പഴയകാല സംവിധായകനും സ്റ്റണ്ട്മാനുമായിരുന്ന കമ്രാൻ ഖാന്റെ മക്കളാണ് ഫറാ ഖാനും സാജിദ് ഖാനും. 1960-കളിൽ കുറേ ബി-ഗ്രേഡ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് കമ്രാൻ. അതിലൊക്കെ പ്രധാനകഥാപാത്രമായത് ധാരാ സിങ്ങാണ്. ബേഖസൂർ, വതൻ സേ ദൂർ, ഇൽസാം, പഞ്ച് രത്തൻ എന്നിവ കമ്രാൻ ഖാൻ സംവിധാനം ചെയ്ത സിനിമകളിൽ ചിലതാണ്. അതൊക്കെ സാമ്പത്തികഭദ്രതയുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.
സമ്പന്നതയുടെ മടിത്തട്ടിലേക്കാണ് ഫറാ ഖാൻ ജനിച്ചുവീഴുന്നത്. അതുകഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞപ്പോൾ സാജിദ് ജനിച്ചു. ആ സമയത്താണ് സിനിമാനിർമാണത്തിലേക്ക് കടക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്.
അങ്ങനെ നടൻ സഞ്ജീവ് കുമാറിനെ നായകനാക്കി സിനിമ നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ സമ്പാദ്യമെല്ലാം പണയംവെച്ചും വിറ്റുമാണ് അദ്ദേഹം അതിനുള്ള പണംകണ്ടെത്തിയത്. വീടുപോലും അക്കൂട്ടത്തിൽ പണയംവെച്ചു. പക്ഷേ, സഞ്ജീവ് കുമാർ ആ സിനിമ പാതിവഴിയിൽവെച്ച് നിർത്തിപ്പോയി. അതോടെ ലക്ഷങ്ങളുടെ ബാധ്യതയായി കമ്രാൻ ഖാന്. എല്ലാം നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിനെ കടുത്ത വിഷാദരോഗം ബാധിച്ചു, വീട്ടിൽനിന്നിറങ്ങാതായി. ജോലിക്കും പോകാതെ വീട്ടിൽ തന്നെ. പതുക്കെ മദ്യത്തിന് അടിമയായി, ദാമ്പത്യവും തകർന്നു.
അന്നത്തെ വീട്ടിലെ അവസ്ഥകളെക്കുറിച്ച് ഫറാ ഖാൻ പിന്നീട് പറഞ്ഞിട്ടുണ്ട്, ''ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലും എന്നെ സന്തോഷവതിയാക്കി നിർത്തിയത് സിനിമയാണ്. ചെറുപ്പത്തിൽ വീട്ടിൽ ആകെ പ്രശ്‌നമായിരുന്നു. അച്ഛന്റെ മദ്യപാനം, മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്...സഹികെടുമ്പോൾ തിയേറ്ററിലേക്കോടും. എങ്ങനെയെങ്കിലും ഉള്ളിൽ കയറിപ്പറ്റും. ആ മൂന്നുമണിക്കൂറാണ് സമാധാനം കിട്ടുന്നത്''.
തന്റെ മുന്നിൽവെച്ചാണ് പിതാവ് മരിച്ചതെന്ന് സാജിദ് ഖാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മദ്യപാനം കൂടിയപ്പോൾ, കരൾ നശിച്ച്, രക്തം വാർന്നാണ് കമ്രാൻ മരിച്ചത്. കമ്രാന്റെ ശവസംസ്‌കാരം നടത്താൻ പോലും കുടുംബത്തിന്റെ കൈയിൽ പണമില്ലായിരുന്നു. അതിനാവശ്യമായ പണം സൽമാൻ ഖാന്റെ പിതാവ് സലീം ഖാനാണ് നൽകിയത്. അദ്ദേഹം രഹസ്യമായി കുറച്ചുപണം സാജിദിനെ ഏൽപിച്ചു. ആ പണമാണ് ചടങ്ങുകൾക്ക് ഉപയോഗിച്ചത്. രണ്ടുമാസം വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിയതും ആ പണം കൊണ്ടുതന്നെ.
പിതാവ് മരിക്കുമ്പോൾ സാജിദിന് 14 വയസ്സായിരുന്നു, ഫറയ്ക്ക് 17-ഉം. ''അച്ഛൻ മരിക്കുമ്പോൾ മൂന്നുലക്ഷം രൂപ കടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കടംതീർക്കാൻ ഒരു വഴിയുമില്ല. ഫറ ഒരു ഡാൻസ് ട്രൂപ്പിൽ ചേർന്നു. ഞാനാണെങ്കിൽ ബർത്ത്‌ഡേ പാർട്ടികളിൽ മിമിക്രി അവതരിപ്പിക്കാൻ പോയി. ഞായറാഴ്ചകളിൽ ബീച്ചിൽ പോയി പരിപാടി അവതരിപ്പിക്കും. ആ പണമെല്ലാം ഫറയുടെ കൈയിലാണ് കൊടുക്കുക. അതിൽനിന്നും ഞങ്ങൾ കുറച്ച് മാറ്റിവെച്ച് സിനിമ കാണാൻ പോവും''.
ഫറയും ആ ദിവസങ്ങളെ ഓർത്തെടുത്തതിങ്ങനെ, ''വീടുമാത്രമായിരുന്നു ഉണ്ടായിരുന്നത്. കാറുകൾ, അമ്മയുടെ ആഭരണങ്ങൾ...എല്ലാം പോയി. കാലിയായൊരു വീടും, രണ്ട് സോഫയും, ഒരു ഫാനും മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. അന്ന് പണത്തിനായി വീട്ടിലെ ഡ്രോയിങ് റൂം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആളുകൾ അവിടെ വന്ന് പാർട്ടികൾ നടത്തും, ചിലപ്പോൾ കാർഡുകൾ കളിക്കാനായിരിക്കും വാടകയ്‌ക്കെടുക്കുന്നത്. അതുകഴിയുന്നതുവരെ ഒരു മുറിയിൽ ഞങ്ങൾ വാതിൽ അടച്ചിരിക്കും. അങ്ങനെയാണ് രണ്ടുവർഷത്തോളം വീട് പ്രവർത്തിച്ചിരുന്നത്''. കഷ്ടപ്പാടുകൾക്കിടയിലും ഇരുവരും സിനിമ വിട്ടില്ല. ആഗ്രഹിച്ചതുപോലെ തന്നെ സിനിമയിൽ തന്നെ എത്തുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the untold story of farah khan and sajid khans family tragedy
Published: 10 Jul 2025, 02:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented