ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു എന്ന വാർത്തയറിഞ്ഞ ഞെട്ടലിലാണ് ആരാധകർ. ഒരു തലമുറയുടെ തന്നെ ശബ്ദമായി മാറിയ അരിജിത്, 2005-ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് തന്റെ സംഗീത യാത്ര തുടങ്ങിയത്. ആ മത്സരത്തിൽ വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് ഒരു പോഡ്കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ, തന്റെ ശബ്ദത്തിന്റെ ഗുണനിലവാരം മാറ്റിയെടുക്കാൻ താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
കരിയറിന്റെ തുടക്കത്തിൽ ആളുകൾക്ക് തന്റെ ശബ്ദം ഇഷ്ടമായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. "ആളുകൾക്ക് എന്റെ ശബ്ദം വെറുപ്പായിരുന്നു. ആദ്യം ഞാൻ ആ ശബ്ദത്തിൽ പാടിത്തുടങ്ങിയപ്പോൾ ആർക്കും അത് ഒട്ടും ഇഷ്ടപ്പെട്ടില്ല," അരിജിത് ഓർത്തെടുത്തു.
"അതുകൊണ്ട് എനിക്ക് ശബ്ദം മാറ്റേണ്ടി വന്നു. ഒരു ശില്പം കൊത്തിയെടുക്കുന്നത് പോലെ ഞാൻ എന്റെ ശബ്ദത്തെ രൂപപ്പെടുത്തിയെടുത്തു. ഇതിനായി ഞാൻ എന്നെത്തന്നെ ഒരുപാട് പീഡിപ്പിച്ചു. രാത്രികാലങ്ങളിൽ നിർത്താതെയുള്ള പരിശീലനം ചെയ്യുമായിരുന്നു. ശബ്ദപേശികൾ തളരുന്നത് വരെ പാടുകയും അതിനുശേഷം ഉറങ്ങാൻ പോവുകയുമായിരുന്നു പതിവ്," തന്റെ കഠിനാധ്വാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
2013-ലെ 'തും ഹി ഹോ' എന്ന ഗാനത്തിലൂടെയാണ് അരിജിത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആ ശബ്ദത്തിൽ പിറന്ന ഓരോ പാട്ടുകളും സംഗീത പ്രേമികൾ ഹൃദയത്തിലേറ്റി. ഇന്നും സംഗീത ലോകത്ത് അദ്ദേഹത്തിന്റെ ശബ്ദം വലിയ ചർച്ചാവിഷയമാണ്.
"എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും കാലം ശ്രോതാക്കളെന്ന നിലയിൽ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിമുതൽ പിന്നണി ഗാനരംഗത്ത് പുതിയ അവസരങ്ങളൊന്നും ഞാൻ സ്വീകരിക്കില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഞാൻ വിരമിക്കുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു" എന്നാണ് വിരമിക്കലിനെക്കുറിച്ച് അരിജിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മെലഡികളുടെയും പ്രണയഭംഗഗാനങ്ങളുടെയും അനിഷേധ്യ രാജാവായിരുന്നു അരിജിത് സിങ്. ഷാരൂഖ് ഖാൻ മുതൽ സൽമാൻ ഖാൻ വരെയും, രൺബീർ കപൂർ മുതൽ രൺവീർ സിങ് വരെയുള്ള താരങ്ങൾക്ക് വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്. തും ഹി ഹോ, ലാൽ ഇഷ്ക്, രാബ്ത, കബീറ തുടങ്ങിയവ അദ്ദേഹത്തിന്റെ എണ്ണമറ്റ ഹിറ്റുകളിൽ ചിലത് മാത്രമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Arijit Singh announces retirement from playback singing, shocking fans. Explore his journey from `Fame Gurukul` to becoming a musical icon.
Published: 29 Jan 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented