേക്കാലത്തേക്ക് ഞങ്ങളുടെ അക്കൗണ്ടൊക്കെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. അന്ന് അങ്ങനെയാണ്, ടാക്‌സ് കൊടുക്കുന്നവരുടെ മരണം സംഭവിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കും. അന്ന് സഹായവുമായി കൂടെ നിന്നത് ശ്രീധരന്‍സാറും ഭാര്യ ശ്യാമളയമ്മയുമാണ്. മാനസികമായി തളര്‍ന്ന ഞങ്ങളെ കൂടപ്പിറപ്പുപോലെ കൂടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഇന്നും കൂടെ നില്‍ക്കുന്നതുമായ ആ ബന്ധം പപ്പ കയ്യില്‍ പിടിച്ച് ഏല്‍പ്പിച്ചപോലെ ഭദ്രമായിരുന്നു. 1987 ഏപ്രില്‍ 10-ന് മമ്മിയും മരിച്ചതോടെ ഞാനാ കുടുംബത്തിലെ അംഗമായാണ് ഇന്നും കഴിയുന്നത്.
ഞങ്ങളുടെ കാഴ്ചക്കുറവിന്റെ പ്രശ്‌നം പപ്പയെ വല്ലാതെ അലട്ടിയിരുന്നു. അന്ന് ഞങ്ങളുടെ കുടുംബഡോക്ടറായിരുന്ന പൈ സാറും ലോകത്തെവിടെ കിട്ടാവുന്ന ചികിത്സയ്ക്കും തയ്യാറായി ഒരു മെഡിക്കല്‍ ബോര്‍ഡിനെത്തന്നെ തയ്യാറാക്കി ഞങ്ങളെ വിശദമായി പരിശോധിപ്പിച്ചു. റഷ്യയില്‍നിന്നുവരെ മരുന്ന് എത്തിച്ചു. പക്ഷേ, ഇപ്പോഴും വളരെ നേരിയ കാഴ്ചയിലാണ് ഞാന്‍ ജീവിക്കുന്നത്. പപ്പയെക്കുറിച്ചുള്ള ഓര്‍മകളാണ് ഇന്നും ഞങ്ങളുടെ ഊര്‍ജം. സിനിമയില്‍ അഭിനയിക്കരുതെന്ന് എല്ലാ ഡോക്ടര്‍മാരും പറഞ്ഞു. വെളിച്ചം കണ്ണിന് താങ്ങാനാവില്ല. പക്ഷേ, അപ്പോഴും സഹായവുമായെത്തിയത് പപ്പയോടുള്ള സ്‌നേഹം സൂക്ഷിക്കുന്നവര്‍തന്നെയായിരുന്നു. അങ്ങനെയാണ് ഞാന്‍ യേശുദാസ് സാറിനൊപ്പം കൂടുന്നത്. പൈ സാറൊക്കെ പിന്നെയും സ്വന്തമെന്നപോലെതന്നെ ഞങ്ങളെ കാക്കുന്നുണ്ടായിരുന്നു.
മരിച്ച് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഞങ്ങളുടെ ആശ്വാസം. അദ്ദേഹത്തിന്റെ സിനിമകള്‍ യുട്യൂബിലും ചാനലുകളിലും കണ്ട് കാനഡയില്‍നിന്നോ നാട്ടിന്‍പുറത്തുനിന്നോ ഒരു കോളെങ്കിലും വരാത്ത ദിവസം ഇല്ല. അതില്‍ ചെറുപ്പക്കാരുമുണ്ടെന്നതാണ് സന്തോഷം. 2018-ലെ പപ്പയുടെ അനുസ്മരണത്തിന് വി.ജെ.ടി. ഹാളില്‍ ഞാന്‍ സ്റ്റേജിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയപ്പെട്ടു. 1971-ല്‍ വി.ജെ.ടി. ഹാളില്‍ അദ്ദേഹത്തിന്റെ ദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വന്ന് കണ്ടയാളാണ്. അന്ന് ഹാളിന്റെ മതിലുവരെ ജനം നിറഞ്ഞിരുന്നു. മതിലിടിയുകയും ചെയ്തു. അത് ഓര്‍മിപ്പിച്ച അദ്ദേഹം കൂടെയുള്ള മകനെയും പരിചയപ്പെടുത്തി. പപ്പയുടെ ആരാധകനാണ്. പുതുതലമുറയെയും അദ്ദേഹത്തിന്റെ അഭിനയം സ്വാധീനിച്ചുവെന്നൊക്കെ കേള്‍ക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്.
അതുപോലെ മഹാരാജാസ് കോളേജില്‍ നടന്ന സത്യന്‍ അനുസ്മരണം. അതില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ എന്നെ വിളിച്ചു. അന്നവിടെ തിങ്ങിക്കൂടിയ ജനത്തെ കണ്ടപ്പോഴും പപ്പ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് തോന്നിയത്. അന്നാണ് പപ്പയുടെ ഒരു കേസിന്റെ കാര്യം സാര്‍ ഓര്‍മിപ്പിച്ചത്. പി.ആര്‍.എസ്. പിള്ളയുടെ 'തിരമാല' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് 5000 രൂപയുടെ ചെക്ക് കൊടുത്തിരുന്നു. അത് മടങ്ങി. ചോദിച്ചപ്പോ 'പിന്നെ തരാം' എന്ന് പറഞ്ഞു. കിട്ടാതായപ്പോള്‍ വീണ്ടും ചോദിച്ചു. അദ്ദേഹം ചൂടായി, വളരെ മോശമായി സംസാരിച്ചു. പപ്പ അങ്ങനെ കേസ് കൊടുത്തു. കേസ് ജയിച്ചു. പക്ഷേ, ആ പണം വാങ്ങാന്‍ പോയില്ല.

മലയാളസിനിമയ്ക്ക് ഒരു സ്ഥാനവും ഇല്ലാതിരുന്നകാലത്ത് അതിനൊരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തതില്‍ മുഖ്യപങ്കുവഹിച്ചൊരു നടനാണ് സത്യന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. 'ചെമ്മീന്‍'പോലുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയെന്നല്ല, ലോകസിനിമ തന്നെ ശ്രദ്ധിച്ചതാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍, കടല്‍പ്പാലം അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍... സ്വാഭാവിക അഭിനയമുഹൂര്‍ത്തങ്ങള്‍കൊണ്ട് കാണികളെ അമ്പരിപ്പിച്ച ആ നടനോട് നാട് വേണ്ടവണ്ണം നീതി കാട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പപ്പയുടെ കല്ലറയില്‍ വയ്ക്കാന്‍ കുരിശും മറ്റും ഇറ്റലിയില്‍നിന്ന് കൊണ്ടുവരുകയായിരുന്നു. അതിന് എക്സൈസ് തീരുവ ഒഴിവാക്കിത്തരണമെന്ന് കാട്ടി ഞങ്ങള്‍ ഒരു കത്തയച്ചിരുന്നു. അന്ന് ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. ശ്രീധരന്‍സാര്‍ തയ്യാറാക്കിയ കത്താണ് അവര്‍ക്ക് അയച്ചത്. കൊച്ചിയിലെത്തിയ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഞങ്ങള്‍ അദ്ഭുതപ്പെട്ടുപോയി. എക്സൈസ് തീരുവ ഒഴിവാക്കി ഉത്തരവ് അവിടെ വന്നിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള സ്‌നേഹം കിട്ടിയെങ്കിലും ഒരു പത്മാ പുരസ്‌കാരമോ അദ്ദേഹത്തിന്റെ പേരിലൊരു അവാര്‍ഡോ ഒക്കെ ഏര്‍പ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്. ഒരു മകന്‍ എന്ന നിലയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെതടക്കം ആ കാലത്തെ എല്ലാ സിനിമകളും കണ്ട ഒരാളെന്നനിലയിലും അത് തോന്നാറുണ്ട്. ആദ്യം മികച്ച നടന് സത്യന്‍ പുരസ്‌കാരവും നടിക്ക് മിസ് കുമാരി പുരസ്‌കാരവും ആയിരുന്നു ഇവിടെ. അത് നിര്‍ത്തലാക്കുകയാണ് ചെയ്തത്. അദ്ദേഹത്തോട് നീതി കാട്ടാന്‍ ഇനിയും സമയമുണ്ടെന്നാണ് എന്റെ പക്ഷം.
Content Highlights: in memory of actor sathyan
Published: 15 Jun 2023, 11:01 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented