ഫിറ്റ്‌നസിനായി കഠിനമായ വർക്കൗട്ടുകളും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്ന പരിശീലനങ്ങളും എല്ലാവർക്കും സാധ്യമാകണമെന്നില്ല. എന്നാൽ ശരീരത്തെ അമിതമായി ക്ഷീണിപ്പിക്കാതെ തന്നെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ലളിതമായ മാർഗമാണ് ലിംഫാറ്റിക് വാക്കിങ് (Lymphatic Walking). സാധാരണ നടത്തത്തിന് ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ ശരീരത്തിലെ ലിംഫ് ദ്രവ (Lymph fluid)ത്തിന്റെ സ്വാഭാവിക സഞ്ചാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ലിംഫാറ്റിക് വാക്കിങ് എന്നത് സാധാരണ നടക്കൽ തന്നെയാണ്. എന്നാൽ ആഴത്തിലുള്ള ശ്വസനം, ശരിയായ പോസ്ചർ (Posture), കൈകൾ സ്വതന്ത്രമായി ആട്ടിക്കൊണ്ടുള്ള നടത്തം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. ഹൃദയത്തെപ്പോലെ ലിംഫാറ്റിക് സിസ്റ്റത്തിന് ദ്രവം പമ്പ് ചെയ്യാൻ പ്രത്യേക അവയവമില്ല. ശരീരത്തിന്റെ ചലനവും പേശികളുടെ സങ്കോച-വികാസവും ആഴത്തിലുള്ള ശ്വസനവുമാണ് ലിംഫ് ദ്രവത്തെ ശരീരമാകെ സഞ്ചരിക്കാൻ സഹായിക്കുന്നത്. അതിനാൽ ബോധപൂർവം ചെയ്യുന്ന നടത്തം ഈ പ്രക്രിയയെ കൂടുതൽ ഫലപ്രദമാക്കുന്നു.
Also Read
എങ്ങനെ ചെയ്യാം?
ലിംഫാറ്റിക് വാക്കിങ് ചെയ്യാൻ പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ ആവശ്യമില്ല. ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ മാത്രം.
- നിവർന്ന് നിന്ന് സ്വാഭാവികമായ പോസ്ചറിൽ നടക്കുക.
- തോളുകൾ അയച്ച് ശരീരം റിലാക്സ് ചെയ്യുക.
- കൈയിൽ ഫോൺ പിടിക്കാതെ കൈകൾ സ്വതന്ത്രമായി ആടാൻ അനുവദിക്കുക.
- നെഞ്ചിൽ മാത്രം ഒതുങ്ങാതെ വയറിലേക്കെത്തുന്ന രീതിയിൽ പതുക്കെ ആഴത്തിൽ ശ്വസിക്കുക.
- നടക്കുമ്പോൾ ശരീരം സ്വാഭാവികമായി തിരിയാനും കൈകൾ ആടാനും അനുവദിക്കുക.
- ഇടയ്ക്കിടെ തോളുകളും കഴുത്തും കൈമുട്ടുകളും മെല്ലെ ചലിപ്പിക്കുകയോ സ്‌ട്രെച്ച് ചെയ്യുകയോ ചെയ്യാം.
- ദിവസവും 20 മുതൽ 30 മിനിറ്റ് വരെ പതിവായി നടക്കുന്നത് ഗുണം ചെയ്യും.
ഗുണങ്ങൾ
ലിംഫാറ്റിക് വാക്കിങ് സ്ഥിരമായി ചെയ്യുന്നത് പല ആരോഗ്യഗുണങ്ങളും നൽകുമെന്ന് വിദഗ്ധർ പറയുന്നു.
- ശരീരത്തിലെ ദ്രവക്കെട്ട് (Fluid retention) കുറയാൻ സഹായിച്ചേക്കാം.
- രക്തചംക്രമണം മെച്ചപ്പെടാൻ സഹായിക്കും.
- ദീർഘനേരം ഇരിക്കുന്നവർക്കും കൂടുതൽ യാത്ര ചെയ്യുന്നവർക്കും അനുഭവപ്പെടുന്ന ശരീരഭാരവും നീർവീക്കവും കുറയാൻ സഹായിക്കാം.
- ലിംഫാറ്റിക് സിസ്റ്റത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതിലൂടെ പ്രതിരോധശേഷി കൂടാം.
- ദഹനപ്രക്രിയ സുഗമമാകാനും മാനസിക സമ്മർദം കുറയാനും സഹായിക്കും.
- ഏറ്റവും പ്രധാനമായി, ഏത് പ്രായക്കാർക്കും എളുപ്പത്തിൽ ജീവിതശൈലിയുടെ ഭാഗമാക്കാൻ കഴിയുന്ന വ്യായാമരീതിയാണിത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലിംഫാറ്റിക് വാക്കിങ് സുരക്ഷിതമായ ഒരു ലോ-ഇംപാക്റ്റ് വ്യായാമമാണെങ്കിലും ചില സാഹചര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
- സജീവമായ അണുബാധ (Active infection) ഉള്ളവർ
- കാരണം വ്യക്തമല്ലാത്ത ശരീരവീക്കം ഉള്ളവർ
- ഗുരുതര ഹൃദ്രോഗമുള്ളവർ
- മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഒക്കെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഈ രീതിയിലുള്ള വ്യായാമം തുടങ്ങാവൂ.
ലിംഫാറ്റിക് വാക്കിങ് ശരീരത്തിലെ വിഷാംശങ്ങളെ പുറത്താക്കുന്ന 'ഡിറ്റോക്‌സ്' ചികിത്സയല്ല. ശരീരത്തിന്റെ സ്വാഭാവിക ദ്രവചംക്രമണത്തെയും രക്തചംക്രമണത്തെയും പിന്തുണയ്ക്കുന്ന ഒരു ആരോഗ്യശീലമാണ്. ഒരു ദിവസം നടന്നതുകൊണ്ട് വലിയ മാറ്റങ്ങൾ ലഭിക്കണമെന്നില്ല. ആവശ്യത്തിന് വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, സ്ഥിരമായി ശരീരം ചലിപ്പിക്കുക എന്നിവയ്‌ക്കൊപ്പം ലിംഫാറ്റിക് വാക്കിങ് കൂടി ശീലമാക്കിയാൽ മാത്രമേ അതിന്റെ ഗുണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ അനുഭവിക്കാനാകൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: what-is-lymphatic-walking-benefits-guide
Published: 31 Jul 2026, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented