പാട്ടുകളുടെ വരികള്‍ അവര്‍ തെലുങ്കില്‍ എഴുതിയെടുത്ത് ശുദ്ധമലയാളത്തില്‍ പാടുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നും, ശ്രീകുമാരന്‍ തമ്പി എഴുതുന്നു

'ശിങ്കാരവേലനേ... ദേവാ...' എന്ന ആ ഗാനം ആലപിക്കാൻ പി. ലീല വന്നു. പാട്ട് പഠിച്ചു. റിഹേഴ്സൽ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അരുണാചലം നാഗസ്വരം വായിക്കുന്ന ശ്രുതിയിലേക്കുയരാൻ ആ വലിയ ഗായികയ്ക്ക് കഴിയുന്നില്ല. കെ.എം. ബാലസുബ്രഹ്മണ്യമാണ് ഗാനരചയിതാവ്. എസ്.എം. സുബ്ബയ്യാ നായിഡു സംഗീതസംവിധായകനും (എം.എസ്. വിശ്വനാഥന്റെ ഗുരുവാണ് എസ്.എം. സുബ്ബയ്യാ നായിഡു). പാട്ടുപാടാൻ കഴിയാതെ പി. ലീല മടങ്ങി. അടുത്ത ഊഴം പി. സുശീലയ്ക്ക് കിട്ടി. പി. സുശീല വന്ന് പാടിനോക്കി. അവർക്കും ചില സ്വരങ്ങൾ അരുണാചലത്തിന്റെ നാഗസ്വരവുമായി ശ്രുതിചേർത്ത് പാടാൻ കഴിയുന്നില്ല.
അപ്പോൾ ആരോ ഒരാൾ പറഞ്ഞു, തെലുങ്കിൽ പുതുതായി വന്ന ഒരു ഗായികയുണ്ട്. ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. എങ്കിലും ഏത് രാഗവും പാടിക്കൊടുത്താൽ അതേ ഭാവത്തിൽ ശ്രുതി പിഴയ്ക്കാതെ പാടും. അവളെ ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? യാഥാസ്ഥിതികനായ സംഗീതസംവിധായകൻ സുബ്ബയ്യാ നായിഡു ആദ്യം സമ്മതിച്ചില്ല. ഏതായാലും നോക്കാം എന്ന് സംവിധായകനും നിർമാതാവുമായ എം.എ. രാമൻ. അങ്ങനെ എസ്. ജാനകി വന്നു. അരുണാചലം നാഗസ്വരം വായിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എസ്. ജാനകി അതേ ശ്രുതിയിൽ വരികൾ പാടി. 'ശിങ്കാരവേലനേ ദേവാ...'ആ പ്രശസ്തഗാനത്തിലൂടെയാണ് തമിഴ് സിനിമയിൽ എസ്. ജാനകിയുടെ കാലം ആരംഭിക്കുന്നത്.
ഞാൻ സിനിമയ്ക്കുവേണ്ടി എഴുതിയ ആദ്യഗാനം പാടിയത് എസ്. ജാനകിയും യേശുദാസും ചേർന്നാണ്. 'കാട്ടുമല്ലിക'യാണ് ചിത്രം. 1966 ജൂലായ് 9-നാണ് ആ ചിത്രം റിലീസായത്. മദ്രാസിലെ ജനറൽ പാറ്റേഴ്‌സൺ റോഡിലുള്ള സ്വാമീസ് ലോഡ്ജിൽ താമസിച്ചാണ് ഞാനും ബാബുക്കയും (എം.എസ്. ബാബുരാജ്) അതിലെ പാട്ടുണ്ടാക്കിയത്. മദ്രാസിൽതന്നെ റോയപ്പേട്ടയിലുള്ള ഒരു ഹാളിൽവെച്ചായിരുന്നു റിഹേഴ്സൽ. പാട്ട് പഠിക്കാനായി ഭർത്താവ് പ്രസാദിനോടൊപ്പം എസ്.ജാനകി കാറിൽ വന്നിറങ്ങിയപ്പോൾ അവരെ കാണാനുള്ള ആവേശത്തിൽ ഞാൻ ബാൽക്കണിയിൽ പോയി നിന്നത് ആവേശത്തോടെ ഓർമിക്കുന്നു. അധികം വൈകാതെ ഒരു വെളുത്ത മോറിസ് മൈനർ കാർ സ്വയം ഡ്രൈവ്‌ചെയ്ത് യേശുദാസും വന്നു.
'താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ...' എന്ന ഗാനത്തിലെ വരികൾ പറഞ്ഞുകൊടുത്തപ്പോൾ ജാനകിയമ്മ അത് തെലുങ്ക് ലിപിയിൽ എഴുതിയെടുത്തു. അടുത്തദിവസം തന്നെ ഓർക്കസ്ട്രയോടൊപ്പം റിഹേഴ്സൽ നടന്നു. അതിനുശേഷമായിരുന്നു യഥാർഥ റെക്കോഡിങ്. പിന്നീട് ഞാനെഴുതിയ എത്രയോ പാട്ടുകൾ എസ്. ജാനകി പാടിയിരിക്കുന്നു...തെലുങ്കിൽ എഴുതിയെടുക്കുന്ന വരികൾ ശുദ്ധമായ മലയാളത്തിൽ അവർ പാടി ഫലിപ്പിക്കുന്നത് കാണുമ്പോൾ അദ്ഭുതം തോന്നും.
'മിടുമിടുക്കി'യിൽ യേശുവിനോടൊപ്പം പാടിയ 'അകലെയകലെ നീലാകാശം...'' എന്ന പാട്ടും (സംഗീതം- ബാബുരാജ് ) 'ഗാനം' എന്ന എന്റെ സിനിമയിലെ 'ആലാപനം... ആലാപനം... അനാദിമധ്യാന്തമീ വിശ്വചലനം...' (സംഗീതം: വി. ദക്ഷിണാമൂർത്തി...) എന്ന ഗാനവും 'റെസ്റ്റ് ഹൗസി'ൽ ജയചന്ദ്രനോടൊപ്പം പാടിയ 'യമുനേ... യമുനേ... യദുകുല രതിദേവനെവിടെ...' (സംഗീതം: എം.കെ. അർജുനൻ), 'അർച്ചനടീച്ചറി'ൽ ജയചന്ദ്രനോടൊപ്പം പാടിയ 'ഓരോ നിമിഷവും ഓരോ നിമിഷവും ഓർമയിൽ...' എന്ന ഗാനവും (സംഗീതം: ശ്യാം) 'ശുദ്ധികലശ'ത്തിൽ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം പാടിയ 'ഓർമകളിൽ ഒരു സന്ധ്യ തൻ ദീപം കൊളുത്തിയാരോ...' ഇങ്ങനെ എത്രയോ പാട്ടുകൾ. എസ്. ജാനകിക്ക് കേരള സംസ്ഥാന അവാർഡ് ലഭിച്ച പാട്ടുകളിൽ രണ്ടെണ്ണം ഞാൻ എഴുതിയവയാണ്.
ഒരുമിച്ച് പ്രവർത്തിച്ചകാലത്ത് ചേച്ചിയും അനുജനും പോലെയായിരുന്നു ഞങ്ങൾ. പലപ്പോഴും എന്നെ ഓർമിപ്പിക്കും, ''എനക്ക് രണ്ടുവയസ്സ് അധികം. നാൻ അക്കാ. നീങ്കെ എൻ തമ്പി.'' ജാനകിയമ്മയുടെ ഭർത്താവ് പ്രസാദും എന്റെ സുഹൃത്തായിരുന്നു. ഇത്രയും സുന്ദരമായ ഒരു ദാമ്പത്യം സംഗീതരംഗത്ത് വേറെ ഞാൻ കണ്ടിട്ടില്ല. പ്രസാദിന്റെ മരണം ജാനകിയമ്മയുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തി. പിന്നീട് ഒരിക്കലും അവർക്ക് പഴയ എസ്. ജാനകിയാകാൻ കഴിഞ്ഞില്ല.
(പുന:പ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: S. Janaki's breakthrough performance in the song Shingaravelane Deva., First collaboration with K.J. Yesudas for the film Kaattumallika in 1966., Her unique ability to sing perfect Malayalam lyrics despite writing them in Telugu script., A deep personal and professional bond between the singer and the lyricist., The profound impact of her husband Prasad's death on her musical career.
Published: 12 Jul 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented