നടൻ വിജയ്‌യുടെ സ്വകാര്യജീവിതം ചർച്ചയാകുമ്പോൾ, അദ്ദേഹവും തൃഷയും ഒരുമിച്ചുള്ള പല ചിത്രങ്ങളും വീഡിയോകളും ആരാധകർ ഉയർത്തിക്കൊണ്ടുവരുന്നു. പല പൊതുപരിപാടികളിലും തൃഷയും വിജയ്‌യും പങ്കെടുക്കുന്നതും സംസാരിക്കുന്നതുമായ വീഡിയോകളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.

അതിനിടെ 'ലിയോ' എന്ന സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിലെ വീഡിയോകളും ചർച്ചയാവുകയാണ്. 2023-ൽ റിലീസായ 'ലിയോ'യിൽ വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. സിനിമ സൂപ്പർഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് അണിയറപ്രവർത്തകർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

അതിൽ തൃഷ സംസാരിച്ചത് 15 വർഷങ്ങൾക്കുശേഷം വിജയ്‌ക്കൊപ്പം അഭിനയിച്ച കഥകളാണ്. 2004-ൽ റിലീസായ 'ഗില്ലി'യിലാണ് തൃഷയും വിജയ്‌യും അതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷം അവർ ഒരുമിച്ച് അഭിനയിച്ചതേയില്ല. ഒരു നീണ്ട കാലയളവിനുശേഷമാണ് 'ലിയോ'യിൽ ഒരുമിച്ചത്. ഇത്രകാലത്തിനുശേഷം വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ, സ്‌കൂൾകാലത്തെ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതുപോലെയാണ് തനിക്ക് തോന്നിയതെന്ന് തൃഷ വെളിപ്പെടുത്തി. 'ലിയോ' സെറ്റ് ഒരു വീടുപോലെയാണ് തോന്നിയതെന്നും

തങ്ങൾ പരസ്പരം വളരെയധികം മനസ്സിലാക്കിയെന്നും തൃഷ പറഞ്ഞു. ''ഇത്രയും വർഷത്തെ ഗ്യാപ്പ് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ ഏറെ പക്വതയുള്ളവരാക്കി. പക്ഷേ അന്നത്തെ അതേ അടുപ്പവും സൗഹൃദവും ഇന്നും തങ്ങൾക്കിടയിലുണ്ട്. ജോലി എന്നതിനേക്കാൾ വെക്കേഷൻ ആഘോഷിക്കുന്നതുപോലെയായിരുന്നു സെറ്റ്'', തൃഷയുടെ വാക്കുകൾ.

അതേ വേദിയിൽതന്നെ തൃഷയെക്കുറിച്ചും വിജയ് സംസാരിച്ചു. 20 വർഷങ്ങൾക്കുശേഷവും അതേ ഊർജവും സൗന്ദര്യവും നിലനിർത്തിക്കൊണ്ട് ടോപ് ഹീറോയിൻ ആയി തുടരുന്നതിനെ വിജയ് അഭിനന്ദിച്ചു. തൃഷയുടെ അതുല്യമായ 'പ്രിൻസസ് വേവ്'നെക്കുറിച്ചും വിജയ് മനസ്സുതുറന്നു. വിജയ്‌യുടെ ഈ വാക്കുകൾ കേട്ട തൃഷ നാണത്തോടെ ചിരിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi