ശാരീരികപരിമിതികളെ പൊരുതിതോൽപ്പിച്ച് ബോളിവുഡിൽ താരമായി തിളങ്ങുകയാണ് കോഴിക്കോട് സ്വദേശി ഗോപീകൃഷ്ണൻ കെ.വർമ്മ. ഡൗൺസിൻഡ്രോം ബാധിച്ച കൗമാരക്കാരുടെ കഥപറയുന്ന ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻ പറി'ൽ ഗുഡ്ഡു എന്ന കഥാപാത്രത്തെയാണ് ഗോപി അവതരിപ്പിച്ചത്.

2021-ൽ പുറത്തിറങ്ങിയ 'തിരികെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കൊമേഴ്‌സ്യൽ സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡൗൺസിൻഡ്രോമുള്ള ആദ്യനടൻ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ വ്യക്തികൂടിയാണ് ഗോപീകൃഷ്ണൻ. പ്രതിസന്ധികൾക്കിടയിലും മകനെ ചേർത്തുപിടിച്ച അമ്മയുടേയും അച്ഛന്റേയും വിജയംകൂടിയാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്.

''ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത ഗോപി ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നത് വിശ്വസിക്കാൻ ആദ്യം ഞങ്ങൾക്കുതന്നെ പ്രയാസമായിരുന്നു. മുംബൈയിലെ പ്രമുഖ കമ്പനി സിനിമയ്ക്കായി സ്‌പെഷ്യൽ കുട്ടികളെ തേടുന്ന വിവരം ഓട്ടിസം ക്ലബ്ബിന്റെ ഗ്രൂപ്പിൽ നിന്നാണ് അറിയുന്നത്. ആദ്യമായി അഭിനയിച്ച 'തിരികെ' സിനിമയിലെ ചില സീനുകളും ടികടോക് വീഡിയോകളും അയച്ചു കൊടുത്തു. മറുപടിയായി അവരൊരു ചോദ്യാവലി അയച്ചുതന്നു. അത് പൂരിപ്പിച്ചു, അതിനൊപ്പം നൽകിയ മോണോലോഗ് ഷൂട്ട് ചെയ്ത് അയച്ചുകൊടുത്തു.

ഹിന്ദി ഡയലോഗുകൾ കാണാപ്പാഠം പഠിച്ചാണ് അവൻ അഭിനയിച്ചത്. വീഡിയോ കോളിലൂടെയായിരുന്നു ആദ്യം ഓഡീഷൻ, അതിൽ തിരഞ്ഞെടുത്തതിനെ തുടർന്ന് ഞങ്ങൾ മുംബൈയിലേക്ക് പറന്നു. 20 പേരാണ് ആദ്യഘട്ടത്തിൽ അവിടെ എത്തിയത്. ബഡു എന്ന കഥാപാത്രത്തെയാണ് അവനാദ്യം നൽകിയത്. അതിന്റെ ഡയലോഗുകൾ പഠിച്ചവതരിപ്പിച്ചതെല്ലാം കണ്ടപ്പോൾ ടീമിലുള്ളവർക്ക് ഗോപിയുടെ കാര്യത്തിൽ കൂടുതൽ വിശ്വാസമായി. അങ്ങനെയാണ് ബഡുവിൽ നിന്നും ഗുഡ്ഡുവിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത്.'' ഗോപിയുടെ അമ്മ രഞ്ജിനി വർമ്മ പറഞ്ഞു.

ഗോപീകൃഷ്ണന്റെ വിജയഗാഥയുടെ പൂർണ്ണരൂപം ഗൃഹലക്ഷ്മി ഓണപ്പതിപ്പിൽ വായിക്കാം. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi