കശ്മീരിലെ ദാൽ തടാകത്തിൽ നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ചർച്ചയാവുന്നത്. ഗുർകിരാത് രൺധ്വ എന്ന ഇൻഫ്‌ളുവൻസർ പങ്കുവെച്ച വീഡിയോയാണ് ആളുകൾക്ക് കൗതുകവും അമ്പരപ്പുമുണ്ടാക്കിയത്.

ദാൽ തടാകത്തിലൂടെ നീങ്ങുന്ന ഷിക്കാര വള്ളത്തിലിരിക്കുന്ന ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നാലെ ഒരു ഷിക്കാരയിൽ കശ്മീരി കാവയുമായെത്തുന്ന (Kashmiri Kahwa) വിൽപനക്കാരൻ. നല്ല ഊർജത്തോടെ, ചിരിയോടെയാണ് അദ്ദേഹം പെൺകുട്ടിയോട് സംസാരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതുമെല്ലാം.

വളരെ പെട്ടെന്ന് അദ്ദേഹം ചായ തയ്യാറാക്കി ആ പെൺകുട്ടിക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ, മലയാളികൾ ഈ വീഡിയോ ഏറ്റെടുക്കാൻ കാരണം ആ ചായവിൽപനക്കാരനാണ്. ഒറ്റനോട്ടത്തിൽ സംഗീതസംവിധായകൻ ഷാൻ റഹ്മാനോട് ഏറെ ഛായയുണ്ട് അദ്ദേഹത്തിന്. ശബ്ദവും ചിരിയുമെല്ലാം അതുതന്നെ.
 

പിന്നാലെ ഗുർകിരാതിന്റെ വീഡിയോയുടെ കമന്റ് ബോക്‌സ് മലയാളികൾ 'തൂക്കി'. 'പെട്ടെന്ന് കണ്ടപ്പോൾ ഷാൻ റഹ്മാൻ എന്നുതോന്നി, ഷാൻ അല്ലേ, ഇക്കാ, ഷാൻ ബ്രോ വേൾഡ് ഫേമസ് ആയി, ഷാൻ റഹ്മാന്റെ പുതിയ സ്റ്റാർട്ടപ്പ്, പാട്ടില്ലാത്തപ്പോൾ ഇടയ്ക്ക് ഇതിനും പോവും അല്ലേ, ഷാൻ റഹ്മാൻ എവിടെ പോണ് തോണി തുഴഞ്ഞ്, അപ്പോ ഇത് ഷാൻ റഹ്മാൻ അല്ലേ...' കമന്റുകൾ നീളുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സാക്ഷാൽ ഷാൻ റഹ്മാനും രംഗത്തെത്തി, 'ഒരു ചെറിയ സൈഡ് ബിസിനസ്...നാറ്റിക്കരുത്' എന്നാണ് അദ്ദേഹം കമന്റിട്ടത്.

കുങ്കുവപ്പൂവും കറുവാപ്പട്ടയും തേയിലയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തനത് ചായയാണ് കശ്മീരി കാവ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi