ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ഗൗതം വാസുദേവ് മേനോന്‍റെ ‘ധ്രുവ നച്ചത്തിറം’ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഏതാനും വർഷങ്ങൾക്കിടെ, പല തവണ റീലിസ് മാറ്റിയ ഈ വിക്രം ചിത്രം ഇക്കൊല്ലം തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ, തൻ്റെ സാമ്പത്തികബാധ്യതകൾ തീർക്കാൻ വിവിധ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകനിപ്പോൾ. വിജയ് നായകനായ ‘ലിയോ’ ആണ് കടങ്ങൾ തീർക്കാൻ തന്നെ പ്രധാനമായും സഹായിച്ചതെന്ന് ഗൗതം പറയുന്നു.
സാമ്പത്തിക ബാധ്യതകൾ കൊണ്ടു മാത്രമാണ് പല സിനിമകളിലും അഭിനയിക്കാൻ തയ്യാറായതെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഗൗതം പറഞ്ഞു.
"ധ്രുവ നച്ചത്തിറത്തിന്റെ റിലീസിനെ പിന്തുണച്ച് ആരും മുന്നോട്ട് വന്നില്ല, അതിനാൽ ഞാൻ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ചു. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ലിയോ വലിയ പങ്കുവഹിച്ചു. ഇപ്പോൾ, ധ്രുവ നച്ചത്തിറത്തിന്‍റെ സെൻസറിങ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒരു ചെറിയ പ്രശ്നം മാത്രമേ ബാക്കിയുള്ളൂ, അത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും." അദ്ദേഹം പറഞ്ഞു.
വിക്രം നായകനായെത്തുന്ന ചിത്രം ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ്. ഗൗതമിന്റെ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് നിർമാണവും. 2013-ൽ സൂര്യയെ നായകനാക്കി ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. പക്ഷേ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടു.
2015-ൽ വിക്രമിനെ നായകനാക്കി പ്രോജക്റ്റ് ചെയ്യാനും 2017-ൽ റിലീസ് ചെയ്യാനും പദ്ധതിയിട്ടിരുന്നു. എങ്കിലും, സംവിധായകന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഡേറ്റുകൾ നീണ്ടുപോയി. 2023 നവംബറിൽ റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും വീണ്ടും മാറ്റിവെച്ചു. എന്നാൽ പ്രശ്നങ്ങളെല്ലാം തീർത്ത് മാർച്ചോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
വിക്രമിനെക്കൂടാതെ, ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ. പാർഥിപൻ, രാധിക ശരത്കുമാർ, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തെ ഒരു ഫ്രാഞ്ചൈസിയായി വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് സംവിധായകൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gautham Menon reveals how Vijay`s Leo aided his financial recovery, paving the way for Dhruva Natchathiram`s release. Find out how acting roles helped.
Published: 10 Feb 2026, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented