തൃഷയും സൂര്യയും ഒരുമിക്കുന്ന 'കറുപ്പ്' മെയ് 15-നാണ് റിലീസായത്. ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന സിനിമ ചില സാമ്പത്തികപ്രതിസന്ധികൾ തരണംചെയ്താണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഇതിൽ തൃഷയുടെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തത് ഗായിക കൂടിയായ ചിൻമയി ശ്രീപദയാണ്. അവരുടെ ഡബ്ബിങ്ങും പ്രശംസകളേറ്റുവാങ്ങുന്നുണ്ട്. അതിനെക്കുറിച്ച് തുറന്നുപറയാൻ താൻ ഭയപ്പെട്ടിരുന്നുവെന്നും അതിന് കാരണമിതാണെന്നും ചിൻമയി പറയുന്നു.

'X'-ലൂടെയാണ് അവർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ''വിചിത്രമായി തോന്നുന്നു. എങ്കിലും ഞാനിത് പറയുകയാണ്. ഇത്തവണ കറുപ്പിന് ഞാൻ ഡബ്ബ് ചെയ്ത വിവരം പങ്കിടാൻ ഞാൻ ശരിക്കും ഭയപ്പെട്ടു''.

സംവിധായകൻ ബാലാജിയെയും ഭാര്യ ദിവ്യ നാഗരാജനെയും വളരെക്കാലമായി അറിയാമെന്നും, തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോൾ ലിയോയുടെ ടീം നേരിട്ടതുപോലെയുള്ള തിരിച്ചടികൾ അവർ നേരിടേണ്ടിവരരുതെന്ന് താൻ ആഗ്രഹിച്ചെന്നും ചിൻമയി വിശദീകരിക്കുന്നു. ''ആർ ജെ ബാലാജിയെ എനിക്ക് വളരെക്കാലമായി അറിയാം. അദ്ദേഹവും ഭാര്യയും വളരെ സ്‌നേഹമുള്ള ആളുകളാണ്. ആർ.ജെ. ബാലാജിയുടെ ജീവിതം മുഴുവൻ മനക്കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വളരെ കഠിനാധ്വാനം ചെയ്യുന്ന ഒരു പുരുഷന്റെയും കഥയാണ്. അദ്ദേഹത്തെയും കുടുംബത്തെയും എനിക്ക് നന്നായി അറിയാമായിരുന്നതുകൊണ്ടാകാം, അദ്ദേഹത്തിന് എന്ത് തിരിച്ചടിയായിരിക്കും കിട്ടുമെന്നത് ആലോചിച്ച് ഞാൻ ഭയപ്പെട്ടു. 'ലിയോ'യ്ക്കുവേണ്ടി ഡബ്ബ് ചെയ്തതും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും എനിക്ക് ഓർമയുള്ളതുകൊണ്ടാവാം''.

ചിത്രത്തിലെ ചില രംഗങ്ങൾ ട്രിഗർ ചെയ്യുന്നുണ്ടെന്നും ചിന്മയി വെളിപ്പെടുത്തി. ''ചിത്രത്തിലെ രണ്ട് രംഗങ്ങൾ കരഞ്ഞുകൊണ്ട് ഡബ്ബ് ചെയ്തത് എനിക്ക് ഓർമ്മയുണ്ട്. പഴയതെല്ലാം വലിയ സ്‌ക്രീനിൽ കാണുന്നതുപോലെ ഒരു തോന്നലായിരുന്നു''. ഡബ്ബ് ചെയ്യാൻ അവസരം നൽകിയതിന് ബാലാജിയോട് ചിൻമയി നന്ദിയും രേഖപ്പെടുത്തി. ''എന്റെ സ്വന്തം നാട്ടിൽ ഭയമില്ലാതെ ജോലി ചെയ്യാനും അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഭയപ്പെടാതെ പ്രവർത്തിക്കാനും കറുപ്പു സാമി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ട എന്റെയും മറ്റുള്ളവരുടെയും വിലക്ക് നീക്കാൻ ദൈവം സഹായിക്കട്ടെ''.

സിനിമാമേഖലയിലെ ലൈംഗിക പീഡനങ്ങൾക്കെതിരെ സംസാരിച്ചതിന് 2018-ൽ ചിന്മയിയെ തമിഴ് ഡബ്ബിങ് യൂണിയനിൽ നിന്ന് പുറത്താക്കുകയും യൂണിയൻ പ്രസിഡന്റായി രാധാ രവിയെ നിയമിക്കുകയും ചെയ്തു. ആ വിലക്കിനെയെല്ലാം മറികടന്നാണ് വിജയ് ചിത്രമായ 'ലിയോ'യിൽ തൃഷയ്ക്കായി ഡബ്ബ് ചെയ്യാൻ സംവിധായകൻ ലോകേഷ് കനകരാജും നിർമാതാവ് ലളിത്കുമാറും ചിൻമയിയെ സമീപിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ പതിപ്പുകളിൽ ചിൻമയി ഡബ്ബ് ചെയ്തു.

സൗത്ത് ഇന്ത്യൻ സിനി-ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും ഡബ്ബിങ് ആർട്ടിസ്റ്റുകളുടെയും യൂണിയനിൽനിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടായി. ചിൻമയിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാൻ ലോകേഷ് 50,000 രൂപ പിഴ നൽകിയെന്നും യൂണിയൻ അവകാശപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi