കഴിഞ്ഞദിവസമായിരുന്നു ബോളിവുഡ് താരം അദിതി റാവു ഹൈദരിയുടെയും തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥിന്റെയും വിവാഹം. വളരെ അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ അദിതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഏറെക്കാലമായുള്ള പ്രണയം ഈ വര്‍ഷം ആദ്യമാണ് അദിതി റാവുവും സിദ്ധാര്‍ഥും പരസ്യമാക്കിയത്. 

അതേസമയം, ഇരുവരുടെയും മുന്‍വിവാഹങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. തന്റെ ബാല്യകാല സുഹൃത്തായ മേഘ്‌ന നാരായണിനെയായിരുന്നു സിദ്ധാര്‍ഥ് ആദ്യം വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. അദിതിയുടെ ആദ്യഭര്‍ത്താവ് കോര്‍പറേറ്റ് ലോയറായ സത്യദീപ് മിശ്രയായിരുന്നു. 

2007-ല്‍ വിവാഹം
2007-ലായിരുന്നു അദിതിയുടെയും സത്യദീപിന്റെയും വിവാഹം. അദിതിക്ക് 21-ഉം സത്യദീപിന് 35-മായിരുന്നു അന്ന് പ്രായം. പ്രസിദ്ധമായ ത്യാബ്ജി ഹൈദരി കുടുംബത്തില്‍ നിന്നുള്ളവരാണ് ഇരുവരും. പരസ്പരം കുടുംബബന്ധമുള്ളവരും. ഡല്‍ഹിയില്‍ അഭിഭാഷകനായ സത്യദീപ് മിശ്ര 2010-ല്‍ സിനിമയില്‍ അഭിനയിക്കാനായി മുംബൈയില്‍ എത്തി. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് 2013-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനുശേഷവും നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇതിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ അദിതി പറഞ്ഞത് ഇങ്ങനെയാണ്- 'വേദനയോടെയാണ് വേര്‍പിരിഞ്ഞത്, പക്ഷേ, ഞങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടു. ഞങ്ങളിപ്പോഴും വളരെ അടുപ്പത്തിലാണ്, അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാന്‍ മകളെപ്പോലെയാണ്, എന്റെ അമ്മയ്ക്ക് അദ്ദേഹം മകനെപ്പോലെയും. ഞങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം പലപ്പോഴും തമാശ പറയാറുണ്ട്, ഞാന്‍ അദ്ദേഹത്തിന്റെ 'നിത്യമായ മകളാണെന്ന്''

സിദ്ധാര്‍ഥിന്റെ ആദ്യവിവാഹം 2003-ല്‍ 
2003-ലാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തെത്തുന്നത്. ബോയ്‌സ് എന്ന തമിഴ് സിനിമയിലൂടെ. ആ വര്‍ഷം തന്നെ സിദ്ധാര്‍ഥ് മേഘ്‌നയെ വിവാഹം കഴിച്ചു. ഡല്‍ഹിയില്‍ സിദ്ധാര്‍ഥിന്റെ അയല്‍വാസിയായിരുന്നു മേഘ്‌ന. രംഗ് ദേ ബസന്തി എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നടി സോഹ അലി ഖാനുമായുള്ള അടുപ്പമാണ് ഇവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. നാലുവര്‍ഷത്തിനുശേഷം 2017-ല്‍ ഇരുവരും വിവാഹമോചിതരായി. ശേഷം പൊതുവിടങ്ങളില്‍ അധികമെത്താതെ സ്വകാര്യജീവിതമാണ് മേഘ്‌ന തിരഞ്ഞെടുത്തത്. അതേസമയം, സോഹ അലിഖാനും സിദ്ധാര്‍ഥും പ്രണയത്തെപ്പറ്റി ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല, മാത്രമല്ല തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു.