അവസാന ചിത്രവുമായി വിജയ്; പിന്നാലെ നായകനായി അരങ്ങേറ്റം കുറിക്കാൻ മകൻ ജേസൺ സഞ്ജയ്

തമിഴകവും ഇന്ത്യൻ സിനിമയും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്യുടെ അവസാന ചിത്രമായ 'ജനനായകൻ'. ജൂലൈ 24-ന് ആഗോളതലത്തിൽ വൻ ഹൈപ്പോടെ ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ, വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' (Sigma) എന്ന ചിത്രത്തിന് പിന്നാലെ, ജേസൺ സഞ്ജയ് അഭിനയരംഗത്തേക്കും ചുവടുവെക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജേസൺ സഞ്ജയ് നായകനാകുന്നു
എൻ.ഡി.ടി.വിയുടെ റിപ്പോർട്ടുകൾ പ്രകാരം ജേസൺ സഞ്ജയ്യുടെ സിനിമയിലെ അരങ്ങേറ്റത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ജേസൺ സംവിധാനം ചെയ്യുന്ന 'സിഗ്മ' നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസിന്റെ ജി.കെ.എം തമിഴ് കുമരൻ ആണ്. എന്നാൽ, ജേസൺ സഞ്ജയ് നായകനാകുന്ന പുതിയ ചിത്രം തമിഴ് കുമരൻ സ്വന്തം ബാനറിലായിരിക്കും നിർമ്മിക്കുക എന്നാണ് സൂചനകൾ.
സിഗ്മയുടെ റിലീസ്
തമിഴ് സിനിമാ ലോകം മുഴുവൻ ഉറ്റുനോക്കുന്ന 'ജനനായകൻ' ജൂലൈ 24-ന് റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ, 'സിഗ്മ'യുടെ റിലീസിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ജൂലൈ 31-ന് നിശ്ചയിച്ചിരുന്നത്, ഓഗസ്റ്റിലേക്ക് മാറ്റിവെച്ചതായാണ് വിവരം.
സുന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സിഗ്മ', കോമഡിയും ട്രഷർ ഹണ്ടും നിറഞ്ഞൊരു പക്കാ കൊമേഷ്സ്യൽ ചിത്രം. സമൂഹത്തിന്റെ പൊതുധാരണകൾക്ക് വഴങ്ങാതെ സ്വന്തം വഴി തിരഞ്ഞെടുക്കുന്ന ഒരു സിഗ്മയുടെ (Lone Wolf) കഥയാണ് ചിത്രം പറയുന്നതെന്ന് ജേസൺ സഞ്ജയ് വ്യക്തമാക്കിയിരുന്നു.
‘അവൻ വിജയ്യെ ഓർമ്മിപ്പിക്കുന്നു’
ചിത്രത്തിലെ നായകൻ സുന്ദീപ് കിഷൻ ജേസൺ സഞ്ജയ് എന്ന നവാഗത സംവിധായകനെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ: "ജേസൺ, എന്നെ വിജയ് സാറിനെ ഓർമ്മിപ്പിക്കുന്നു. അവന്റെ കഠിനാധ്വാനവും ക്ഷമയും എന്നെ അത്ഭുതപ്പെടുത്തി. വെറും 25 വയസ്സുള്ള ഒരു യുവാവ് ഇത്രയും ശാന്തനായും വ്യക്തതയോടും കൂടി സിനിമ ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ സിനിമാ കാഴ്ചപ്പാടിന്റെ തെളിവാണ്."
ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൃഷ്ണൻ വസന്തും ജേസന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിച്ചു. ലണ്ടനിൽ നിന്നും സിനിമാ നിർമ്മാണം പഠിച്ചിറങ്ങിയ ജേസൺ കൃത്യമായ പ്ലാനിങ്ങോടെയാണ് സെറ്റിൽ എത്തുന്നതെന്നും, ഒരു തുടക്കക്കാരനൊപ്പം ജോലി ചെയ്യുന്ന അനുഭവം ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്യുടെ അവസാന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്ന ആരാധകർക്ക്, മകൻ ജേസൺ സഞ്ജയിന്റെ സിനിമാ അരങ്ങേറ്റവും അഭിനയ പ്രവേശനവും ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay's final film 'Jananayagan' set for global release on July 24, 2026., Jason Sanjay is transitioning from directing 'Sigma' to making his acting debut., The release of 'Sigma' has been rescheduled to August 2026., Jason Sanjay receives high praise from actor Sundeep Kishan for his professionalism., 'Sigma' is described as a high-voltage heist entertainer set in Tamil Nadu and Thailand.