ഒരു സംഗീത സംവിധായകൻ ഏറെ ഇഷ്ടത്തോടെ കമ്പോസ് ചെയ്തൊരു ഈണം... അത് സിനിമയിൽ ഇടം പിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല. വർഷം 1992. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്നു. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് അക്കാലത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന് ‘കൈതപ്രം - ജോൺസൺ’. സിനിമ- ‘സദയം’. ആ സിനിമയ്ക്കുവേണ്ടി ജോൺസൺ മാഷ് ഏറെ ഇഷ്ടപ്പെട്ട് കമ്പോസ് ചെയ്ത ഒരു പാട്ടുണ്ട്..
അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ് - രാഗം
പാടാനിനിയും താമസമരുതേ
മാനസത്തേൻമൊഴിയേ
നീലനിലാവിൻ കിളിയറയിൽ
കണ്ണീർ തൂവും പൂമോളേ…
അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ്...
Also Read
കൈതപ്രത്തിന്റെ വരികളിൽ മാർക്കോസ് പാടിയ പാട്ട്. ഈ പാട്ടിനെക്കുറിച്ച് നിങ്ങൾ ആദ്യമായാണ് കേൾക്കുന്നതെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല. കാരണം ജോൺസൺ മാഷിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയുമൊക്കെ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു വേദിയിൽ പോലും ഇങ്ങനൊരു പാട്ടിനെക്കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല. കാരണം അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു ചെയ്ത ഈ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല.
മോഹൻലാൽ മരണവും കാത്ത് ജയിലിൽ കിടക്കുമ്പോൾ അടുത്തേതോ സെല്ലിൽ നിന്ന് സഹ തടവുകാരൻ ആയ ശ്രീനിവാസന്റെ കഥാപാത്രം പാടുന്ന ഒരു പാട്ടായി ഇതിന്റെ പല്ലവിയിലെ ഏതാനും ചില വരികൾ നമുക്ക് കേൾക്കാം, ഒരു പശ്ചാത്തല സംഗീതം പോലെ...
ആ പാട്ടിന്റെ വിധി അതായിരിക്കും എന്ന് കരുതി അമർഷം ഉള്ളിലൊതുക്കി ജോൺസൺ മാഷ്. മാസങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം തിരക്കഥാകൃത്ത് ലോഹിതദാസുമൊത്തുള്ള പുതിയ സിനിമയുടെ സംഭാഷണത്തിനിടയിൽ അവിചാരിതമായി അദ്ദേഹത്തോട് തന്റെ ഈ വിഷമം ജോൺസൺ മാഷ് അവതരിപ്പിച്ചു. മാത്രമല്ല, ഇതേ സ്‌കെയിലിൽ ഈ പാട്ടിന്റെ ഫീലുമായി ചേർന്ന് നിൽക്കുന്ന മറ്റൊരു ഈണം അദ്ദേഹം വെറുതെ കമ്പോസ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. അതും ലോഹിതദാസിനെ പാടി കേൾപ്പിച്ചു ജോൺസൺ മാഷ്.
ഒറ്റ കേൾവിയിൽ തന്നെ ആ ഈണം ലോഹിതദാസിന്റെ ഹൃദയം തകർത്തു. ചെയ്യാൻ പോകുന്ന സിനിമയ്ക്ക് കയ്യിൽ പറയാൻ പൂർണ്ണമായ ഒരു കഥ പോലും ഇല്ല, പാട്ട് ഉപയോഗിക്കാൻ പറ്റിയൊരു സിറ്റുവേഷൻ ഈ കഥയിൽ ഉണ്ടാകുമോ എന്ന് പോലും അറിയില്ല, എങ്കിലും ഈണം കേട്ട ലോഹിതദാസ് ജോൺസൺ മാഷിന് ഒരു വാക്ക് കൊടുത്തു. നമ്മൾ ചെയ്യാൻ പോകുന്ന സിനിമയിൽ ഈ ഈണം ഉണ്ടാകും. ഈ ഈണത്തിൽ ഒരു പാട്ട് ഉണ്ടാകും. 'സദയം' എന്ന സിബി മലയിൽ ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതെപോയ ആ ഈണം അങ്ങനെ മറ്റൊരു സിബി മലയിൽ ചിത്രത്തിൽ ഇടം നേടി.
പാട്ട് നിങ്ങൾ അറിയും. ഇന്നും വെറുതെ കേട്ടാലും മലയാളികളുടെ ഉള്ള് തകർക്കാൻ മാത്രം കെൽപ്പുള്ള പാട്ട്. 'ചെങ്കോൽ' എന്ന സിബി മലയിൽ ചിത്രത്തിലെ,
മധുരം ജീവാമൃത ബിന്ദു…
ഹൃദയം പാടും ലയസിന്ധു…
മധുരം ജീവാമൃത ബിന്ദു…
പൂർണ്ണമായ ഒരു കഥയോ പാട്ടിനുള്ള സന്ദർഭമോ ഒന്നും കയ്യിലില്ലാതിരുന്ന ലോഹിതദാസ് 'മുടിയനായ പുത്രൻ' എന്ന തോപ്പിൽ ഭാസിയുടെ നാടകത്തിലെ ഒരു രംഗം ആണ് കൈതപ്രത്തിനോട് പറഞ്ഞത്. അക്രമിയായ നായകൻ കൈകൾ തളർന്ന് കിടന്ന് സ്നേഹം എന്തെന്ന് തിരിച്ചറിയുന്ന ആ രംഗം കേട്ടാണ് കൈതപ്രം ഈ അതിമനോഹരമായ വരികൾ എഴുതുന്നത്.
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ...
'താന്തമാണെങ്കിലും' അതായത് തളർന്നതാണെങ്കിലും, ശോഭ മങ്ങിയത് ആണെങ്കിലും എന്റെ ദീപകം പാതിരാക്കാറ്റിലും വാടാതെ നിൽക്കും എന്ന വരികളിലൂടെ നായകന് ഒരു ആത്മവിശ്വാസവും നൽകുന്നുണ്ട് കൈതപ്രം. മൊത്തത്തിൽ പാട്ടിന് ഒരു വിഷാദ ഭാവമാണെങ്കിലും, ചെറിയൊരു പ്രതീക്ഷയും പോസിറ്റിവിറ്റിയും വരികളിൽ നമുക്ക് കാണാം. ജോൺസൺ മാഷ് യേശുദാസിനു വേണ്ടി തന്നെ കമ്പോസ് ചെയ്ത പാട്ട്, ദാസേട്ടൻ അതിമനോഹരമായി പാടി. കേൾക്കുന്നവരുടെ ഉള്ള് തുളച്ച പാട്ട്…
ഇതിന് കെ.എസ്. ചിത്ര പാടിയ ഒരു ഫീമെയിൽ വേർഷൻ കൂടി ഉണ്ടായിരുന്നു. സാധാരണ ആരെത്ര നന്നായി പാടിയാലും അങ്ങനൊരു കൊമ്പ്ളിമെന്റ് ഒന്നും ജോൺസൺ മാഷിൽ നിന്ന് കിട്ടില്ല. എന്നാൽ ഈ പാട്ട് പാടി കഴിഞ്ഞ് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ ചേച്ചിയെ ജോൺസൺ മാഷ് സന്തോഷം കൊണ്ട് ഷേക്ക്ഹാൻഡ് കൊടുത്ത് അഭിനന്ദിച്ചു. അതിന് മുന്നെയോ അതിനു ശേഷമോ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല ചിത്ര ചേച്ചിക്ക്. ആ സംഭവം കൊണ്ട് തന്നെ ചിത്ര ചേച്ചിക്കും ഏറെ പ്രിയപ്പെട്ട ഒരു പാട്ടായി മാറി 'മധുരം ജീവാമൃത ബിന്ദു '.
എന്തൊക്കെയാണല്ലേ ഒരു പാട്ടിന്റെ പിറവിക്ക് പിന്നിൽ സംഭവിക്കുന്ന വിസ്മയങ്ങൾ. സദയം സിനിമയ്ക്കുവേണ്ടി കമ്പോസ് ചെയ്തത് സിനിമയിൽ ഇടം നേടാതെ പോയെങ്കിലും, അതെ സ്‌കെയിലിൽ വേറൊരു ഈണം ഒരുക്കി സിബി മലയിൽ എന്ന സംവിധായകന്റെ തന്നെ മറ്റൊരു സിനിമയിൽ ഉൾപ്പെടുത്തി. ഇന്ന് മലയാളികൾ ഉള്ളിടത്തോളം മറക്കാത്ത മരിക്കാത്ത ഒരു ഈണമായി അത് മാറിയ കഥ…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: johnson-master-madhuram-jeevamrutha-bindu-story
Published: 09 Jun 2026, 02:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented