വിജയ് സിനിമകളുടെ ഓഡീയോ റിലീസുകള്‍ എന്നും ചര്‍ച്ചയാവാറുണ്ട്. റിലീസ് വേദിയില്‍ വിജയ് നടത്തുന്ന പ്രസംഗങ്ങളാണ് ഈ ചടങ്ങിലെ പ്രധാന ആകര്‍ഷണം. തുറന്നുപറയാനും അനുഭവങ്ങള്‍ പങ്കുവെക്കാനും ഈ വേദിയാണ് വിജയ് സാധാരണ തിരഞ്ഞെടുക്കാറ്. ഇപ്പോഴിതാ വിജയിയുടെ അടുത്ത ചിത്രമായ ‘ജനനായകന്റെ’ ഓഡിയോ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തമാസം 27-ന് മലേഷ്യയിലെ ക്വാലാലമ്പൂരില്‍ വെച്ചാണ് ചടങ്ങ്.

കരൂരിലെ സംഭവത്തിന് ശേഷം വിജയ് ഇതുവരെ പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ട് ഈ ഓഡിയോ ലോഞ്ചിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മാത്രമല്ല, രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയിയുടെ അവസാന ചിത്രമാണ് ‘ജനനായകന്‍’.

ഓഡിയോ ലോഞ്ചിലെ വിജയിയുടെ പ്രസംഗങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയും അഴിമതിക്കെതിരെയുമായിരുന്നു വിജയിയുടെ സംസാരം. ബിഗില്‍ ഓഡിയോ ലോഞ്ചില്‍ പലവിഷയങ്ങള്‍ കടന്നുവന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റുമുട്ടുന്നതിനെതിരേ സംസാരിച്ച വിജയ് കരുണാനിധിയും എം.ജി.ആറും തമ്മില്‍ സൂക്ഷിച്ച പരസ്പര ബഹുമാനം ആളുകള്‍ മാതൃകയാക്കണമെന്നും പറഞ്ഞു.

അടുത്ത ജനുവരി ഒമ്പതിനാണ് ‘ജനനാകയന്റെ’ റിലീസ്. വന്‍താരനിര അണിനിരക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്. ബോബി ഡിയോള്‍, പുജാ ഹെഗ്‌ഡെ, പ്രിയാമണി, പ്രകാശ് രാജ്, മമിതാ ബൈജു, ഗൗതം മേനോന്‍, നരെയ്ന്‍ അടക്കമുള്ളവര്‍ സിനിമയിലുണ്ട്. എച്ച്. വിനോദാണ് സംവിധാനം.