ജ്ഞാനേന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തുകയും അവിടെ തിരിച്ചറിഞ്ഞ് ശേഖരിക്കപ്പെടുകയും ചെയ്യുന്ന വിവരങ്ങളാണ് ഓര്‍മ. പിന്നീട് പലപ്പോഴായി വീണ്ടെടുക്കാനാവുംവിധം തലച്ചോറില്‍ അത് കോഡ് ചെയ്യപ്പെടുന്നു. നമ്മുടെ തലച്ചോറിലെത്തുന്ന  വിവരങ്ങളെല്ലാം ഓര്‍മകളായി മാറുന്നില്ല. എന്തെല്ലാം വിവരങ്ങളാണ് സൂക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അത്തരം കാര്യങ്ങള്‍ മാത്രമായിരിക്കും ഓര്‍മച്ചെപ്പില്‍ അടിയുന്നത്. 

എല്ലാം പഠിച്ചു. പക്ഷേ പരീക്ഷാസമയത്ത് ഓര്‍ക്കാന്‍ പറ്റിയില്ല. അതുകൊണ്ടാണ് മാര്‍ക്ക് കുറഞ്ഞത്. ഇങ്ങനെ പരാതിപ്പെടുന്ന കുട്ടികള്‍ നമുക്കിടയില്‍ ഏറെയുണ്ട്. എല്ലാം കൃത്യമായി പഠിച്ചാല്‍ മാത്രം മതിയോ. അത് വേണ്ടസമയത്ത് ഓര്‍മയില്‍ വരേണ്ടെ. ഓര്‍ക്കാനുള്ള കഴിവ് കുട്ടികളില്‍ ഏറിയും കുറഞ്ഞുമിരിക്കും. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലാകുമ്പോള്‍തന്നെ ഓര്‍മകള്‍ രൂപപ്പെടുന്നുണ്ട്. തലച്ചോറിന്റെ 75 ശതമാനം വളര്‍ച്ചയും രണ്ട് വയസിനുള്ളില്‍ നടക്കുന്നുണ്ട്. 

ഓര്‍മ കൂട്ടാനുള്ള വഴികള്‍
ചില പ്രവര്‍ത്തനങ്ങളിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിയും. മനസ് എപ്പോഴും ഉന്‍മേഷത്തോടെ വെയ്ക്കുക എന്നതാണ് പ്രധാനം.  തലച്ചോറിനെ എപ്പോഴും ആക്ടീവാക്കി നിര്‍ത്തുന്ന കളികളില്‍ ഏര്‍പ്പെടുകയുമാവാം. 

താല്‍പ്പര്യത്തോടെ പഠിക്കാം: താല്‍പ്പര്യത്തോടെ പഠിച്ചാല്‍ ഏത് കാര്യവും എളുപ്പം ഓര്‍ത്തെടുക്കാനാകും. അഞ്ചാം ക്ലാസില്‍ പഠിച്ച ഏതെങ്കിലും പാഠഭാഗം ഇന്ന്  ഓര്‍മിക്കാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍  അന്ന് കണ്ട ഏതെങ്കിലും സിനിമയിലെ കഥയോ  ഡയലോഗുകളോ വള്ളിപുള്ളി തെറ്റാതെ ആവര്‍ത്തിക്കാനാകും. പഠിക്കുന്നതിലും കൂടുതല്‍ താല്‍പ്പര്യത്തോടെ സിനിമ കണ്ടു. അതാണ് കാരണം. പഠനപ്രവര്‍ത്തനങ്ങള്‍ രസകരമാക്കി കുട്ടികളില്‍ താല്‍പ്പര്യമുണ്ടാക്കാം. 

ആഴത്തില്‍ പഠിക്കാം: ഒരു വിഷയം സമഗ്രമായി പഠിക്കുന്നത് ഓര്‍മ കൂട്ടാന്‍ സഹായിക്കും. വെറുതേ വായിച്ച്‌ പോയതുകൊണ്ടും കാണാതെ പഠിച്ചതുകൊണ്ടൊന്നും കാര്യമില്ല. മനസ് പഠനമെന്ന പ്രവര്‍ത്തനത്തില്‍ അലിഞ്ഞുചേരണം. മനസ്സിരുത്തി പഠിക്കണമെന്ന് പറയാറില്ലേ. അതുതന്നെ. സൗരയൂഥത്തെക്കുറിച്ചാണ് പഠിക്കുന്നതെങ്കില്‍ സൂര്യന്‍, മറ്റ് ഗ്രഹങ്ങള്‍, സഞ്ചാരപഥം, വാല്‍നക്ഷത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. ഇത്തരം വിവരങ്ങള്‍ ബന്ധപ്പെടുത്തി പഠിക്കാനായാല്‍ പെട്ടെന്ന് ഓര്‍മിച്ചെടുക്കാന്‍ സഹായിക്കും. 

ബന്ധപ്പെടുത്തി പഠിക്കാം
ആവര്‍ത്തിക്കാം

പഠിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതും ബന്ധപ്പെടുത്തി പഠിക്കുന്നതും മറന്നുപോകാതിരിക്കാന്‍ സഹായിക്കും. മഴവില്ലിലെ നിറങ്ങളെ ഓര്‍ത്തെടുക്കാന്‍ 'VIBGYOR' എന്ന കോഡിലാക്കി പഠിച്ചത് നമ്മള്‍ ഒരിക്കലും മറക്കില്ല. പുസ്തകങ്ങളിലെ പേരുകള്‍ നിത്യജീവിതത്തില്‍ കുട്ടി കാണുന്ന ആളുകളുമായോ സംഭവങ്ങളുമായോ ബന്ധപ്പെടുത്തി പഠിക്കാവുന്നതാണ്. ചിത്രങ്ങളായി ഓര്‍ത്തുവെയ്ക്കുന്നതും പരിസരങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നതും ഓര്‍മയില്‍ നിലനില്‍ക്കും. 
മള്‍ട്ടിടാസ്‌കിങ് വേണ്ട: ഒരേസമയം ഒന്നിലേറെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ഗുണംചെയ്യില്ല. സയന്‍സും കണക്കും ഇംഗ്ലീഷുമെല്ലാം ഒറ്റിയിരുപ്പില്‍ പഠിച്ചുകളയാമെന്ന ആഗ്രഹം നല്ലതാണ്. പക്ഷേ മനസ്സ് ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രമാണ് ഉറച്ചുനില്‍ക്കുക. എത് വിഷയത്തിലാണ് കൂടുതല്‍ താല്‍പ്പര്യം ആ വിഷയം ആദ്യം പഠിക്കാം. പഠനത്തിനിടയില്‍ ചെറിയ ഇടവേളകള്‍ നല്‍കാം. പഠനസമയത്ത് മറ്റ് ജോലികള്‍ ചെയ്യാതിരിക്കുക. ഒരേ സമയത്തുള്ള 'മള്‍ട്ടി ടാസ്‌കിങ് ' പഠനത്തില്‍ നല്ല ഫലമല്ല ഉണ്ടാക്കുക. 
നല്ല മനസ്സ്, അന്തരീക്ഷം: മനസ് ഗ്രീന്‍ സിഗ്നല്‍ തന്നാല്‍ മാത്രം പഠനം തുടങ്ങിയാല്‍ മതി. സ്‌കൂള്‍വിട്ട് വീട്ടിലെത്തി ഭക്ഷണംപോലും കഴിക്കാതെ പഠിത്തത്തിലേത്ത് ഊളിയിടുന്ന കുട്ടികളുണ്ട്. ഈ പഠനം ഒരുഫലവും ചെയ്യില്ല. ദേഷ്യം, സങ്കടം എന്നീ വിചാരങ്ങള്‍ മനസിലുണ്ടാവരുത്. ക്ഷീണം മാറ്റി മനസ്സ് ഏകാഗ്രമായശേഷം പഠനം തുടങ്ങാം. പഠിക്കാനുള്ള അന്തരീക്ഷവും പ്രധാനമാണ്. പഠനമുറിയില്‍ ശ്രദ്ധതിരിക്കുന്ന വസ്തുക്കളൊന്നും വേണ്ട. ഉയര്‍ന്ന ശബ്ദഘോഷങ്ങള്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കും. വീട്ടുകാരുടെ സഹകരണം ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. ഉച്ചത്തില്‍ ടി.വി.വെച്ചുകൊണ്ടിരിക്കുന്ന വീടുകളിലെ പഠനം കുട്ടികള്‍ അരോചകമാകും. കുട്ടികളുടെ പഠനം ആഹ്ലാദകരമാക്കാന്‍ വീട്ടുകാരും ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകണം.  
ചിട്ടയോടെ പഠിക്കാം: പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ക്രമവും ചിട്ടയും വേണം. തോന്നുമ്പോള്‍ പഠിക്കുന്ന ശീലം മാറ്റാം. പകരം കൃത്യമായ ഒരു സമയക്രമം പാലിക്കാം. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി കിടക്കുന്നതുവരെയുള്ള കാര്യങ്ങളെ ക്രമീകരിക്കാം. കളിക്കാനുള്ള സമയം, ടി.വികാണാനുള്ള സമയം, ഉറങ്ങാനുള്ള സമയം, പഠനസമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിവെയ്ക്കാം. 
ഉറങ്ങാതെ പഠിക്കേണ്ട: ഉറക്കവും  ഓര്‍മയും തമ്മില്‍ വേര്‍തിരിക്കാനാകാത്ത ബന്ധമുണ്ട്.  അഞ്ചുവയസുള്ള കുട്ടി ദിവസം 11 മണിക്കൂറെങ്കിലും  ഉറങ്ങണം. പ്രായപൂര്‍ത്തിയായ ഒരാള്‍ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. ഒരോദിവസവും തലച്ചോറിലെത്തുന്ന വിവരങ്ങള്‍ ക്രമീകരിച്ച് അടുക്കും ചിട്ടയിലുമാക്കുന്നത് ഉറങ്ങുന്ന സമയത്താണ്. പലപ്പോഴും പരീക്ഷാസമയത്ത് കുട്ടികള്‍ ഉറക്കമൊഴിച്ച് പഠിക്കാറുണ്ട്. പരീക്ഷാഹാളില്‍ ഉറക്കംതൂങ്ങികളാക്കാന്‍ മാത്രമേ ഇത് സഹായിക്കൂ.  

ടി.വിയും കമ്പ്യൂട്ടറുമെല്ലാം ദീര്‍ഘനേരം കാണുന്നത് ഓര്‍മയെ ബാധിക്കുന്നുണ്ട്. ടി.വിയിലെയും കമ്പ്യൂട്ടറിലുമെല്ലാം കുട്ടി കാണുന്നത് അതിവേഗതയില്‍ ചലിക്കുന്ന ചിത്രങ്ങളാണ്. ഒരു ഞൊടിയിടകൊണ്ട് അത്തരം കാര്യങ്ങള്‍ തലച്ചോറിലൂടെ മിന്നിമറിയും. മനസിനും തലച്ചോറിനും ഏകാഗ്രത (Concetnration) നല്‍കാത്ത പ്രവൃത്തിയാണിത്. ഓര്‍മയുടെ ഞരമ്പുകളെ മൂര്‍ച്ഛയുള്ളതാക്കാന്‍ ഈ പ്രവൃത്തിയിലൂടെ കഴിയുന്നില്ല. എന്നാല്‍ വായനയില്‍ ഇതല്ല നടക്കുന്നത്. അവിടെ മനസിന്റെ ഇടപെടല്‍ നടക്കുന്നു. വായിക്കുന്നത് തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്നു. തുടര്‍ച്ചയായി ടിവിയും കമ്പ്യൂട്ടറും കാണുന്നത് ഒഴിവാക്കണം. പഠനത്തിനും വിനോദത്തിനും കൃത്യമായ ഇടവേളകള്‍ നല്‍കുക. 

placeholder
Kids learning
ബുദ്ധി വര്‍ധിപ്പിക്കാനുള്ള പൊടിക്കൈകള്‍ തേടി അലയുന്ന കുട്ടികളും മാതാപിതാക്കളും ഏറെയുണ്ട്. ഉണര്‍ന്നെണീക്കുമ്പോഴേക്കും ബുദ്ധി കൂട്ടുന്ന മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിച്ചില്ല. ബൗധികമായ കഴിവുകള്‍ മെച്ചപ്പെടുത്താനാകും. അതിന് എളുപ്പവഴി ഇല്ല. നിരന്തര പരിശീലനമാണ് അതിന്റെ ആദ്യപടി. ഇത്തരം പരിശീലനങ്ങള്‍  തലച്ചോറിനെ മൂര്‍ച്ഛയുള്ളതാക്കി തീര്‍ക്കും.  വായന, പദസമ്പാദനം, ഗണിതക്രികയകളുടെ ആവര്‍ത്തനം, ബുദ്ധിപരമായ കളികള്‍ എന്നിവ ബുദ്ധിയെ കരുത്തുള്ളതാക്കും.

കളികളിലൂടെ വളരാം:
 പഠനം മാത്രമല്ല, കളികളും കുട്ടികളില്‍ ഓര്‍മയും ബുദ്ധിയും  രൂപപ്പെടുത്താനും വീണ്ടെടുക്കാനും സഹായിക്കുന്നുണ്ട്. ഒന്നോ രണ്ടോ മണിക്കൂര്‍ കുട്ടികള്‍ കളിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ശാരീരികമായി അധ്വാനം ലഭിക്കുന്ന കളികളിലാണ് ഏര്‍പ്പെടേണ്ടത്. ഒറ്റയ്ക്ക കളിക്കുന്നതിനേക്കാള്‍ ഒത്തുചേര്‍ന്ന് (Group) കളിക്കുന്നതാണ് നല്ലത്.

*കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന കളിലും കുട്ടികള്‍ പങ്കെടുക്കട്ടെ. 
* ചെസ്, കാരംസ് എന്നിങ്ങനെയുള്ള ബോര്‍ഡ് ഗെയിമുകള്‍ കുട്ടികളില്‍ ചിന്താശക്തി, ഓര്‍മ, ഏകാഗ്രത എന്നിവ കൂട്ടും. 
* നഴ്‌സറി കുട്ടികള്‍ക്ക് പ്രായത്തിന് ചേര്‍ന്ന കളികളില്‍ ഏര്‍പ്പെടാം. വഴി കാണിക്കല്‍, പാമ്പും കോണിയും, സ്‌ക്രബിള്‍ എന്നിവയെല്ലാം കുട്ടിയുടെ ബുദ്ധിയെ ഉണര്‍ത്തും.  
* മികച്ച ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ഒരുക്കുക.
* കുട്ടിയെ സ്വതന്ത്രമനസോടെ ഇടപെടാന്‍ അനുവദിക്കുക. 
* ബുദ്ധി വളരുന്നതിന് സഹായിക്കുന്ന കഥകളും കവിതകളും കടങ്കഥകളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. 
* തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ഭക്ഷണം ശീലമാക്കുക. 
* പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ ഗൗരവത്തോടെ സമീപിക്കുക. ഉത്തരം കണ്ടെത്താന്‍ അവരെ സഹായിക്കുക. 

ബുദ്ധിശക്തിയും പാരമ്പര്യവും
ബുദ്ധിശക്തിയും പാരമ്പര്യവും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ല. ബുദ്ധിയും ജീനും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. അച്ഛനും അമ്മയ്ക്കും നല്ല ബുദ്ധിയാണെങ്കിലും കുട്ടികള്‍ക്കും ആ ബുദ്ധി ലഭിച്ചേക്കാം.  ഒരേ കുടുംബത്തില്‍ തന്നെ വിവിധ ബുദ്ധിനിലവാരമുള്ളവരും വിരളമല്ല. ജീവിത സാഹചര്യങ്ങളും വിദ്യാഭ്യാസ നിലവാരവുമെല്ലാം ബുദ്ധിവളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

മാതാപിതാക്കളാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മേഖല എതെന്ന് കണ്ടെത്തുക. പലപ്പോഴും അവരെ നിരീക്ഷിക്കുന്നതിലൂടെതന്നെ ഇക്കാര്യം മനസിലാക്കാം. ആ മേഖലയില്‍ ശോഭിക്കാനുള്ള കഴിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കുട്ടികളെ സഹായിക്കുക. അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുള്ള രംഗത്ത് അവര്‍ സ്വതന്ത്രരായി വളരട്ടെ.