ഹൈക്കോടതിയില്‍ വക്കീലായിരിക്കുമ്പോഴാണ് വി.ഡി. സതീശന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആദ്യത്തെ സീറ്റ് ലഭിക്കുന്നത്. 1996-ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ സതീശന്‍ തോറ്റെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്‍.എസ്.യു. സെക്രട്ടറിയായും എം.ജി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരുന്ന സതീശന്‍ പറവൂരില്‍ തുടര്‍ന്നു. 
തോല്‍വി ഒന്നിന്റെയും അവസാനമല്ലെന്ന് തെളിയിച്ചു. കന്നിയങ്കത്തില്‍ പതറിയ അതേ പറവൂരില്‍ നിന്ന് പിന്നീട് ജയിച്ച് നിയമസഭയിലെത്തി, ഇന്ന് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവിന്റെ കുപ്പായത്തിലാണദ്ദേഹം. വി.ഡി. സതീശന്‍ എന്ന പ്രതിപക്ഷനേതാവ് വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും എന്നും ജനപക്ഷത്താണ്. ശരികളെ വിവേചിച്ചും തെറ്റിനെ വിചാരണചെയ്തും കേരളരാഷ്ട്രീയത്തിന്റെ അമരത്ത് ആ പഴയ വക്കീലിന്റെ ഉത്സാഹവും കാര്യശേഷിയുമായി അദ്ദേഹം നിറയുന്നു.
തിരക്കുകള്‍ മാറ്റിവെച്ച് കൊച്ചിയിലെ ദ ഗേറ്റ് വേ ഹോട്ടലിലേക്ക് പ്രതിപക്ഷനേതാവ് എത്തുമ്പോള്‍ പ്രിയനേതാവിനോട് ചോദ്യങ്ങള്‍ തൊടുക്കാന്‍ ഒരുകൂട്ടം മിടുക്കികള്‍ കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചിയിലെ വിവിധ കാമ്പസുകളിലെ വിദ്യാര്‍ഥിനികളായ സാന്‍ഡ്ര സാജു, അജ്മി ഹാലിദ്, സ്റ്റെഫിഗ്രാഫ് രാജു, രഞ്ജിത രമേശന്‍ എന്നിവര്‍ പ്രതിപക്ഷനേതാവുമൊത്തിരുന്നപ്പോള്‍ അത് സഭയ്ക്കുപുറത്തൊരു ചോദ്യോത്തരവേളയായി. 

ആദ്യത്തെ തിരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു. ആ തോല്‍വിയാണോ പിന്നീട് വിജയത്തിനുള്ള പാഠമായത്?

1996-ലായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. അന്ന് സാഹചര്യം അത്ര അനുകൂലമായിരുന്നില്ല. ഏറെ വൈകിയായിരുന്നു എന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രചാരണത്തിനായി കിട്ടിയത് 14 ദിവസം മാത്രം. പതിനായിരം വോട്ടിനുമുകളില്‍ തോല്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വമ്പന്‍ തോല്‍വിയേല്‍ക്കാന്‍ പാടില്ലെന്ന് ഉറപ്പിച്ചിരുന്നു. ഇഞ്ചോടിഞ്ച് പൊരുതി. ചെറിയ വോട്ടിന് തോറ്റു. പ്രചാരണത്തിന് രണ്ടുദിവസംകൂടി കിട്ടിയിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തോറ്റെങ്കിലും ഞാന്‍ പറവൂര്‍ വിട്ടില്ല. അവിടെ സജീവമായി തുടര്‍ന്നു. അന്ന് ഞാന്‍ ഹൈക്കോടതിയില്‍ വക്കീലാണ്. പ്രാക്ടീസിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനവും തുടര്‍ന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന തോന്നലൊന്നും അന്നില്ല. എന്തായാലും സീറ്റുകിട്ടിയാല്‍ ജയിക്കണമെന്ന് വാശി ഉള്ളിലുണ്ടായിരുന്നു. ഭാഗ്യത്തിന് അടുത്തതവണ സീറ്റുകിട്ടി. പിന്നീട് പറവൂരില്‍ തുടര്‍ച്ചയായി ജയിക്കാനും സാധിച്ചു.

താങ്കള്‍ ഇന്നേവരെ മന്ത്രിയായിട്ടില്ല എന്നകാര്യം രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കുപോലും വിശ്വസിക്കാന്‍ പ്രയാസമാണ്...

20-25 വര്‍ഷം എം.എല്‍.എ. ആയിട്ടും മന്ത്രിയാകാന്‍ പറ്റാത്ത ഒരുപാടുപേര്‍ വേറേയുമുണ്ടാകും. 2011-ല്‍ മന്ത്രിയാകുമെന്ന് പാര്‍ട്ടിയിലെ പലരും പറഞ്ഞിരുന്നു. ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍, എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. രണ്ടുദിവസമൊക്കെ നിരാശതോന്നിയിരുന്നു. പിന്നെ, എന്ത് നിരാശതോന്നിയാലും അതിനെയൊക്കെ മറികടക്കാന്‍ വായനയാണ് എന്നെ സഹായിക്കുക. വായന നമ്മളെ മറ്റൊരുലോകത്തെത്തിക്കും. അതോടെ ഏതുനിരാശയും മനസ്സില്‍നിന്നൊഴിയും. ഞാന്‍ പല പ്രതിസന്ധികളെയും മറികടന്നത് വായനയിലൂടെയാണ്.

രാഷ്ട്രീയത്തിരക്കുകള്‍ക്കിടയില്‍ വായനയ്ക്ക് സമയം കിട്ടാറുണ്ടോ?

പലരും ഇതേ ചോദ്യം എന്നോടുചോദിക്കാറുണ്ട്. നമ്മള്‍ സ്വയം തീരുമാനിച്ചാല്‍ അതൊക്കെ നടക്കും. ടൈം മാനേജ്മെന്റ് പ്രധാനമാണ്. എം.എല്‍.എ. മാത്രമായിരുന്നപ്പോള്‍ രാത്രി കൃത്യമായി വായന നടക്കുമായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷനേതാവിന്റെ റോള്‍കൂടി വന്നപ്പോള്‍ സമയം പാലിച്ചുള്ള വായനയൊന്നും നടക്കില്ല. താത്പര്യമനുസരിച്ചായിരിക്കും ഓരോദിവസവും വായനയുടെ നീളം. മലയാളപുസ്തകമാണെങ്കില്‍ 100 പേജ് വരെയൊക്കെ വായിക്കും. ഇംഗ്ലീഷ് ഫിക്ഷനാണെങ്കില്‍ 50 പേജൊക്കെയും. വിഷയം ശാസ്ത്രമാണെങ്കില്‍ അത്രയും പോകില്ല. ചില പുസ്തകങ്ങള്‍ രസകരമായി തോന്നിയാല്‍ സമയവും പേജിന്റെ എണ്ണവുമൊന്നും നോക്കില്ല, പുലരുംവരെ ഇരിക്കും. യാത്രയില്‍ പരമാവധി വായിക്കാന്‍ ശ്രമിക്കും. ട്രെയിനിലും വിമാനത്തിലും പുസ്തകം കൈയില്‍ കരുതാറുണ്ട്. കാറിലിരുന്ന് വായിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാലും ഇടയ്‌ക്കൊക്കെ അങ്ങനെയും വായിക്കും.

പുസ്തകങ്ങള്‍ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. കുമാരനാശാന്റെ 'കരുണ' വല്ലാതെ അലട്ടിയ രചനയാണ്. എല്ലാവിധ സന്തോഷങ്ങളിലും ജീവിക്കുന്ന വാസവദത്തയാണ് തുടക്കത്തില്‍. പക്ഷേ, അവസാനത്തിലേക്കെത്തുമ്പോഴോ, അവരുടെ ജീവിതം ദുരിതത്തില്‍ മുങ്ങിപ്പോകുന്നത് കാണാം. മനുഷ്യജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ഇതിലും നന്നായി പറയുന്നതെങ്ങനെ. കരുണ ഇടയ്ക്കിടെ മനസ്സിലേക്ക് കയറിവരാറുണ്ട്. വായനയിലൂടെ നമ്മള്‍ സ്വയം നവീകരിക്കപ്പെടും. ചില ആത്മകഥകളും നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഗാന്ധി, നെഹ്റു, മൗലാന ആസാദ്... ഇവരുടെയൊക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അവരൊക്കെയും ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ മറികടന്നുവെന്ന് ആ പുസ്തകങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. അത് പലപ്പോഴും പൊതുജീവിതത്തില്‍ സഹായിച്ചിട്ടുമുണ്ട്.

കാടും കടലും... ഇഷ്ടങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാമോ?

ചെറുപ്പംതൊട്ടേ ട്രക്കിങ്ങിനോടിഷ്ടമാണ്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ട്രക്കിങ് സ്‌പോട്ടുകളിലും ഞാന്‍ കയറിയിട്ടുണ്ട്. അഗസ്ത്യാര്‍കൂടം, ബന്ദിപ്പുര്‍, സൈലന്റ് വാലി, മുതുമല, മുത്തങ്ങ, കബനി അടക്കമുള്ള സ്ഥലങ്ങളില്‍. സുഹൃത്തുക്കളുടെകൂടെയായിരിക്കും അധികവും. ചില യാത്രകളില്‍ കുടുംബത്തെയും കൂട്ടും. ഒരിക്കല്‍ കുടുംബവും കൂട്ടുകാരുമായി മണ്ണാര്‍ക്കാടിനടുത്തുള്ള പട്ട്യാര്‍ ബംഗ്ലാവിലേക്ക് പോയി. രാവിലേ ഞാനും മകള്‍ ഉണ്ണിമായയും കുറച്ച് സുഹൃത്തുക്കളും നടക്കാനിറങ്ങി. ഭാര്യ ലക്ഷ്മിപ്രിയ റൂമില്‍ത്തന്നെ ഇരുന്നു. ഉണ്ണിമായക്ക് അന്ന് 12 വയസ്സേ ആയിട്ടുണ്ടാവുകയുള്ളൂ. ആ നടത്തത്തിനിടെ ഞങ്ങള്‍ ഒരുകൂട്ടം ആനകള്‍ക്കുമുന്നിലെത്തി. ചെറിയൊരു പേടിയൊക്കെ തോന്നി. പക്ഷേ, എന്തോ ഒരു ധൈര്യമുണ്ടായിരുന്നു ഉള്ളില്‍. കടലും ഭയങ്കര ഇഷ്ടമാണ്. ഇടയ്ക്കിടെ കടല്‍യാത്രകള്‍ നടത്തും. ഫിഷിങ് ബോട്ടിലും കപ്പലിലുമൊക്കെ യാത്രചെയ്തിട്ടുണ്ട്.

സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടോ ഇപ്പോഴും?

കോളേജില്‍ പഠിക്കുമ്പോഴുണ്ടായിരുന്ന എല്ലാ ചങ്ങാത്തങ്ങളും ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഞങ്ങള്‍ ഇടയ്ക്കിടെ ഒത്തുചേരും. എസ്.എച്ച്. കോളേജിലെ സുഹൃത്തുക്കളുമൊത്ത് ഇപ്പോഴും ഇടയ്ക്കിടെ യാത്രചെയ്യാറുണ്ട്. ഈയടുത്ത് തേക്കടിയില്‍ പോയി. അവിടെ ലേക്ക് പാലസില്‍ താമസിച്ച് ട്രക്കിങ്ങും നടത്തി. 

പ്രതിപക്ഷനേതാവിന് ഭാര്യ കുടുംബനാഥനുള്ള മാര്‍ക്കിട്ടാല്‍ എത്ര മാര്‍ക്ക് കിട്ടും?

പാസ് മാര്‍ക്കേ ഉണ്ടാകൂ... ഭാര്യയും മകളും ആഗ്രഹിക്കുന്നത് എന്റെ സാന്നിധ്യമാണ്. എന്നാല്‍, എനിക്ക് കൊടുക്കാന്‍ കഴിയാത്തതും അതാണ്. പൊതുപരിപാടികളില്‍ എന്റെ കൂടെ പങ്കെടുക്കാനോ, നമുക്കുള്ള മറ്റുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനോ അവര്‍ക്ക് ആഗ്രഹമില്ല. നമ്മള്‍ കൂടെയിരിക്കണമെന്നുമാത്രമാണ് ആഗ്രഹം. പരമാവധി സമയം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. നാട്ടുകാരോടെന്നപോലെ വീട്ടുകാരോടും നീതിപുലര്‍ത്തണ്ടേ. എന്റെ പരിമിതികളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ മടിക്കാത്ത നേതാവാണോ വി.ഡി. സതീശന്‍?

ആലോചിച്ചിട്ടേ എന്തും പറയാറുള്ളൂ. ഞാന്‍ പറഞ്ഞതുകൊണ്ട് വലിയ പ്രശ്‌നമുണ്ടാകുമെന്ന പേടിയൊന്നുമില്ല. ശരികേട് കണ്ടാല്‍ ചൂണ്ടിക്കാണിക്കും. ശരിയെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ പറയാനും പറ്റില്ല. പറയേണ്ടത് ശരിയായ സ്ഥലത്ത് ശരിയായ രീതിയില്‍ പറയും.

വിമര്‍ശനങ്ങളെയും ട്രോളുകളെയും എങ്ങനെ കാണുന്നു?

വിമര്‍ശനം കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ ചെറിയ ദേഷ്യം തോന്നുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. വിമര്‍ശനം വന്നാല്‍ ആത്മപരിശോധന നടത്തും. കഴമ്പുണ്ടെങ്കില്‍ അതിനെ ക്രിയാത്മകമായി സ്വീകരിക്കും. ട്രോളുകളും അങ്ങനെതന്നെ. നമ്മള്‍ ഫോക്കസിലുണ്ടെങ്കിലേ ട്രോളുകളുണ്ടാകുകയുള്ളൂ. ട്രോളുകള്‍ നന്നായി ആസ്വദിക്കും. പിന്നെ ചിലരുണ്ട്, മനഃപൂര്‍വം അപമാനിക്കാനായി ട്രോളുണ്ടാക്കുന്നവര്‍. അതിനെയൊന്നും ഗൗരവത്തോടെ കാണാറില്ല.