ചിന്മയിയുടെ സ്വരഭംഗിയിൽ ഒഴുകിയെത്തിയ 'നീലോത്തി'യും കെൻ കരുണാസിന്റെ 'യൂത്തി'ലെ 'മിനുക്കി'യും അനിഷ്മയ്ക്ക് വെറും ഹിറ്റ് പാട്ടുകളുടെ ഓർമ്മകളല്ല; ആ ഗാനങ്ങളോടൊപ്പംതന്നെ തിരശ്ശീലയിൽ ശ്രദ്ധിക്കപ്പെട്ട തന്റെ കഥാപാത്രങ്ങളുടെ അടയാളങ്ങളുമാണ്. പൂവൻ, I AM കാതലൻ, മരണമാസ്സ്, സിറൈ, യൂത്ത്...തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലുമായി ആറേഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ യുവതാരം, നല്ല കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക പ്രകടനങ്ങളിലൂടെയും ജനപ്രീതി സ്വന്തമാക്കിയ സന്തോഷത്തിലാണ്.

ഒരു പുതുമുഖത്തിന്റെ ആദ്യപരിചയം പിന്നിട്ട്, ഇരു ഭാഷകളിലുമുള്ള പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷകൾ നിറയ്ക്കുന്ന അഭിനേത്രിയായി അനിഷ്മ വളർന്നുകഴിഞ്ഞു. സിനിമയെന്ന പുതുലോകം തനിക്ക് തുറന്നിട്ട വഴികളെയും സ്വപ്നങ്ങളെയും കുറിച്ച് അനിഷ്മ മനസ്സ് തുറക്കുന്നു.

'സിറൈ' സിനിമയുടെ വിജയാഘോഷം തീരുന്നതിനുമുൻപേയാണ് അടുത്ത ചിത്രം 'യൂത്തും' സൂപ്പർഹിറ്റായത്. തമിഴിലെ തുടക്കം ഗംഭീരമായല്ലോ?
വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ഇതെല്ലാം. 'I AM കാതലൻ' സിനിമ ഇറങ്ങിയ സമയത്ത് എന്നെ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയിൽനിന്ന് ബന്ധപ്പെട്ടിരുന്നു. വെട്രിമാരൻസാറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് സുരേഷ് രാജകുമാരിസാർ. അദ്ദേഹമാണ് 'സിറൈ'യുടെ സംവിധായകൻ. സുരേഷ് സാർ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും വിക്രം പ്രഭുവാണ് നായകനെന്നും സെക്കൻഡ് ഹീറോ അക്ഷയും സംഗീതസംവിധാനം ജസ്റ്റിൻ പ്രഭാകരനുമാണെന്നും ഒക്കെ പറഞ്ഞ് മെസേജ് വന്നു. പറ്റിക്കാൻവേണ്ടി ആരോ ചെയ്യുന്നതാണെന്നാണ് കരുതിയത്. ഫെയ്ക്കാണെന്ന് കരുതിയ ആ മെസേജാണ് ജീവിതം മാറ്റിയത്. പിന്നെ, അവിടെച്ചെന്ന് ഓഡിഷൻ അറ്റെൻഡ് ചെയ്തു. അങ്ങനെ എല്ലാം സെറ്റായി.
തമിഴ്താരം കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായ ചിത്രമാണ് 'യൂത്ത്'. തമിഴ്‌സിനിമയിൽ അഭിനയിക്കുന്നത് വലിയ സന്തോഷമാണ്. കുഞ്ഞിലേ ഒരുപാട് തമിഴ്‌സിനിമകൾ കാണുമായിരുന്നു. അച്ഛൻ കമൽ ഹാസൻ സാറിന്റെ വലിയ ആരാധനകനാണ്. തുടരെ തമിഴ് ചിത്രങ്ങൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ഒരു പ്രോജക്ടുകൂടി ഏറ്റെടുത്തിട്ടുണ്ട്. മലയാളത്തിൽനിന്ന് നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ്.

നീലോത്തി, മുട്ടകലക്കി എന്നീ പാട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്…
രണ്ട് സിനിമകൾക്കും അതിലെ പാട്ടുകൾക്കുമൊക്കെ ഇത്രവലിയ സ്വീകാര്യത ലഭിക്കുമെന്ന്  പ്രതീക്ഷിച്ചതല്ല. ഞാൻ ഇൻസ്റ്റഗ്രാം കൂടുതലായി നോക്കാറില്ല. അമ്മയാണ് റീലുകൾ അയച്ചുതരുന്നത്. ഞാൻ അഭിനയിച്ച സിനിമകളിലെ പാട്ടായതുകൊണ്ടാണ് അമ്മ റീലുകൾ അയച്ചുതരുന്നതെന്നാണ് ആദ്യമൊക്കെ വിചാരിച്ചത്. നീലോത്തി എന്ന ഗാനം വലിയ ജനപ്രീതി നേടിയെന്നത് പിന്നീടാണ് മനസ്സിലായത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ കലൈരസി എന്ന് ആളുകൾ എന്നെ വിളിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇതൊക്കെ എന്റെ വലിയൊരു സ്വപ്നമായിരുന്നു. അതെല്ലാം അനുഭവിക്കുമ്പോൾ സന്തോഷവും നന്ദിയുമുണ്ട്.

സിനിമയിലെത്തുന്നത് എങ്ങനെയാണ്?
സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. കൊറോണസമയത്താണ് ഓഡിഷന് അയക്കുന്നത്. അന്ന് ഞാൻ അഭിനയിക്കുന്നതിൽ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് വീട്ടിൽ പറയാതെയാണ് ഓഡിഷന് അയച്ചത്. എന്റെ കൈയിൽ നല്ല ഒരു ഫോട്ടോപോലും ഉണ്ടായിരുന്നില്ല. സുഹൃത്ത് എടുത്തുതന്ന ഒരു ഫോട്ടോവെച്ച് ഇൻട്രൊഡക്ഷൻ വീഡിയോ ഉണ്ടാക്കി 'പൂവൻ' സിനിമയുടെ ഓഡിഷന് അയക്കുകയായിരുന്നു. എന്തോ ഭാഗ്യത്തിന്, ദൈവാനുഗ്രഹംകൊണ്ട് കിട്ടി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്.
വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്തത്. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് സിനിമ നിർമിച്ചത്. ആദ്യത്തെ സിനിമയാണെങ്കിൽപ്പോലും എനിക്ക് ആ ടീം നൽകിയ പിന്തുണ വളരെ വലുതാണ്. ഇന്നും അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അത്രയ്ക്ക് സ്‌പെഷ്യലായ സിനിമയാണത്. സിനിമ എന്താണെന്നും എന്തൊക്കെയാണ് പഠിക്കേണ്ടതെന്നും കാണിച്ചുതന്ന വലിയൊരു ലോകം എനിക്ക് അതിലൂടെ തുറന്നുകിട്ടി.
പൂവൻ കഴിഞ്ഞിട്ടാണ് ഗിരീഷേട്ടൻ എന്നെ I AM കാതലനിലേക്ക് തിരഞ്ഞെടുക്കുന്നത്. ഗിരീഷേട്ടന്റെ പടത്തിൽ അഭിനയിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. I AM കാതലനിലെ ശില്പയും 'മരണമാസ്സി'ലെ ജെസിയുമൊക്കെ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മരണമാസ്സിലേത് കോമഡി ടച്ചുള്ള കഥാപാത്രമാണ്. വളരെ രസിച്ചുചെയ്‌തൊരു കഥാപാത്രമായിരുന്നു അത്. സംവിധായകൻ ശിവപ്രസാദ് ചേട്ടൻ, തിരക്കഥ എഴുതിയ സിജു സണ്ണി ചേട്ടൻ, ബേസിലേട്ടൻ, ടൊവിനോ ചേട്ടൻ... അങ്ങനെയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതാണ് ഏറ്റവും സന്തോഷം. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്, സിനിമയിൽനിന്ന് കിട്ടിയ നല്ല സുഹൃത്തുക്കൾ... വ്യക്തമായ വിമർശനങ്ങളും കൃത്യമായ ഉപദേശങ്ങളും ഞാൻ സ്വീകരിച്ചിട്ടുള്ളത് സിനിമാസുഹൃത്തുക്കളിൽനിന്നാണ്. ആ സൗഹൃദങ്ങൾ എനിക്ക് എന്നും വിലപ്പെട്ടതാണ്.

placeholder

 

സിനിമയാണ് കരിയർ എന്ന് തീരുമാനിച്ചത് എപ്പോഴാണ്?
'പൂവൻ' ഇറങ്ങി ഒന്നരവർഷം കഴിഞ്ഞാണ് I AM കാതലൻ റിലീസാകുന്നത്. ആ കാലയളവിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരുപാട് ആഗ്രഹിച്ചിട്ട്, വീട്ടുകാരോടൊക്കെ വഴക്കിട്ടാണ് ഒരു ഓഡിഷനൊക്കെ സെറ്റാക്കുന്നത്. സ്വപ്നംകണ്ടതുപോലെ ഒരു വഴി തെളിഞ്ഞുവന്നപ്പോൾ വീണ്ടും തടസ്സങ്ങളാണല്ലോ എന്ന് തോന്നി. എന്ത് ചെയ്യണമെന്നറിയാതെ മനസ്സാകെ അസ്വസ്ഥമായി. ആ ഒന്നരവർഷം തിരുവനന്തപുരംതൊട്ട് കോഴിക്കോടുവരെ ഒരുപാട് ഓഡിഷനുകൾ അറ്റെൻഡ് ചെയ്തു. 2025-ൽ ഇറങ്ങിയ മിക്ക ചിത്രങ്ങളുടെയും ഓഡിഷന് ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, ഒന്നിലും ഞാനുൾപ്പെട്ടില്ല. വീട്ടിൽ വന്ന് കരയുകയെന്നതല്ലാതെ വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അമ്മയോടും അച്ഛനോടും ഒന്നും പറയാൻ പറ്റില്ല. കാരണം ഇതറിഞ്ഞാൽ നീ തിരിച്ചുവന്ന് പി.എസ്.സി.ക്ക് പഠിച്ചോ എന്ന് പറയും. അവർക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് തീരെ താത്പര്യമില്ല. എന്റെ ജീവിതത്തെപ്പറ്റി അവർക്കും കരുതലും സ്വപ്നങ്ങളുമുണ്ടല്ലോ. അവരെ പറഞ്ഞുമനസ്സിലാക്കുക എന്നത് പാടായിരുന്നു. ഒരുവശത്ത് എന്റെ സ്വപ്നം. മറുവശത്ത്, അച്ഛന്റെയും അമ്മയുടെയും ആശങ്ക. ഒരായിരം ചോദ്യങ്ങളാണ് മനസ്സിലൂടെ ഓടിനടന്നത്. പക്ഷേ, അപ്പോഴും ഉള്ളിന്റെയുള്ളിൽ പ്രതീക്ഷയുണ്ടായിരുന്നു. എല്ലാ ദിവസവും പ്രാർഥനയായിരുന്നു. അത്രത്തോളം ഞാനാഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയിരിക്കേയാണ് 'മരണമാസ്സി'ലേക്ക് എന്നെ വിളിക്കുന്നത്. പിന്നെ ഒരിക്കലും അഭിനയം വിടണമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. അതുമാത്രമാണ് എനിക്കിഷ്ടം. അതാണ് സ്വപ്നവും. അഭിനയിക്കണമെന്ന ആഗ്രഹം കൂടിക്കൂടി വന്നിട്ടേയുള്ളൂ.

തുടക്കക്കാരി എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ?
ആത്മവിശ്വാസക്കുറവ് നന്നായുണ്ടായിരുന്നു. കോളേജ് പഠനം കഴിഞ്ഞ സമയത്ത് പെട്ടെന്നുതന്നെ ഓഡിഷനിൽ കിട്ടി. നൃത്തം ചെയ്യുമായിരുന്നു. സ്‌കൂളിലും കോളേജിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ക്യാമറയ്ക്കുമുന്നിൽ അഭിനയിക്കാൻ എനിക്കറിയില്ലായിരുന്നു. ഒരു ഷോർട്ട് ഫിലിമിൽപ്പോലും അഭിനയിച്ചിട്ടില്ല. സെറ്റിൽ പോകുന്നു. പുതിയ പുതിയ ആളുകളെ കാണുന്നു. പക്ഷേ, എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ചെയ്യുന്നത് ശരിയാണോ എന്നറിയില്ല. ഒരു നല്ല നടിയാവാൻവേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യണമല്ലോ. എനിക്ക് ഒരു സിനിമാനടിയാവണമെന്ന് ആരോടും പറയാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോഴും ഇൻസെക്യൂരിറ്റിയുണ്ട്. നായികാകഥാപാത്രമാകാൻ എന്നെക്കൊണ്ട് പറ്റുമോ എന്നൊക്കെയായിരുന്നു സംശയങ്ങൾ.

വീട്ടിലിപ്പോൾ ഈ അഭിനേത്രിയെ അംഗീകരിച്ചോ?
കുഞ്ഞിലേമുതൽ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ വീട്ടിൽ നല്ല സപ്പോർട്ടായിരുന്നു. പക്ഷേ, അവർക്ക് സിനിമയെന്നാൽ പേടിയായിരുന്നു. നാട്ടുകാർ എന്തുപറയും എന്നൊക്കെയായിരുന്നു ചിന്ത. അവസാനം അവർ എന്റെ സന്തോഷംതന്നെ തിരഞ്ഞെടുത്തു. എന്റെ എല്ലാ സിനിമകളും അവർ കാണും. എന്റെ അപ്പൂപ്പനും അമ്മൂമ്മയും മുപ്പത്തിയഞ്ചുവർഷത്തിനുശേഷമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടത്. അതും ഞാൻ അഭിനയിച്ചതുകൊണ്ട്... എന്റെ വളർച്ചയിൽ എന്നെക്കാൾ കൂടുതൽ സന്തോഷം അവർക്കാണ്. അവരാണ് എന്റെ കരുത്ത്.
അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരാണ്. ഞാൻ ഒറ്റമോളാണ്. കാട്ടാക്കടയ്ക്കടുത്താണ് വീട്. അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയുള്ള കൊച്ചു കുടുംബം. അച്ഛനും അമ്മയും കുറച്ച് സ്ട്രിക്റ്റായിരുന്നു. എങ്കിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് അച്ഛൻ തന്നെയാണ്. എൻജിനിയറിങ്ങാണ് പഠിച്ചത്. ഒറ്റയ്ക്ക് സിനിമ കാണുന്നതായിരുന്നു പ്രധാന പരിപാടി. തൊട്ടടുത്താണ് തിയേറ്റർ. കൂട്ടുകാർക്കൊപ്പം സിനിമ കാണാനൊന്നും അച്ഛൻ വിടില്ല. പിന്നെ വീട്ടിലിരിക്കുക, വെറുതേ ഭക്ഷണം കഴിക്കുക... അതൊക്കെത്തന്നെ. ഒറ്റയ്ക്ക് പാട്ട് കേട്ടിരിക്കാൻ ഇഷ്ടമാണ്.

സിനിമകളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ?
നല്ല കഥാപാത്രങ്ങൾ തേടിവന്നത് ഒരു അനുഗ്രഹമാണ്. അഭിനയിച്ച എല്ലാ സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ പറ്റി. അത് എങ്ങനെ കിട്ടി എന്നറിയില്ല. 'യൂത്തി'നുശേഷം അടുത്ത് ചെയ്യാൻ പോകുന്നതും പ്രധാന ടീമിനൊപ്പമാണ്. കഥയ്ക്കാണ് ഞാൻ പ്രാധാന്യം നൽകാറുള്ളത്. കഥയിൽ എന്തുണ്ട്, ആ കഥ സംവിധായകൻ എങ്ങനെ അവതരിപ്പിക്കുന്നു എന്നീ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. അവിടെയാണ് ഞാൻ ചെയ്യണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നത്.

സിനിമ നൽകിയ അനുഭവങ്ങൾ, പാഠങ്ങൾ എന്തൊക്കെയാണ്?
ഒരു നല്ല സിനിമ കണ്ടാൽത്തന്നെ, ഒരാളുടെ ജീവിതം മാറുമെന്ന് തോന്നിയിട്ടുണ്ട്. സിനിമ കാരണമാണ് ശരിക്കും എന്റെ ജീവിതം മാറിയത്. എന്നെ സ്വാധീനിച്ച നല്ലനല്ല സിനിമകളുണ്ട്. പ്രത്യേകിച്ച്, ശ്രീനിവാസൻസാറിന്റെ എഴുത്തിലും സംവിധാനത്തിലും പിറന്ന ചിത്രങ്ങൾ. അവ എന്റെ കാഴ്ചപ്പാടുകൾ മാറ്റിയിട്ടുണ്ട്. സ്വപ്നമെന്നത് ഒരിക്കലും നേടിയെടുക്കാൻ പറ്റാത്ത ഒന്നല്ല. സത്യസന്ധമായി ആഗ്രഹിക്കുകയും കഷ്ടപ്പെടുകയും ചെയ്താൽ സ്വപ്നജീവിതം ജീവിക്കാം എന്ന് അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി. സിനിമ എനിക്ക് ഒരുപാട് സുഹൃദ്ബന്ധങ്ങൾ നൽകി. ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങി. ഇതെല്ലാം എനിക്കേറ്റവും ഇഷ്ടമുള്ള ജോലി ചെയ്തുകൊണ്ടാണെന്നുള്ളത് അതിലുമേറെ സന്തോഷമുള്ള കാര്യമാണ്. പുതിയ പുതിയ സിനിമകൾ കാണാനും അഭിനയിച്ച് പഠിക്കാനും എനിക്ക് സാധിച്ചല്ലോ.

ബേസിൽ ജോസഫ്, നസ്ലിൻ, വിക്രം പ്രഭു തുടങ്ങിയവർക്കൊപ്പമുള്ള രസകരമായ ഓർമ്മകൾ?
ഗോദ, കുഞ്ഞിരാമായണം തുടങ്ങി സിനിമയിലെ ബേസിലേട്ടന്റെ വളർച്ച കണ്ട് ഇഷ്ടപ്പെട്ട ആരാധകരിലൊരാളാണ് ഞാനും. അദ്ദേഹം സെറ്റിൽ വരുമ്പോൾത്തന്നെ പ്രത്യേക ഊർജമാണ്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ബേസിലേട്ടൻ ലൊക്കേഷനിലുണ്ടാകുമ്പോൾ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കാണുമ്പോൾ നമുക്കും പ്രചോദനമാണ്. മരണമാസ്സിൽ അഭിനയിക്കുന്ന സമയത്ത് ചില സീനുകളിലെ എന്റെ അഭിനയം കണ്ടിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു തുടക്കക്കാരിക്ക് അഭിനന്ദനങ്ങൾ കിട്ടുമ്പോൾ സന്തോഷമല്ലേ... നസ്ലിനും എനിക്ക് വളരെ ഇഷ്ടമുള്ള ആക്ടറാണ്. അനായാസമായി അഭിനയിക്കുന്നയാളാണ് നസ്ലിൻ. 'കുംകി' എന്ന സിനിമ കണ്ടതുമുതൽ വിക്രം പ്രഭുവിനോടും എനിക്ക് ആരാധനയുണ്ടായിരുന്നു. സിറൈയിൽ അഭിനയിക്കുമ്പോൾ വളരെയധികം അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മലയാളി അഭിനേതാക്കളെ ഇഷ്ടമാണെന്ന് പറയാറുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം. മികച്ച അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi