പ്രഭുദേവ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'നുവോസ്തനന്റ നെനോഡന്റന' (Nuvvostanante Nenoddantana). യഥാർഥത്തിൽ പ്രഭുദേവയായിരുന്നില്ല സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്നത്. നിർമാതാവ് എം.എസ്.രാജുവാണ് അതിനായി പ്രഭുദേവയെ നിർബന്ധിച്ചത്. ഒടുവിൽ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പക്ഷേ, സംവിധാനം ചെയ്യാനൊരുങ്ങുമ്പോൾ, ഒരിക്കലും അതൊരു ചരിത്രമാവുമെന്ന് അദ്ദേഹം കരുതിയതേയില്ല.

താരതമ്യേന തുടക്കക്കാരായ സിദ്ധാർഥും തൃഷയുമാണ് ഈ തെലുഗു റൊമാന്റിക് കോമഡിയിൽ പ്രധാനവേഷത്തിൽ അഭിനയിച്ചത്. 'ബോയ്‌സ്' എന്ന തമിഴ് സിനിമയിലെ സിദ്ധാർഥിന്റെ അഭിനയം കണ്ടാണ് നിർമാതാവ് എം.എസ്.രാജു, അദ്ദേഹത്തെ ആ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പുതിയൊരു താരം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എം.എസ്.രാജു നിർമിച്ച ചിത്രം, 2005-ലാണ് റിലീസായത്.

1989-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'മേനെ പ്യാർ കിയാ' എന്ന ചിത്രത്തിന്റെ പ്രമേയവുമായി ഇതിന് സാമ്യതകളുണ്ടെന്ന് അക്കാലത്ത് പറയപ്പെട്ടിരുന്നു. പക്ഷേ അത്തരം കഥകളൊന്നും സിനിമയുടെ വിജയത്തിന് തടസ്സമായില്ല.

ഒരുപാട് പ്രതീക്ഷകളൊന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 90 പ്രിന്റുകളുമായിട്ടാണ് പ്രദർശനം തുടങ്ങിയത്. ചിത്രം വിജയത്തിലേക്ക് കുതിക്കുന്നതിനിടയിൽ കൂടുതൽ പ്രിന്റുകൾ ചേർത്തു. 35 തിയേറ്ററുകളിൽ 100 ദിവസമാണ് സിനിമ ഓടിയത്. അങ്ങനെ തെലുഗിലെ ബ്ലോക്ബസ്റ്ററായി മാറി. ഈ ചിത്രത്തിന്റെ വിജയത്തിനുശേഷമാണ്, സിദ്ധാർഥ് തെലുഗുസിനിമകളിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തുന്നത്.

ചിത്രത്തിന്റെ വിജയത്തോടെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചു. തമിഴ്, കന്നഡ, ബംഗാളി, മണിപ്പൂരി, ഒഡിയ, പഞ്ചാബി, ബംഗ്ലാദേശി, നേപ്പാളി, ഹിന്ദി എന്നിങ്ങനെ 9 ഭാഷകളിലാണ് സിനിമ റീമേക്ക് ചെയ്തത്. അങ്ങനെ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്ത ഇന്ത്യൻചിത്രമെന്ന റെക്കോഡും ഇതിന് ലഭിച്ചു. ഹിന്ദിയിൽ 'രാമയ്യ വസ്താവയ്യ' എന്ന പേരിലാണ് പുറത്തിറങ്ങിയത്. അത് സംവിധാനം ചെയ്തതും പ്രഭുദേവ തന്നെ. ഇന്നും സിനിമയുടെ റെക്കോഡ് തിരുത്തിക്കുറിക്കപ്പെട്ടിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi