ലോകം ഒരു പന്തിലേക്ക് ചുരുങ്ങാൻ രണ്ടാഴ്ച മാത്രം. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുക. ഇത്രയും ടീമുകൾ പങ്കെടുക്കുന്നത് ഇതാദ്യവും.

ജൂൺ 12-ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള റഫറിമാരുടെ പട്ടികയും ഇതിനോടകം തയ്യാറായിരിക്കുന്നു. ഈ പട്ടികയിൽ ആറ് വനിതകളും ഇടംപിടിച്ചിട്ടുണ്ട്. രണ്ട് വനിതകളാണ്‌ ലോകകപ്പിൽ പ്രധാന റഫറിമാരുടെ ചുമതല വഹിക്കുക. മൂന്ന് പേർ അസിസ്റ്റന്റ് റഫറിയുടെ റോളിലെത്തും. ഒരാൾക്ക് വാറിന്റെ ചുമതലയാണ് ലഭിക്കുക.

ടോറി പെൻസോയും കാറ്റിയ ഗാർഷ്യയുമാണ് പ്രധാന റഫറിയായി ഗ്രൗണ്ടിലിറങ്ങി വിസിലൂതുക. രണ്ട് പേരും ആതിഥേയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. പെൻസോ അമേരിക്കക്കാരിയും ഗാർഷ്യ മെക്‌സിക്കോക്കാരിയും.

39-കാരിയായ പെൻസോ കഴിഞ്ഞ വനിതാ ലോകകപ്പിന്റെ ഫൈനലിൽ പ്രധാന റഫറിയുടെ ചുമതലയിലുണ്ടായിരുന്നു. 2023-ൽ സൗദി അറേബ്യയിൽ നടന്ന ക്ലബ്ബ് ലോകകപ്പിലും പാരീസ് ഒളിമ്പിക്‌സിലും പെൻസോ മത്സരങ്ങൾ നിയന്ത്രിച്ചു.

33-കാരിയ ഗാർഷ്യ നിരവധി ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. 2023 വനിതാ ലോകകപ്പ്, പാരീസ് ഒളിമ്പിക്‌സ് എന്നിവയാണ് പ്രധാനപ്പെട്ട ടൂർണമെന്റുകൾ.

2022 ഖത്തർ ലോകകപ്പ് മുതലാണ് ഫിഫ വനിതകളെ പുരുഷ ലോകകപ്പിന് റഫറിമാരായി നിയോഗിക്കുന്നത്. അന്ന് മൊത്തം ആറ് റഫറിമാരായിരുന്നു. മൂന്ന് പ്രധാന റഫറിമാരും മൂന്ന് അസിസ്റ്റന്റ് റഫറിമാരും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi