
ലോക്ഡൗണിൽ ആളുകൾ കുരുങ്ങിനിന്ന സമയം. 150 രൂപയുമായൊരു കൗമാരക്കാരൻ ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നത് സ്വപ്നം കണ്ടുനടന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആ ആഗ്രഹത്തിനായി ഇറങ്ങിപ്പുറപ്പെട്ടു. മാസത്തിൽ അഞ്ഞൂറു രൂപയുണ്ടാക്കണം. സ്വയം പര്യാപ്തനാവണം. 14 വയസ്സിൽ അതൊക്കെയായിരുന്നു അവന്റെ ലക്ഷ്യം. അതിനുവേണ്ടി തുടങ്ങിയത് മൊബൈൽ കവർ ബിസിനസും. ലോക്കൽ മാർക്കറ്റിൽ നിന്ന് ഹോൾസെയിൽ ആയി മൊബൈൽ കവർ വാങ്ങി റീടെയിൽ ആയി വിൽക്കുന്നതായിരുന്നു ബിസിനസ്. യുണൈറ്റഡ് സ്റ്റോർസ് എന്ന് കമ്പനിക്കു പേരിട്ടു. അങ്ങനെ ഒൻപതാം ക്ലാസുകാരൻ അൻഫാൽ തുടങ്ങിയ ബിസിനസ് ഇന്ന് പ്രതിമാസം ലക്ഷങ്ങളുടെ ടേണോവറുള്ള കമ്പനിയായി വളർന്നിരിക്കുകയാണ്. കമ്പനി കെട്ടിപ്പടുക്കുക മാത്രമല്ല, ഏഴു തൊഴിലാളികൾക്ക് ജോലിയും കൊടുക്കുന്നുണ്ട്. അതിൽ അഞ്ചുപേർ എം.ബി.എ.ക്കാർ. അവർക്ക് മാസത്തിൽ തരക്കേടില്ലാത്ത ശമ്പളവും. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അൻഫാൽ മുവാറ്റുപുഴ സ്വദേശിയാണ്. ബിസിനസിനൊപ്പം ഉന്നതവിദ്യാഭ്യാസം നേടി വലിയ സ്വപ്നപദ്ധതികളുമായി മുന്നേറുന്ന അൻഫാലിന്റെ ബിസിനസ് അനുഭവങ്ങളിലൂടെ.
മാതൃക ഉപ്പതന്നെ
ഒൻപതു വയസ്സുള്ളപ്പോൾ തൊട്ട് തടിബിസിനസുകാരനായ ഉപ്പയുടെ ഓഫീസിൽ ചെന്നിരിക്കാനും ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിക്കാനും വലിയ താത്പര്യമുണ്ടായിരുന്നു അൻഫാലിന്. യൂട്യൂബിൽ ധാരാളം വീഡിയോകൾ കാണും. കുഞ്ഞുപ്രായത്തിലേ ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങളും വായിക്കുമായിരുന്നു. അങ്ങനെ ഊണിലും ഉറക്കത്തിലും ബിസിനസ് മയം.
“ലോക്ഡൗൺ സമയത്താണ് എന്തുകൊണ്ട് എനിക്കൊരു ബിസിനസ് തുടങ്ങിക്കൂടാ, സ്വയം പര്യാപ്തനായിക്കൂടാ എന്നൊക്കെ തോന്നൽ വന്നത്. പക്ഷേ ഇൻവെസ്റ്റ്മെന്റില്ല. ആകെ 150 രൂപയേ കൈയിലുള്ളൂ. വീട്ടിൽ പണം ചോദിക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചതാണ്. ഒൻപതാംക്ലാസിൽ പഠിക്കുന്നൊരാൾ എന്ത് ബിസിനസ് തുടങ്ങാനാണെന്നല്ലേ എല്ലാവരും ചിന്തിക്കൂ. പക്ഷേ, എനിക്ക് അത്രയും ആഗ്രഹമായിരുന്നു ബിസിനസിലേക്ക് ഇറങ്ങണമെന്ന്. എന്നും എനിക്കുമുമ്പിൽ മാതൃകയായി ഉണ്ടായിരുന്നത് ഉപ്പ തന്നെയാണ്. രത്തൻ ടാറ്റയും സ്റ്റീവ് ജോബ്സുമൊക്കെ പ്രചോദനമായിട്ടുണ്ട്.”-അൻഫാൽ പറഞ്ഞു.
എങ്ങനെയായിരുന്നു തുടക്കം?
“കൈയിലുള്ള പൈസകൊണ്ട് മൊബൈൽ കവറുകൾ വാങ്ങിയാണ് തുടക്കം. എങ്ങനെ തുടങ്ങണം, ആർക്ക് വിൽക്കണം എന്നൊന്നും അറിയില്ല അന്ന്. ഇൻസ്റ്റഗ്രാം പേജ് മാത്രമേ കൈയിലുള്ളൂ. ആദ്യത്തെ ആഴ്ചകളിൽ കച്ചവടം തീരെയില്ല. അങ്ങനെ ഉത്പന്നം പ്രൊമോട്ട് ചെയ്യാൻ ഞാൻ ഒരു വ്ളോഗറുമായി ബന്ധപ്പെട്ടു. വ്ളോഗർമാർ വലിയ പൈസ ചോദിക്കുമെന്നൊക്കെയായിരുന്നു അന്ന് ഞാൻ കരുതിയത്. എൻറെ പ്രായമൊന്നും ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഞാൻ വിളിച്ച വ്ളോഗർ പ്രതിഫലം ചോദിച്ചില്ല, ഫ്രീയായിട്ട് ഒരു കവർ മാത്രം അയച്ചുതന്നാൽ മതിയെന്ന് പറഞ്ഞു. അദ്ദേഹം സ്റ്റോറി ഇട്ടപ്പോൾ ധാരാളം എൻക്വയറീസ് വന്നു. പത്ത് ഓർഡറും കിട്ടി. കവറുകൾ ഞാൻ കൊറിയർ അയച്ചുകൊടുത്തു. അതൊരു തുടക്കമായിരുന്നു. ലാഭമായി അഞ്ഞൂറു രൂപ കൈയിൽ കിട്ടി. 50 രൂപമാത്രം ലാഭമെടുത്ത് ബാക്കി തുക വീണ്ടും ഞാൻ മെറ്റീരിയൽസ് വാങ്ങാൻ ബിസിനസ്സിലേക്കിട്ടു. അടുത്ത ഘട്ടത്തിൽ 1500 രൂപ കിട്ടി. മൂന്നുമാസംകൊണ്ട് പതിനായിരം രൂപയുടെ പ്രോഫിറ്റായി. ബിസിനസ് പച്ചപിടിക്കാൻ ലോക്ഡൗൺ കാലം എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. ഒട്ടുമിക്ക വ്ളോഗർമാരും ഫ്രീയായിട്ടായിരുന്നു അന്ന് പ്രൊമോഷൻ ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ വലിയ പൈസ വാങ്ങില്ല.”
ഫോൺകവർ ബിസിനസ് തിരഞ്ഞെടുക്കാൻ കാരണം
“ആ സമയത്ത് ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റില്ലാതെ ഏറ്റവും എളുപ്പത്തിൽ തുടങ്ങാൻ പറ്റുന്നൊരു ബിസിനസ് അതായിരുന്നു. ”
അച്ഛനും അമ്മയും പറഞ്ഞത്
“പഠിത്തത്തിൽ പുറകിലേക്ക് പോവരുതെന്നേ അവരെന്നോട് പറഞ്ഞുള്ളൂ. വൃത്തിക്ക് ചെയ്യാൻ പറഞ്ഞു. 9-ാംതരത്തിലെ ഒരു പയ്യൻ ബിസിനസ് തുടങ്ങാൻ പോകുന്നു എന്നു പറയുമ്പോൾ വേറാരും സമ്മതിച്ചെന്നു വരില്ല. പക്ഷേ, എന്റെ കുടുംബം അത്രേം സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുകയാണ് ചെയ്തത്.”
പരിചയക്കുറവുകൊണ്ട് തിരിച്ചടികളെന്തെങ്കിലും?
“പച്ചപിടിക്കുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞാൻ ലോക്കൽ സോഴ്സിങ് നിർത്താൻ തീരുമാനിച്ചു. പുറത്തുനിന്ന് സാധനങ്ങൾ വാങ്ങാനായിരുന്നു പദ്ധതി. അങ്ങനെ മുംബൈയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഓൺലൈനിൽ തപ്പിപ്പിടിച്ച് ഒരാളെ കണ്ടെത്തി. മൂന്നു മാസം കൊണ്ട് ഞാനുണ്ടാക്കിയ 10000 രൂപ സാധനങ്ങൾ വാങ്ങാൻ കൊടുത്തു. വാട്ട്സാപ്പ് വഴിയായിരുന്നു ഞങ്ങളുടെ ആശയവിനിമയങ്ങളെല്ലാം. പക്ഷേ, പുള്ളിയെന്നെ പറ്റിച്ചു. വാട്ട്സാപ്പിൽ ബ്ലോക്ക് ചെയ്ത് പോയി. അതൊരു തിരിച്ചടിയായിരുന്നു. ബിസിനസിൽ ഇതുള്ളതാണ്. ശ്രദ്ധിച്ചാൽ മതിയെന്ന് പറഞ്ഞ് വീട്ടുകാർ സമാധാനിപ്പിച്ചു. വേറെയും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ, അതൊക്കെ നിശ്ചിതസമയത്തിനുള്ളിൽ സോൾവ് ചെയ്തുപോയിട്ടുണ്ട്.”
പരാതിപ്പെട്ടിരുന്നോ?
“ഇല്ല. എനിക്കപ്പോൾ പോവാൻ തോന്നിയില്ല. ചെറിയ പ്രായവുമായിരുന്നല്ലോ. പിന്നെ ആ പൈസ സ്വന്തമായി തിരിച്ചുപിടിക്കാൻ ഉദ്ദേശിച്ച് മുന്നോട്ടുപോയി. ബിസിനസെന്ന ആഗ്രഹം മാത്രമാണ് അപ്പോൾ തലയിൽ മുഴുവൻ. അങ്ങനെ വീണ്ടും പ്രമോഷൻ ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെ എനിക്ക് അത്യാവശ്യം റീച്ച് കിട്ടിത്തുടങ്ങി. എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത്, ആരെ വെച്ചാണ് മാർക്കറ്റ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.”
ആദ്യം ഒറ്റയ്ക്ക്, ഇപ്പോൾ ജോലിക്കാർ
“ആദ്യം ഓർഡറുകളെല്ലാം ഒറ്റയ്ക്ക് ഡീൽ ചെയ്തു. 30000 എൻക്വയറീസൊക്കെ ഒരുമാസം ഞാനൊറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നെയൊരു ഘട്ടം കഴിഞ്ഞപ്പോൾ ഒരാളെക്കൂടി കൂട്ടി. എട്ടുപേരുണ്ട് ഇപ്പോൾ. അഞ്ചുപേർ എം.ബി.എക്കാരാണ്. ബാക്കിയുള്ളവർ ബിരുദക്കാരും. നന്നായി ലാഭം വന്നുതുടങ്ങിയപ്പോൾ വീടിന്റെ മുകളിൽ ഓഫീസ് സെറ്റ് ചെയ്തു. ഞാൻ വാടകയിനത്തിൽ ഉപ്പയ്ക്ക് നിശ്ചിതതുക കൊടുക്കുന്നുണ്ട്. ഉപ്പ വേണ്ടെന്നുപറയും. പക്ഷേ ഞാനത് നിർബന്ധിച്ച് കൊടുക്കും. ശമ്പളം, വാടക എല്ലാത്തിനുമായി മാസം നാലുലക്ഷം ചെലവുണ്ട്. ലാഭവും അതിനൊത്തുണ്ട്.”
മൈനർ ആയതുകൊണ്ട് കമ്പനി തുടങ്ങാൻ ബുദ്ധിമുട്ടുകളുണ്ടായില്ലേ?
ഉണ്ട്. 40 ലക്ഷം ടേൺഓവർ ആയപ്പോൾ ജി.എസ്.ടി. നോട്ടീസ് വന്നു. അപ്പോഴാണ് കുറേ കാര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. പിഴത്തുക അടച്ച് അത് സെറ്റിൽ ചെയ്തു. എനിക്കൊറ്റയ്ക്ക് കന്പനി രജിസ്റ്റർ ചെയ്യാനാവില്ലായിരുന്നു. അതുകൊണ്ട് ഉപ്പയുടെയും ഉമ്മയുടെയും എന്റെയും കൂടെ പാർട്നർഷിപ്പിൽ നിയമപരമായി കമ്പനി രജിസ്റ്റർ ചെയ്തു. ഞാൻ മൈനർ പാർട്നറായി.
പഠനവും ബിസിനസും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നു?
“അതൊന്നും എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. അധ്യാപകരും സുഹൃത്തുക്കളുമൊക്കെ വലിയ പിന്തുണയാണ്. സ്കൂളിലെത്തുമ്പോൾ ഞാനൊരു സാധാരണ വിദ്യാർഥി മാത്രമാണ്. സിനിമ, കളി, പഠനം കൂട്ടുകാർക്കൊപ്പം എല്ലാത്തിലും ഞാനുമുണ്ട്. അവര്‍ക്കൊപ്പം കറങ്ങാൻ പോവാനും സംസാരിച്ചിരിക്കാനുമെല്ലാം. പിന്നെ, എന്റെ സുഹൃത്തുക്കളിൽ ചിലർ എന്റെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.”
പൈസ മാത്രമല്ല ജീവിതം
ബിസിനസിലേക്ക് ഇറങ്ങുമ്പോൾ പൈസയുണ്ടാക്കൽ മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, അതൊക്കെ കുറച്ചുകാലം. അതു കഴിഞ്ഞ് എന്റെ മനസ്സിൽ തോന്നിയത് ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കാൻ പറ്റിയാൽ നല്ലതല്ലേ എന്നാണ്. മണിമേക്കിങ്ങിന് ഇപ്പോൾ രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവുമൊക്കെയേയുള്ളൂ. പിന്നെ, എന്റെ പ്രായത്തിലുള്ളവർ സമയം ചെലവിടുന്നതുപോലെ എല്ലാ വിനോദങ്ങൾക്കും ഞാനും സമയം കണ്ടെത്താറുണ്ട്. പണം അനാവശ്യമായി ചെലവഴിക്കാറുമില്ല.
ഹയർസ്റ്റഡീസിനാണ് മുൻതൂക്കം
Also Read
അധ്വാനിച്ച പണംകൊണ്ട് കുറേ സ്വപ്നങ്ങൾ എനിക്ക് യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ പൈസ ദുരുപയോഗം ചെയ്യാറില്ല. ഭാവിയിൽ യുണൈറ്റഡ് സ്റ്റോർസിന്റെ സ്റ്റോറുകൾ തുറക്കണം. ജി.സി.സി. രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണം. ക്ലോത്തിന്റെ ഇംപോർട്ടിങ് ബിസിനസ് നടത്തണം. നാലു കൊല്ലത്തിനിടയ്ക്ക് എന്റെ പ്ലാനുകളിൽ ഭൂരിഭാഗവും യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ഹയർസ്റ്റഡീസിനായിരിക്കും പ്രാധാന്യം കൂടുതൽ കൊടുക്കുക. പ്ലസ്ടു കഴിഞ്ഞ് എവിടെപ്പഠിക്കണം, എന്തു പഠിക്കണം, പോസ്റ്റുഗ്രാജ്വേഷൻ എന്തായിരിക്കണം എന്നതൊക്കെ ഞാനിപ്പോഴേ തീരുമാനിച്ചുവെച്ചിട്ടുണ്ട്. അതുമായി മുന്നോട്ടു പോകുന്നു.
Content Highlights: minor entrepreneur muhammed anfal's mobile cover business
Published: 14 Jun 2023, 10:03 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented