ചില കൂടിക്കാഴ്ചകൾ ചരിത്രമാകാറുണ്ട്. ചില പരിചയങ്ങൾ തലമുറകൾ ഏറ്റുപാടുന്ന ഗാനങ്ങളായി മാറാറുമുണ്ട്. ‘സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ’, ‘നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ’, ‘പോരു നീ വാരിളം ചന്ദ്രലേഖേ’, ‘ധാംകിണക്ക ധില്ലം ധില്ലം’, ‘ചന്ദനമണി സന്ധ്യകളുടെ’, ‘പിണക്കമാണോ എന്നോടിണക്കമാണോ’… തുടങ്ങി മലയാളിക്ക് മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ചവരാണ് സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനും ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും. ആ കൂട്ടുകെട്ടിന്റെ തുടക്കം പക്ഷേ, തികച്ചും യാദൃച്ഛികമായിരുന്നു. അവരുടെ ആദ്യസംഗമത്തിന്റെ ഓർമ പങ്കുവെക്കുകയാണ് ഗായകനും എം.ജി. രാധാകൃഷ്ണന്റെ സഹോദരനുമായ എം.ജി. ശ്രീകുമാർ.
അക്ഷരങ്ങളെ പ്രാണനോടു ചേർത്തൊരു കൂട്ടുകാരൻ. അദ്ദേഹത്തിന്റെ പേനത്തുമ്പിൽനിന്ന് ഒഴുകിവരുന്ന വാക്കുകൾ ഹൃദയത്തിൽ ആഴത്തിലങ്ങനെ പതിയുമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും അദ്ദേഹത്തിന്റെ വരികളും എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ്... സിനിമകൾക്കുവേണ്ടി ഗിരീഷ് പാട്ടെഴുതുന്ന തുടക്കകാലത്തുതന്നെയാണ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്. 'ദേവാസുരം' സിനിമയ്ക്കുവേണ്ടി ശശിയേട്ടനാണ് (ഐ.വി. ശശി) ഗിരീഷിനെ വിളിച്ചത്. സംഗീതം ചെയ്യുന്നത് എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനായിരുന്നു. ശശിയേട്ടൻ പറഞ്ഞതനുസരിച്ച് ചേട്ടനെ കാണാനായി ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ഗിരീഷ് വന്നത്. അന്ന് ഞങ്ങൾ കൂട്ടുകുടുംബമായാണ് താമസം. വീടിന്റെ നടയിൽ ഞാനും അമ്മയും ചേട്ടനുമൊക്കെ ഇരിപ്പുണ്ട്. ആരാണെന്ന് ചോദിച്ചപ്പോൾ കോഴിക്കോടുനിന്നാണ്, പേര് ഗിരീഷ് എന്ന് പറഞ്ഞു. പാട്ടൊക്കെ എഴുതുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ആ കാലത്ത് ഇങ്ങനെ ഒരുപാടുപേര് വീട്ടിൽ വരാറുണ്ടായിരുന്നു, ചേട്ടൻ വഴി ഓൾ ഇന്ത്യാ റേഡിയോയിൽ അവസരം കിട്ടാനായി. ഗിരീഷും അങ്ങനെ വന്നതാണെന്നാണ് കരുതിയത്. എന്നാൽ ചേട്ടൻ ചോദിച്ചപ്പോൾ 'ദേവാസുരം' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതാൻ ഐ.വി. ശശിയേട്ടൻ പറഞ്ഞയച്ചതാണെന്ന് ഗിരീഷ് പറഞ്ഞു. അന്നുച്ചയ്ക്കുതന്നെ അവിടെയുള്ള ഒരു ഹോട്ടലിൽവെച്ച് കംപോസിങ്ങും തുടങ്ങി. ചേട്ടനൊപ്പം ഞാനുമുണ്ടായിരുന്നു.
Also Read
ഗിരീഷിനോട് കഥാസന്ദർഭത്തിന് അനുയോജ്യമായ ഒരു നാലുവരി എഴുതിത്തരാൻ ചേട്ടൻ പറഞ്ഞു. എന്തെങ്കിലുമൊരു ട്യൂൺ പാടിത്തരാമോ എന്ന് ഗിരീഷ് ചേട്ടനോട് ചോദിച്ചു. 'സൂര്യകിരീടം വീണുടഞ്ഞു 'എന്ന പാട്ടിന്റെ രാഗത്തിൽ ചേട്ടൻ ചെറുതായി മൂളിക്കൊടുത്തു. അതുകേട്ട് പതിനഞ്ച് മിനിറ്റുപോലും എടുത്തിട്ടില്ല, നാല് വരികളെഴുതിക്കൊണ്ട് ഗിരീഷ് വന്നു. ചേട്ടന്റെ ഈണവുമായി ഇഴചേർന്നുപോവുന്ന വരികൾ...
''സൂര്യകിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു നീറും...'' വരികൾ വായിച്ചപ്പോൾ ഒരു രക്ഷയുമില്ല, അതിമനോഹരം. ഇത്രയും ഹൃദ്യമായ വരികളെഴുതിയപ്പോൾതന്നെ ചേട്ടൻ പല്ലവി ട്യൂൺ ചെയ്തു. അങ്ങനെ ആദ്യമായി ഗിരീഷിനെ കാണാനും ദേവാസുരത്തിന്റെ പാട്ട് ചിട്ടപ്പെടുത്തുന്ന വേളയിൽ സാക്ഷിയാവാനും സൂര്യകിരീടം എന്ന പാട്ട് പാടാനും എനിക്ക് ഭാഗ്യമുണ്ടായി.
ഗിരീഷിനെ കുഴപ്പിച്ച, എഴുതാൻ ഏറെ ബുദ്ധിമുട്ടിപ്പിച്ച ഒരു പാട്ടുണ്ട്. നരസിംഹത്തിലെ 'ഹേ ധാംകിണക്കം...' ഒറ്റപ്പാലത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു പാട്ട് കമ്പോസിങ് നടന്നത്. അതിനടുത്തായിരുന്നു ഷൂട്ടിങ്ങും. അതിലും ചേട്ടനായിരുന്നു സംഗീതസംവിധായകൻ. രാവിലെത്തന്നെ പാട്ട് കമ്പോസിങ് തുടങ്ങും. ഷൂട്ട് കഴിഞ്ഞ് വൈകുന്നേരമാവുമ്പോൾ ഷാജി കൈലാസും മോഹൻലാലും രഞ്ജിത്തും ക്യാമറാമാനുമൊക്കെ വരും. പാട്ട് കേൾക്കാൻ. ഓരോ ട്യൂണും കേട്ട് ഇത് സൂപ്പറാണെന്ന് പറയും. എന്നിട്ട് ഗിരീഷിനോട് എഴുതാൻ പറയും. കാലത്ത് ഇവർ ഇറങ്ങാൻനേരം ഗിരീഷ് വരികൾ കൊടുക്കും. കുറച്ച് കഴിയുമ്പോൾ രഞ്ജിത്ത് ഗിരീഷിനെ വിളിക്കും. രഞ്ജിത്ത് 'പുത്താ' എന്നാണ് ഗിരീഷിനെ വിളിക്കാറ്. ''എടാ പുത്താ നീ ഇങ്ങ് വന്നേ, ഇത് നമുക്ക് ശരിയായില്ല, ഒന്നൂടെ എഴുതാം'' എന്നുപറയും. അങ്ങനെ ദിവസങ്ങൾ പോയി. അവസാനം ചേട്ടന് മടുപ്പായി, ഗിരീഷിനും...
ഒരു ദിവസം രാത്രി ഏകദേശം ഒരുമണി ആയിക്കാണും. ഞാനെന്റെ കോട്ടേജിലേക്ക് കയറുമ്പോഴുണ്ട് അതിനടുത്തുള്ള കരിങ്കൽ കെട്ടിയ കുളത്തിനടുത്ത് ഗിരീഷ് നിൽക്കുന്നു. ഞാൻ ഞെട്ടിപ്പോയി. കരിങ്കൽ കെട്ടിന് മുകളിൽനിന്ന് ചാടാൻ ഉറപ്പിച്ചാണ് ഗിരീഷിന്റെ നിൽപ്പ്. ഞാൻ ചെന്ന് കാര്യം തിരക്കി. ഞാനിപ്പോൾ ചാടും, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഗിരീഷ് അവിടെത്തന്നെ നിൽക്കുന്നു. ഞാൻ ഓടിപ്പോയി രഞ്ജിത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹം വളരെ ലാഘവത്തോടെ പറയാ, ''കുട്ടൻ പോയി കിടക്ക്, പുത്തൻ ചാടത്തൊന്നുമില്ല. പുത്തൻ കാലത്ത് കാപ്പികുടിക്കാൻ വരും''. മനസമാധാനംപോയിട്ട് എനിക്ക് ഉറക്കം വന്നില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. രാവിലെ നോക്കുമ്പോഴുണ്ട് കാപ്പി കുടിക്കാനായി പുത്തഞ്ചേരി വരുന്നു. അങ്ങനെ ഏകദേശം 20-22 ദിവസമെടുത്താണ് 'ധാംകിണക്ക ധില്ലം ധില്ലം' പാട്ട് ഗിരീഷ് എഴുതിയത്. അങ്ങനെ എത്രയെത്ര ഓർമകൾ…
(പുന:പ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: gireesh-puthenchery-mg-radhakrishnan-song-memories
Published: 02 Jul 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented