പഴയകാല ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ ഹേമമാലിനി ഇന്ത്യൻ സിനിമയിൽ 60 വർഷം പൂർത്തിയാക്കുകയാണ്. ഹേമാമാലിനിയുടെ ജീവിതം പ്രമേയമാകുന്ന ഒരു ചിത്രം ഭാവിയിൽ എന്തായാലും പ്രതീക്ഷിക്കാം. ഇപ്പോഴിതാ വാർഷികത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ ഹേമാമാലിനി തന്‍റെ മനസ്സിലുള്ളൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ബയോപിക് (biopic) നിർമ്മിക്കുകയാണെങ്കിൽ അതിലഭിനയിക്കാൻ ദീപികാ പദുകോൺ അനിയോജ്യയായിരിക്കുമെന്നാണ് ഹേമാ മാലിനിയുടെ പക്ഷം.

"അവൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ, അത് ചെയ്യാൻ കഴിയും. ആർക്കും അത് ചെയ്യാൻ കഴിയും. ദീപിക സുന്ദരിയും കഴിവുമുള്ള കുട്ടിയാണ്," ബയോപിക്കിൽ ദീപിക അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു.  

റാം കമൽ മുഖർജിയുടെ 2017-ലെ ജീവചരിത്രമായ 'ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' പുറത്തിറക്കാൻ ഹേമ പ്രത്യേകം തിരഞ്ഞെടുത്തത് ദീപികയെയായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ, ദീപിക ബോളിവുഡിൽ അരങ്ങേറിയത് ഫറാ ഖാൻ്റെ 2007-ലെ ഹിറ്റ് ചിത്രമായ 'ഓം ശാന്തി ഓ'മിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. അതിൽ ശാന്തിപ്രിയ എന്ന കഥാപാത്രം ഹേമാമാലിനിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുളളതാണെന്ന് പറയപ്പെടുന്നു. ഹേമയുടെ എക്കാലത്തേയും വിളിപ്പേരായ 'ഡ്രീം ഗേൾ' എന്നതിന് സമാനമായി, 'ഡ്രീമി ഗേൾ' എന്നാണ് ആ കഥാപാത്രത്തെ വിളിച്ചിരുന്നത്. 

അമ്മയായിരുന്നു എല്ലാം 

ഹേമയുടെ സിനിമാ കരിയറിൽ നിർണായക പങ്കുവഹിച്ചത് അവരുടെ അമ്മയായ ജയ ചക്രവർത്തിയായിരുന്നു. തുടക്കത്തിൽ ഹേമയുടെ മാനേജരായിരുന്നു നിർമാതാവു കൂടിയായ അമ്മ.   

"എൻ്റെ അമ്മയോട് ഞാൻ നന്ദിയുള്ളവളാണ്, അവരെന്‍റെ കൂടെ നിന്നു. അമ്മമാർ അവരുടെ കുട്ടികളുടെ ജീവിതത്തിലും കരിയറിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ കുടുംബം എൻ്റെ കൂടെയുണ്ടായിരുന്നു, അതുകൊണ്ടാണ് എനിക്ക് വളരാൻ കഴിഞ്ഞത്," ഹേമ പറഞ്ഞു.

ഹേമ പിന്നീട് ധർമ്മേന്ദ്രയെ വിവാഹം ചെയ്തു. ഇഷാ ഡിയോളും അഹാന ഡിയോളുമാണ് മക്കൾ. ‌

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi