
'അമ്മേ....' വാത്സല്യം നിറഞ്ഞ വിളിയോടെ ഓടിച്ചെല്ലുന്ന ഉണ്ണിക്കണ്ണന്റെ മുഖവും നടുമുറ്റവും തുളസിത്തറയുമൊക്കെ മനസ്സിൽ തെളിയുമ്പോൾ അറിഞ്ഞോ അറിയാതെയോ മൂളിപ്പോകുന്നൊരു പാട്ടുണ്ട്. 'കൈനിറയേ വെണ്ണതരാം കണ്ണൻ..കവിളിലൊരുമ്മ തരാം...' ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയുടെ വരികളിൽ അലക്സ് പോൾ സംഗീതത്തിലൂടെ വാത്സല്യമഴ തീർത്ത ഗാനം.
ശരത്ചന്ദ്ര വർമയുടെ മറക്കാനാകാത്ത നിമിഷങ്ങളിലൊന്നാണ് 'ബാബാ കല്യാണി' എന്ന സിനിമയിലെ ഈ പാട്ടിന്റെ പിറവിയെന്ന് അദ്ദേഹം പറയുന്നു. പാട്ടെഴുതിയതും ഹിറ്റായതുമെല്ലാം നാടകീയമായിരുന്നുവത്രേ. ഫീമെയിൽ വേർഷനിലെഴുതിയ വരികളെ ഒറ്റദിവസംകൊണ്ട് മെയിൽ വേർഷനിലേക്ക് മാറ്റിയതിന്റെയും, ടെൻഷന്റെയും സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും കഥ.
2006 ഒക്ടോബറിൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഫോട്ടോഗ്രാഫർ' സിനിമ റിലീസാകുന്നു. 'എന്തേ കണ്ണന് കറുപ്പ് നിറം' എന്ന പാട്ട് ഹിറ്റായി മലയാളികൾ പാടി നടക്കുന്ന സമയത്താണ് 'ബാബാ കല്യാണി' സിനിമയുടെ അവസാനഘട്ട പണിപ്പുര നടക്കുന്നത്. സിനിമയ്ക്കുവേണ്ടി ഒരു പാട്ടെഴുതാൻ പറ്റുമോയെന്ന് ഷാജി കൈലാസ് വയലാർ ശരത്ചന്ദ്ര വർമയോട് ചോദിച്ചു.
കൃഷ്ണവിഗ്രഹങ്ങൾ മാത്രം ആരാധിക്കുന്ന ഒരു അമ്മ. അവിടേക്ക് വാടകയ്ക്ക് താമസിക്കാൻ വരുന്ന ഒരു പോലീസുകാരൻ. അയാൾ ആ അമ്മയ്ക്ക് കണ്ണനായി മാറുന്ന നിമിഷങ്ങൾ. അതാണ് പാട്ടിന്റെ പശ്ചാത്തലം. കണ്ണന്റെ പാട്ടുവേണം. ഫീമെയിൽ വേർഷനായിരിക്കണം. എല്ലാം സമ്മതിച്ച് ശരത്ചന്ദ്ര വർമ പാട്ടെഴുതാൻ തുടങ്ങി. ആ ഓർമകളെകുറിച്ച് ശരത്ചന്ദ്ര വർമ പറയുന്നതിങ്ങനെ.
''ഛോട്ടാ മുംബൈയിലും മറ്റും മോഹൻലാലിനു വേണ്ടി ഞാൻ പാട്ടെഴുതിയിട്ടുണ്ട്. എങ്കിലും വ്യത്യസ്തകളേറെയുള്ള പാട്ടാണല്ലോ കൈനിറയേ വെണ്ണ തരാമെന്നത്. വേറിട്ട വിഷയം. ഒരു പോലീസ് കഥയിൽ പാട്ടിന്റെ പ്രസക്തി എത്രമാത്രം ഉണ്ടാവുമെന്ന് വലിയ പിടിയില്ലാതെയാണ് ഞാനത് എഴുതി തുടങ്ങിയത്. അമ്മയും മകനും പോലുള്ള ബന്ധം. 'എന്തേ കണ്ണന് കറുപ്പ് നിറ'മെന്ന പാട്ടുപോലെ ഹിറ്റാവുകയും വേണം. കുടുംബജീവിതത്തിനേക്കാൾ പ്രാധാന്യം ഔദ്യോഗിക നിർവഹണത്തിനു നൽകിയ ഒരുദ്യോഗസ്ഥൻ രാപ്പകലില്ലാതെ നീതിക്കുവേണ്ടി, തീവ്രവാദത്തിനെതിരെ പോരാടുന്നു. അയാളുടെ ഉള്ളിൽ അമ്മയോടുള്ള വാത്സല്യവും സ്നേഹവും ഒരുപാടുണ്ടെന്ന് കാണിക്കുന്ന സീനുകളാണ് പാട്ടിലൂടെ പങ്കുവെക്കുന്നത്. കണ്ണനോടുള്ള ഭക്തിയും മാതൃസ്നേഹവും കൂടെ കൊണ്ടുവരുകയെന്നത് അത്ര എളുപ്പമല്ല''.
പക്ഷേ, ദൗത്യം ഏറ്റെടുത്തത് സാക്ഷാത് വയലാർ ശരത്ചന്ദ്ര വർമയായതുകൊണ്ട് ഷാജി കൈലാസിനും സംഗീത സംവിധായകൻ അലക്സ് പോളിനും അധികം ടെൻഷനടിക്കേണ്ടി വന്നില്ല. വെല്ലുവിളികളേറെയുള്ള പാട്ടെഴുതാൻ പ്രതീക്ഷിച്ചപോലെ സമയമധികമെടുത്തില്ല അദ്ദേഹത്തിന്.
''കൈനിറയേ വെണ്ണതരാം കണ്ണാ, കവിളിലൊരുമ്മ തരാം....കണ്ണാ...” എഴുതിക്കഴിഞ്ഞപ്പോൾ ഏതെങ്കിലും ഫീമെയിൽ വോയ്സ് കൊടുക്കാമെന്നാണ് ഞാനും അലക്സ്പോളും ആദ്യം തീരുമാനിച്ചത്. അതായത് കവിയൂർ പൊന്നമ്മ പാടുന്നതായിട്ട്. അങ്ങനെ അതിന്റെ കമ്പോസിങ്ങും റെക്കോഡിങ്ങും കഴിഞ്ഞ് തിരുവനന്തപുരത്ത് ഞാനും അലക്സ് പോളും വിസ്മയ സ്റ്റുഡിയോയിലേക്ക് എത്തി. മോഹൻലാൽ അല്പംകഴിഞ്ഞ് പാട്ടുകേൾക്കാൻ സ്റ്റുഡിയോയിലേക്കെത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. എല്ലാവരും ലാലേട്ടനായുള്ള കാത്തിരിപ്പായി. അപ്പോഴാണ് ഒരു ഇടിത്തീപോലെ ഫോൺകോളിലൂടെ ആ നിർദേശമെത്തുന്നത്; 'ഈ പാട്ട് മെയിൽ വേർഷനാക്കണം. ജി. വേണുഗോപാൽ ആണ് മുഴുവൻ പാടുന്നത്. ഉടൻതന്നെ വേണുഗോപാലും സ്റ്റുഡിയോയിൽ പാടാനെത്തും. ഫീമെയിൽ വേർഷനായി എഴുതിവെച്ച വരികൾ മുഴുവൻ ഇനി മെയിൽ വേർഷൻ ആക്കണം.' ഇതുകേട്ടതോടെ ആകെ അങ്കലാപ്പായി'', വയലാർ ശരത്ചന്ദ്ര വർമ ഓർക്കുന്നു.
''എന്തുചെയ്യും? എങ്ങനെയാണ് ഫീമെയിൽ വേർഷനിലെഴുതിയ ഒരു പാട്ടിനെ സർജറി ചെയ്ത് മെയിൽ വേർഷനാക്കി മാറ്റുന്നതെന്നായി എന്റെ ചിന്ത. അലക്സ് പോൾ കൂടാതെ പ്രദീപ് പള്ളുരുത്തിയും ഒപ്പമുണ്ടായിരുന്നു. എന്റെ ടെൻഷൻ കണ്ട് അവരും ആശങ്കയിലായി. ഞാൻ സിഗരറ്റ് വലി നിർത്തിയിരുന്ന കാലം. ടെൻഷൻ കണ്ട് അലക്സ് പോൾ എന്റെ നേരെ നീട്ടിയ സിഗിരറ്റ് അന്നെനിക്ക് വാങ്ങേണ്ടിവന്നു. വിസ്മയ കാമ്പസിലൂടെ ഞങ്ങൾ മൂവരും നടന്നു. തലയിൽ ഒരേ ചിന്ത; എങ്ങനെയാണ് ഫീമെയിൽ വേർഷനിലെഴുതിയ വരികൾ പെട്ടെന്ന് മെയിലാക്കി മാറ്റുക? എന്തുചെയ്യും?
ആ നിശബ്ദതയെ മുറിച്ചുകൊണ്ട് പ്രദീപ് പള്ളുരുത്തിയാണ് ഒരു സൂചന തന്നത്. പ്രദീപ് പറഞ്ഞു, 'ചേട്ടാ, ചില വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ ചിലപ്പോൾ ശരിയാകില്ലേ?' അതെങ്ങനെയെന്ന ചോദ്യത്തിന്റെ മറുപടിയായി വെറുതെ പ്രദീപ് പാടി; 'അതായത്, കൈനിറയേ വെണ്ണ തരാം കണ്ണാ.....കവിളിലൊരുമ്മ തരാം.. എന്നത്' കൈനിറയേ വെണ്ണ തരാം, കണ്ണൻ കവിളിലൊരുമ്മ തരാം...' എന്നാക്കിയോലോ? അങ്ങനെയായാൽ ഗംഭീരമാകില്ലേ? അമ്മയ്ക്ക് മകൻ ഉമ്മ കൊടുക്കുന്ന ഒരു ഫീൽ വരും. വേറൊന്നും ചെയ്യേണ്ടതായി അപ്പോൾ വരുന്നുമില്ല.' ആ അഭിപ്രായം മികച്ചതാണെന്നു തോന്നി'', ശരത്ചന്ദ്ര വർമ ആ ദിവസങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.
''ആ ഒരു കച്ചിത്തുരുമ്പിൽ നിന്നും പാട്ടിലെ ചില വാക്കുകളിൽ മാത്രം ഏതാനും വ്യത്യാസങ്ങൾ വരുത്തി മെയിൽ വേർഷനാക്കിയെടുത്തു ഞാൻ. പ്രദീപിനോട് അത്രയേറെ നന്ദിയുണ്ട്. അപ്പോഴേക്കും മോഹൻലാൽ വന്നു. പാട്ട് കേട്ടിട്ട് തോളത്ത് തൊടുകയോ, തട്ടുകയോ, കൊള്ളാമെന്ന് പറയുകയോ ഒന്നും ചെയ്തില്ല. ഒന്നും പറഞ്ഞില്ല. ചിരിച്ചിട്ടങ്ങുപോയി''. അങ്ങനെ 2006-ൽ തന്നെ ഡിസംബറിൽ 'ബാബാ കല്യാണി' ഇറങ്ങി. പാട്ട് പ്രതീക്ഷിച്ചതിനേക്കാൾ ഹിറ്റായി.
''പാട്ട് ഹിറ്റായപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് സ്റ്റുഡിയോയിൽവെച്ച് അന്നീ പാട്ടുകേട്ടപ്പോഴുള്ള മോഹൻലാലിന്റെ ചിരിയാണ്. ഒരുപക്ഷേ, കൈനിറയേ വെണ്ണതരാം...ആ വരികൾ ലാലേട്ടനും രുചിച്ചിട്ടുണ്ടാകാം. ലാലേട്ടൻ ആ ഒരു ചിരിയിലൂടെ കവിളിലൊരുമ്മ തന്നതുപോലെ എനിക്ക് തോന്നി'', ശരത്ചന്ദ്ര വർമ പറഞ്ഞു. ചില പാട്ടുകൾ അങ്ങനെയാണ്, വരികളിലൂടെ ശ്രോതാക്കളെ സാന്ത്വനിപ്പിക്കും, തഴുകും, പഴയ ഓർമകളിലേക്കെത്തിക്കും. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നുമീ പാട്ട് പുതുമയോടെ നെഞ്ചോട് ചേർന്നു നിൽക്കുന്നുവെന്നത് അതിനുദാഹരണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The song 'Kainiraye Venna Tharam' was originally written as a female version. A last-minute request forced a transformation into a male version for Mohanlal.
Published: 10 May 2026, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented