ഏഴാം നമ്പർ ജേഴ്സി തിരികെ നൽകി റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസ യുഗത്തിന് വിരാമം

പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 2003-ൽ ദേശീയ ടീമിൽ അരങ്ങേറിയ 41-കാരനായ താരം, 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളും ഗോളുകളും നേടുന്ന താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയാണ് ബൂട്ടഴിക്കുന്നത്.
‘ഹൃദയം കൊണ്ട് എടുത്ത തീരുമാനം’
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിലെ ജനങ്ങളോട് സംസാരിച്ച താരം, ദേശീയ ടീമിന്റെ ഏഴാം നമ്പർ ജേഴ്സി തിരികെ നൽകേണ്ട ദിവസം വന്നെത്തിയതായി അറിയിച്ചു. ആ ജേഴ്സി തന്റേത് മാത്രമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും എന്നാൽ 23 വർഷക്കാലം ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ അത് ധരിക്കാനും സംരക്ഷിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യവും ഉത്തരവാദിത്തവുമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവി തലമുറയ്ക്കായി ഇത് കൈമാറാനുള്ള സമയം എത്തിയിരിക്കുകയാണ്. തലച്ചോറ് കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടുകൂടി എടുത്ത തീരുമാനമായതിനാൽ ഇത് എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും 2003 ഓഗസ്റ്റിൽ ആരംഭിച്ച്, തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിയെഴുതിയ ആ മനോഹരമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
മൈതാനത്തെ ഭിന്നതകളും വിരമിക്കലും
തന്റെ ആറാം ലോകകപ്പിൽ പോർച്ചുഗലിനായി എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ താരം കളിച്ചെങ്കിലും, പ്രീ-ക്വാർട്ടറിൽ ചാമ്പ്യന്മാരായ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായിരുന്നു. ടൂർണമെന്റിലെ താരത്തിന്റെ പ്രകടനം മാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പോർച്ചുഗലിന്റെ പുതിയ പരിശീലകനായ ജോർജ് ജീസസുമായി റൊണാൾഡോ ഭിന്നതയിലായി. നോർവേയ്ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ടായി ഇരുത്തുകയും രണ്ടാം പകുതിയിൽ വാം-അപ്പ് ചെയ്യിപ്പിച്ച ശേഷം കളത്തിലിറക്കാതിരിക്കുകയും ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. 2008-ന് ശേഷം ഒരു മത്സരത്തിൽ റൊണാൾഡോ പകരക്കാരനായി എത്തിയിട്ടും കളത്തിൽ ഇറങ്ങാതിരിക്കുന്നത് ഇതാദ്യമായിരുന്നു.
സെപ്റ്റംബറിൽ ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചതോടെ റൊണാൾഡോ ടീം ക്യാമ്പ് വിട്ടിറങ്ങി. പരിശീലകൻ തനിക്ക് നൽകിയ വാക്ക് രണ്ടുതവണ ലംഘിച്ചതായി താരം പരസ്യമായി ആരോപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (PFF) താരത്തിന് 215 പൗണ്ട് പിഴയും 30 ദിവസത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, തന്റെ വിരമിക്കൽ വീഡിയോയിൽ ഈ തർക്കങ്ങളെക്കുറിച്ച് പരാമർശിക്കാതിരുന്ന താരം, കരിയറിലെ തെറ്റുകളും തിരിച്ചടികളും തുറന്നുസമ്മതിച്ചു. തികഞ്ഞ വിജയങ്ങളും മറക്കാനാവാത്ത രാത്രികളും ഉണ്ടായതുപോലെ തന്നെ ഇപ്പോഴും വേദനിപ്പിക്കുന്ന തോൽവികളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റൊണാൾഡോ പറഞ്ഞു. ചില അവസരങ്ങളിൽ പോർച്ചുഗൽ ജനത ആഗ്രഹിച്ച നേട്ടങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ടാവില്ലെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ എന്നും അഭിമാനം മാത്രമാണ് തോന്നിയതെന്നും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ അധ്വാനിച്ച തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതാണെന്നും അദ്ദേഹം ഓർത്തെടുത്തു.
റെക്കോർഡുകൾ
2008 മുതൽ പോർച്ചുഗലിന്റെ നായകസ്ഥാനം വഹിച്ച റൊണാൾഡോ രാജ്യത്തെ നിരവധി നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. കരിയറിൽ ആറ് യൂറോപ്പുകളിൽ കളത്തിലിറങ്ങിയ താരമാണ് അദ്ദേഹം. 2004-ൽ പോർച്ചുഗൽ റണ്ണർ അപ്പായി. 2016-ൽ ടീമിനെ ചാമ്പ്യന്മാരാക്കുന്നതിലും റൊണാൾഡോ പ്രധാന പങ്കുവഹിച്ചു.
ഇതിനുപുറമേ 2019-ൽ നടന്ന നേഷൻസ് ലീഗ് പോരാട്ടത്തിലും 2025-ലും പോർച്ചുഗലിന് കിരീടം നേടികൊടുത്തതും റൊണാൾഡോയുടെ മികച്ച നേതൃത്വപാടവമാണ്. എന്നാൽ ലോകകപ്പ് പോരാട്ടങ്ങളിൽ സെമിഫൈനലിനപ്പുറം ടീമിനെ എത്തിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.
യാത്രയയപ്പിനൊരുങ്ങി
ഡെൻമാർക്കിനും വെയ്ൽസിനുമെതിരായ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിനെ പോർച്ചുഗൽ പ്രഖ്യാപിക്കാനിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിഹാസ താരത്തിന് അർഹമായ ആദരവോടെ വിട നൽകുമെന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. റൊണാൾഡോയുടെ സമാനതകളില്ലാത്ത കരിയറിന് രാജ്യവും ആരാധകരും ചേർന്ന് അർഹമായ ആദരവ് നൽകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മെസ്സിക്ക് പിന്നാലെ റൊണാൾഡോയും ബൂട്ടഴിക്കുന്നതോടെ ലോക ഫുട്ബോളിലെ ആവേശകരമായ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് തിരിശ്ശീല വീഴുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cristiano Ronaldo retires from international football at the age of 41., Holds the world record with 146 goals in 234 matches for Portugal., Announced his retirement via an emotional Instagram video, returning the iconic number 7 jersey., Led Portugal to victory in Euro 2016 and Nations League titles., Follows Lionel Messi's international retirement, marking the end of football's golden era.