'ദിവസം കഴിയുംതോറും ഇസഹാക്ക് കൂടുതല്‍ കുറുമ്പനായി മാറുകയാണ്. ഏതൊരു അപ്പനെയുംപോലെ, കണ്‍മുന്‍പിലെ മകന്റെ വളര്‍ച്ച ഞാനും നോക്കിക്കാണുന്നു, ആസ്വദിക്കുന്നു.
വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവന്റെ കഴിവ് കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഈ പ്രായത്തില്‍ ഇവന്‍ ഇത്രയ്ക്കായോ എന്നു തോന്നിപ്പിക്കുന്ന ചില നമ്പറുകളെല്ലാം ഇസ പുറത്തെടുക്കുന്നുണ്ട്. പ്രിയയെ അത്യാവശ്യത്തിന് പഞ്ഞിക്കിടാന്‍ തുടങ്ങി, ഭാര്യയെ മകന്‍ ചുറ്റിക്കുന്നത് കണ്ടിരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാനഹോബി.'' മകന്‍ ഇസഹാക്കിനൊപ്പമുള്ള ചിരിനിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയതാരം സംസാരിച്ചുതുടങ്ങിയത്. 

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി ചിത്രങ്ങള്‍, സിനിമയിലെ സുവര്‍ണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് 
എന്നു തോന്നുന്നുണ്ടോ?

സിനിമ നല്‍കുന്ന പ്ലസും മൈനസും നേരിട്ടറിഞ്ഞ ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സിനിമാ പാരമ്പര്യമുള്ള തറവാട്ടില്‍നിന്ന്  ഒട്ടും താത്പര്യമില്ലാതെ അഭിനയിക്കാനിറങ്ങിയിട്ടും വലിയ വിജയം സമ്മാനിച്ച്  സിനിമ എന്നെ സ്വീകരിച്ചു. അനിയത്തിപ്രാവ് മലയാളത്തിലെ വലിയ വിജയമായി. നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകണമെങ്കില്‍  കഠിനാധ്വാനം ചെയ്യേണ്ടിവരും. അതില്ലാതെ വരുമ്പോള്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്. സിനിമയില്‍നിന്ന് ഒരു ഇടവേളയെടുത്ത് കുറച്ചുകാലം മാറിനിന്നു. എന്നാല്‍  സിനിമതന്നെയാണ് എന്റെ വഴിയെന്ന് പിന്നീട് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു.
അനിയത്തിപ്രാവ് എന്ന ഹിറ്റ്ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നു. നല്ലവേഷങ്ങള്‍ ചെയ്യുക എന്നതുമാത്രമാണ് പിന്നീട് ശ്രദ്ധിച്ചത്. ചെറിയവേഷങ്ങളും ഗസ്റ്റ് റോളുകളും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊപ്പവുമെല്ലാം സഹകരിച്ചു. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുനീങ്ങുന്നതിന്റെ വിജയമാകും ഇന്ന് ലഭിക്കുന്ന ചിത്രങ്ങളെല്ലാം.
കഴിവും കഠിനാധ്വാനവുമല്ല ഭാഗ്യമാണ് ഒരു നടനെ പ്രശസ്തിയിലേക്കുയര്‍ത്തുന്നത് എന്ന വാദം സിനിമയ്ക്കുള്ളില്‍നിന്ന് നിരന്തരം കേള്‍ക്കാറുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാടുപേരുണ്ട്, പ്രയാസങ്ങള്‍  സഹിക്കാതെതന്നെ പേരും പ്രശസ്തിയും നേടിയവരെയും ഈ മേഖലയില്‍ കാണാം.എന്റെ ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമനല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. യാതൊരു കഠിനാധ്വാനവുമില്ലാതെ ഒട്ടും താത്പര്യമില്ലാതെ സിനിമയിലേക്കെത്തി സൂപ്പര്‍ ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടംനേടിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ രണ്ടാംവരവില്‍ വിജയിക്കാനായി വലിയ ഹോംവര്‍ക്കുകളും കഠിനാധ്വാനവും വേണ്ടിവന്നു. ഏതുമേഖലയിലും എന്നപോലെ കഴിവും അധ്വാനവും ഭാഗ്യവുമെല്ലാം സിനിമയിലും ഒരു ഘടകം മാത്രമാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ മാത്രം ലോകമാണ്. എന്നാല്‍,മറ്റേതുമേഖലയെ പോലെയും ഇവിടെയും പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ട്.

സിനിമയില്‍ നായകവേഷം വേണം, കഥയിലെ  കേന്ദ്രകഥാപാത്രമാകണം തുടങ്ങിയ നിര്‍ബന്ധബുദ്ധിയൊന്നും ചാക്കോച്ചന്‍ കാണിക്കാറില്ല. നായികാപ്രാധാന്യമുള്ള സിനിമകളില്‍പോലും ചെറിയ സ്‌ക്രീന്‍ സ്‌പേസില്‍ വന്നുപോകുന്നു. ഇത്തരം തീരുമാനങ്ങളിലേക്കെത്തിയത് എങ്ങനെയാണ്.

നല്ല സിനിമകളുടെ ഭാഗമാകണം എന്ന നിര്‍ബന്ധബുദ്ധി മാത്രമാണ് ഇന്നുള്ളത്.കഥാപാത്രത്തിന്റെ സ്‌ക്രീന്‍ സ്‌പേസ് നോക്കിയല്ല സിനിമയുടെ ഭാഗമാകുന്നത്.  അഭിനയിക്കുന്ന വേഷം പ്രേക്ഷകമനസ്സില്‍ ഇടംനേടുമോ, മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണോ എന്നെല്ലാമാണ് ചിന്തിക്കുന്നത്.ഇങ്ങനെ അഭിനയിച്ച സിനിമകളെല്ലാം എനിക്ക് സമ്മാനിച്ച നേട്ടങ്ങള്‍ വലുതാണ്. ഹൗ ഓള്‍ഡ് ആര്‍ യുവും ടേക്ക് ഓഫുമെല്ലാം ആഹ്ലാദംനല്‍കിയ വിജയങ്ങളാണ്.പ്രേക്ഷകര്‍ സ്വീകരിക്കുന്ന വലിയചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ എത്തുന്നതുപോലും അഭിമാനമായാണ് കാണുന്നത്. സഹകരിക്കുന്ന സിനിമകളിലെല്ലാം എന്റെ തല എന്റെ ഫുള്‍ഫിഗര്‍ എന്ന നിലപാടെടുത്തിരുന്നെങ്കില്‍  നല്ല ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ കഴിയാതെ പോയേനെ.

ആദ്യകേള്‍വിയില്‍ത്തന്നെ ഇഷ്ടപ്പെട്ട് സഹകരിക്കാമെന്നുറപ്പിച്ച കഥകളും, ഒരുപാട് ദിവസം ആലോചിച്ച്  'യെസ്' പറഞ്ഞ വേഷങ്ങളും ഉണ്ടായിട്ടില്ലേ... ഒരു സിനിമയുമായി സഹകരിക്കാമെന്ന് ഉറപ്പിക്കുന്നത് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിച്ചാണ്

കഥപറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്. ആദ്യകേള്‍വിയില്‍ത്തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്.
ചില കഥകള്‍ കേട്ടുകഴിയുമ്പോള്‍ത്തന്നെ 'യെസ് 'പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടിവരില്ല. മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയുടെ കഥ അത്തരത്തിലൊന്നാണ്.
അഞ്ചാംപാതിരയും കഥകേട്ടപാടെ ഓക്കെ പറയുകയായിരുന്നു. പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല എങ്കിലും അഞ്ചാംപാതിര  ത്രില്ലടിപ്പിച്ചു. അഞ്ചാംപാതിരയുടെ കഥ കേട്ടുകഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍നിന്ന് അടിച്ചെടുത്തതാണ് എന്നാണ്. ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നുപറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്നചിന്തയാണ് 'നോ' പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയത്.

ചാക്കോച്ചന്‍ സിനിമകളുടെ ലൊക്കേഷനിലെല്ലാം ഭാര്യ പ്രിയയെയും കാണാം, ഭാര്യയുടെ സിനിമാനീരീക്ഷണങ്ങള്‍

സിനിമ കാണാനും, പുതിയ വിശേഷങ്ങള്‍ അറിയാനും ഇഷ്ടപ്പെടുന്ന ആളാണ് പ്രിയ. ഒരു ശരാശരി മലയാളിപ്രേക്ഷകയെപോലെ രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്താണ് ഭാര്യ.
റൊമാന്റിക് സിനിമകളും വൈകാരിക ചിത്രങ്ങളും കോമഡി പടങ്ങളുമെല്ലാം ഇഷ്ടപ്പെടുന്നകൂട്ടത്തിലാണ്. ആക്ഷന്‍സിനിമകളോട് വലിയ താത്പര്യമില്ല. എന്റെ സിനിമകളെക്കുറിച്ച് കൃത്യമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. വിമര്‍ശനങ്ങള്‍ മുഖത്തുനോക്കിപറയാന്‍ യാതൊരു മടിയുമില്ല. എന്റെ ആദ്യകാല സിനിമകളില്‍  അനിയത്തിപ്രാവിനോടുതന്നെയാണ് ഇഷ്ടക്കൂടുതല്‍.
 
അഭിനയിച്ച വേഷങ്ങളില്‍  മനസ്സിനോട് ചേര്‍ന്നുനിന്ന,ഏറെനാള്‍  ഒപ്പം സഞ്ചരിച്ച കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ടോ...

ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നത് സത്യമാണ്. മുന്‍പ് ഇങ്ങനെ പലരും പറയുമ്പോള്‍, 'കഥാപാത്രം വിട്ടുപോകുന്നില്ല' എന്ന ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ കുറച്ച് ഓവറല്ലേ  ഇത്തരം സംസാരമെന്ന്‌തോന്നിയിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയെക്കുറിച്ച് എനിക്കറിയാം. അഭിനയിച്ചുകഴിഞ്ഞശേഷവും വിട്ടുമാറാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ചിലപ്പൊഴൊക്കെ ഉണ്ടാകും. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചില മാനസികാവസ്ഥകളായിരിക്കും അഭിനയിച്ചവസാനിപ്പിച്ച ശേഷവും അവ നമ്മെ പിന്തുടരാന്‍ കാരണം. ടേക്ക് ഓഫിലെയും രാമന്റെ ഏദന്‍തോട്ടത്തിലെയും കഥാപാത്രങ്ങള്‍  അത്തരത്തില്‍ എനിക്കൊപ്പം സഞ്ചരിച്ചവയാണ്. ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അറിഞ്ഞോ അറിയാതെയോ ചില സന്ദര്‍ഭങ്ങള്‍ മനസ്സിനെ അലട്ടിയിരുന്നു. ആ വേഷം ചെയ്തവസാനിപ്പിച്ചിട്ടും അതിന്റെ അലകള്‍ പിന്‍തുടര്‍ന്നു. മറികടക്കുക എളുപ്പമായിരുന്നില്ല.