ഓരോ വര്‍ഷവും 18 ദശലക്ഷത്തിലധികം ജീവന്‍ അപഹരിക്കുന്ന കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍ (സി.വി.ഡി.) അഥവാ ഹൃദ്രോഗങ്ങളാണ്, ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാനകാരണമായി തുടരുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന ഓരോ മൂന്ന് മരണങ്ങളിലും ഒന്ന് ഹൃദ്രോഗസംബന്ധമായ മരണമാണെന്നു കണക്കുകള്‍ പറയുന്നു. അതിലും ഞെട്ടിക്കുന്ന കാര്യം യുവജനങ്ങളില്‍ ഹൃദ്രോഗത്തിന്റെ വര്‍ധനവാണ്. കഴിഞ്ഞ ദശകത്തില്‍ 40 വയസ്സിന് താഴെയുള്ളവരില്‍ ഹൃദ്രോഗം ശതമാനം വര്‍ധിച്ചതായി സമീപകാലപഠനങ്ങള്‍ കാണിക്കുന്നു. സമ്മര്‍ദ്ദം, തെറ്റായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും നടപടി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് 'പ്രവര്‍ത്തനത്തിനായി ഹൃദയം ഉപയോഗിക്കൂ' എന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഈ വര്‍ഷത്തെ ലോകഹൃദയദിനം ആചരിച്ചത്. 

നിങ്ങളുടെ ദിനചര്യയില്‍ കുറഞ്ഞസമയം കൊണ്ട് ശരീരത്തിന് മികച്ച ഫലം ലഭിക്കുന്ന വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സമയമെടുത്തു ചെയ്യുന്ന വര്‍ക്കൗട്ടുകളെക്കാള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം വെറും 10 മിനിറ്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിച്ചാലോ.. 

ജീവിതശൈലിയില്‍ കൊണ്ടുവരാവുന്ന മാറ്റങ്ങള്‍ 

  • ആരോഗ്യകരമായ ഭക്ഷണക്രമം
  • പതിവ് വ്യായാമം
  • പുകവലി നിര്‍ത്തല്‍
  • സ്ട്രെസ് മാനേജ്മെന്റ്

കൂടാതെ, നിങ്ങളുടെ സാമൂഹികബന്ധങ്ങള്‍ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു. സാമൂഹികമായി ഒറ്റപ്പെട്ടവരെ അപേക്ഷിച്ച് ശക്തമായ സാമൂഹിക ബന്ധമുള്ള ആളുകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണ്. വ്യായാമത്തെയും ഭക്ഷണത്തെയും കുറിച്ച് മാത്രം ചിന്തിക്കുന്ന രീതി മാറ്റി പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും സന്തോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനെക്കുറിച്ചും ചിന്തിക്കുക. ഈ കാഴ്ചപ്പാടിലൂടെ ഹൃദയാരോഗ്യത്തെ കാണാന്‍ തുടങ്ങുമ്പോള്‍, നമ്മുടെ ജീവിതം നമ്മുടെ ഹൃദയത്തിന്റെ ക്ഷേമവുമായി എത്രമാത്രം പരസ്പരബന്ധിതമാണെന്ന് വ്യക്തമായ ധാരണ ലഭിക്കും. ജീവിതശൈലീക്രമീകരണങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണ്.

മരുന്നുകള്‍: 
രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ ഉള്ളവര്‍ക്ക് അത് കുറക്കാനും പുതുതായി രൂപപ്പെടുന്നത് തടയാനും സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. 

ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍: 
കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സി.എ.ബി.ജി): അടഞ്ഞ ധമനികളെ ശരിപ്പെടുത്തുന്നു. 
ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും: ഒരു ബലൂണും സ്റ്റെന്റും ഉപയോഗിച്ച് അടഞ്ഞ ധമനികള്‍ തുറക്കുന്നു.

ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചികിത്സ: 
ജീന്‍ തെറാപ്പി: കാര്‍ഡിയോവാസ്‌കുലര്‍ രോഗവുമായി ബന്ധപ്പെട്ട പ്രത്യേക ജനിതകവൈകല്യങ്ങള്‍ ലക്ഷ്യമിടുന്ന പരീക്ഷണാത്മകചികിത്സകള്‍.

സ്റ്റെം സെല്‍ തെറാപ്പി:
ടിഷ്യു (കലകള്‍) നന്നാക്കലും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റെം സെല്ലുകള്‍ ഹൃദയത്തിലേക്ക് കുത്തിവയ്ക്കുന്നു.

ഭാവി സാധ്യതകള്‍:
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.): മെഡിക്കല്‍ ഇമേജുകള്‍ വിശകലനം ചെയ്യുന്നതിനും രോഗപുരോഗതി പ്രവചിക്കുന്നതിനും ചികിത്സാപദ്ധതികള്‍ വ്യക്തിഗതമാക്കുന്നതിനും എ.ഐ. ഉപയോഗിക്കപ്പെടും.