വിജയ് 13 വർഷം മുമ്പ് അപമാനിക്കപ്പെട്ട അതേ ഇടം; അന്ന് ഒറ്റയ്ക്ക്, ഇന്ന് കാണികളായി ജനസാഗരം

ഫോട്ടോ: PTI, Facebook
ഫോട്ടോ: PTI, Facebook

ആറു പതിറ്റാണ്ട് നീണ്ടുനിന്ന ദ്രാവിഡ പാർട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തമിഴക വെട്രി കഴകം (TVK) നേതാവ് സി.ജോസഫ് വിജയ് തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായെത്തുന്നത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. തിങ്ങിനിറഞ്ഞ ജനങ്ങളും അദ്ദേഹത്തിനോടൊപ്പമുള്ളവരും സാക്ഷിയായിട്ടാണ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇത് വിജയ്‌നെ സംബന്ധിച്ചിടത്തോളം ഒരു മധുരപ്രതികാരം കൂടിയായിരുന്നിരിക്കാമെന്ന് രാഷ്ട്രീയനിരീക്ഷകരും മറ്റും പറയുന്നു.

കാരണം, ഇതേ സ്റ്റേഡിയത്തിൽവെച്ചാണ് ഒരിക്കൽ വിജയ് അപമാനിക്കപ്പെട്ടതും ഇരിപ്പിടം നിഷേധിക്കപ്പെട്ടതും. 2013 സെപ്റ്റംബർ 21 മുതൽ 24 വരെയുള്ള തീയതികളിലായിരുന്നു ഇന്ത്യൻസിനിമയുടെ സെന്റിനറി ആഘോഷങ്ങൾ നടന്നത്. വേദിയായത് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയവും. പരിപാടി സംഘടിപ്പിച്ചത് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സും തമിഴ്‌നാട് സർക്കാരും ചേർന്നാണ്. തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിൽനിന്നുള്ള ഇതിഹാസങ്ങളെ ആദരിക്കുന്ന പരിപാടി കൂടിയായിരുന്നുവത്. ഉദ്ഘാടനം ചെയ്തത് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത. രാഷ്ട്രപതി പ്രണബ് മുഖർജി കൂടി പങ്കെടുത്ത പരിപാടി.

പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിജയ്ക്ക് ഏറ്റവും പുറകിലായിട്ടാണ് ഇരിപ്പിടം നൽകിയത്. അദ്ദേഹത്തിന്റെ ജൂനിയറായിട്ടുള്ള താരങ്ങൾക്ക് വരെ മുൻനിരയിൽ ഇരിപ്പിടമൊരുക്കിയിരുന്നു. എന്നാൽ, വിജയ്ക്ക് പ്രത്യേകമായൊരു സീറ്റൊന്നും സംഘാടകർ മാറ്റിവെച്ചിരുന്നില്ല. ഒടുവിൽ വിജയ് പിൻനിരയിൽ തന്നെയിരുന്നു. വിജയ് ഇങ്ങനെ അപമാനിക്കപ്പെടാൻ കാരണം ജയലളിതയുമായുള്ള പ്രശ്‌നങ്ങളായിരുന്നുവെന്നാണ് അന്ന് പറയപ്പെട്ടിരുന്നത്. അന്ന് ഏറ്റവും പുറകിലിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആരാധകരെയെല്ലാം ഏറെ വേദനിപ്പിച്ചു.

ഇപ്പോൾ, അതേ സ്‌റ്റേഡിയത്തിൽവെച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാലത്തിന്റെ കാവ്യനീതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം വിജയ്‌ക്കൊപ്പം തന്നെ 9 മന്ത്രിമാരും സ്ഥാനമേറ്റെടുത്തിരുന്നു. ഈ മന്ത്രിസഭയ്ക്ക് മെയ് 13-ന് മുമ്പായി സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: C. Joseph Vijay becomes Tamil Nadu CM leading the Tamizhaga Vettri Kazhagam (TVK). Oath-taking ceremony held at Jawaharlal Nehru Indoor Stadium, Chennai. Symbolic justice: Vijay returns to the same venue where he was insulted in 2013.