ശൈത്യകാലത്ത് മുടികൊഴിച്ചിൽ കൂടുന്നതായി പലരും പരാതിപ്പെടാറുണ്ട്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും പോഷകാഹാരക്കുറവും അതിലൊന്നാണ്. ബയോട്ടിനും സിങ്കും കെരാറ്റിനും മാത്രമല്ല, മുടിയുടെ വളർച്ചയ്ക്കും ബലത്തിനും ആവശ്യമായ മറ്റ് വിറ്റാമിനുകളുമുണ്ട്. ഇവ മുടിവേരുകളെ ശക്തിപ്പെടുത്താനും മുടിയുടെ സ്വാഭാവിക ആരോഗ്യം നിലനിർത്താനും സഹായിക്കും. മുടിയുടെ തിളക്കവും കട്ടിയും നിലനിർത്തുന്നതിലും ചില വിറ്റാമിനുകൾക്ക് പങ്കുണ്ട്.
ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഭക്ഷണത്തിൽനിന്ന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകളും പരിഗണിക്കാം. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ആറ് വിറ്റാമിനുകൾ ഏതൊക്കെയാണെന്നും അവ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും അറിയാം.
Also Read
1. വിറ്റാമിൻ എ: മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ ആവശ്യമാണ്. തലയോട്ടിയിലെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന സെബം ഉൽപാദനത്തിൽ ഈ വിറ്റാമിൻ പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ കുറവ് തലയോട്ടി വരണ്ടതാകാനും മുടിയുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകാം.
ലഭിക്കുന്ന ഭക്ഷണങ്ങൾ: കാരറ്റ്, മത്തങ്ങ, കാബേജ്, ബ്രൊക്കോളി തുടങ്ങിയവ.
2. ബി വിറ്റാമിനുകൾ: മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ബി വിറ്റാമിനുകൾ പ്രധാനമാണ്. ഇവയിൽ ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7 ഏറെ ശ്രദ്ധേയമാണ്. ശരീരത്തിലെ പ്രോട്ടീൻ മെറ്റബോളിസത്തിൽ പങ്കുവഹിക്കുന്ന ബയോട്ടിൻ മുടിയുടെ ഘടന നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ ബി1 ശരീരത്തിലെ ഊർജോൽപാദനത്തിന് ആവശ്യമാണ്. ബി3 അഥവാ നിയാസിൻ കോശങ്ങളുടെ പ്രവർത്തനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ബി2 മുടിയുടെ സ്വാഭാവിക ആരോഗ്യം നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു. ബി12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഓക്സിജൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനും ആവശ്യമാണ്. ബി5, ബി6 എന്നിവയും ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് പ്രധാനപ്പെട്ട പോഷകങ്ങളാണ്.
ലഭിക്കുന്ന ഭക്ഷണങ്ങൾ: മുട്ട, മാംസം, മത്സ്യം, പാൽ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ എന്നിവ.
3. വിറ്റാമിൻ സി: ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിൻ സി മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം മൂലമുണ്ടാകുന്ന കോശനാശത്തിൽനിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. മുടിയുടെ ഘടനയ്ക്ക് ആവശ്യമായ കൊളാജൻ ഉൽപാദനത്തിലും ഇരുമ്പിന്റെ ആഗിരണത്തിലും വിറ്റാമിൻ സി പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇരുമ്പിന്റെ കുറവും മുടികൊഴിച്ചിലിന് കാരണമാകാം.
ലഭിക്കുന്ന ഭക്ഷണങ്ങൾ:: നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, സ്ട്രോബെറി, കിവി, കാപ്സിക്കം, ബ്രൊക്കോളി എന്നിവ.
4. വിറ്റാമിൻ ഡി: മുടിവളർച്ചയുടെ സ്വാഭാവിക ചക്രത്തിൽ വിറ്റാമിൻ ഡിക്ക് പങ്കുണ്ട്. ഇതിന്റെ കുറവ് ചിലതരം മുടികൊഴിച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മുടിവേരുകളുടെ ആരോഗ്യത്തിനും പുതിയ മുടിയിഴകളുടെ വളർച്ചയ്ക്കും ഈ വിറ്റാമിൻ പ്രധാനമാണെന്ന് കരുതപ്പെടുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കപ്പെടും.
ലഭിക്കുന്ന ഭക്ഷണങ്ങൾ: സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, വിറ്റാമിൻ ഡി ചേർത്ത പാൽ, ചിലയിനം കൂണുകൾ എന്നിവ.
5. വിറ്റാമിൻ ഇ: കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽനിന്ന് സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റാണ് വിറ്റാമിൻ ഇ. തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും മുടിയുടെ സ്വാഭാവിക തിളക്കം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ചർമത്തിന്റെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ഈ പോഷകം ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തിലും പ്രധാനമാണ്.
ലഭിക്കുന്ന ഭക്ഷണങ്ങൾ: ബദാം, സൂര്യകാന്തി വിത്തുകൾ, ഹേസൽനട്ട്, അവക്കാഡോ, ചീര എന്നിവ.
6. വിറ്റാമിൻ എച്ച് അഥവാ ബയോട്ടിൻ: വിറ്റാമിൻ ബി7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെടുന്ന പോഷകമാണ്. കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഘടനയുമായി ബന്ധപ്പെട്ട ശരീരപ്രക്രിയകളിൽ ഇത് പങ്കുവഹിക്കുന്നു. ബയോട്ടിന്റെ കുറവുണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ബയോട്ടിന്റെ കുറവില്ലാത്തവരിൽ അധികമായി സപ്ലിമെന്റുകൾ കഴിക്കുന്നത് മുടിവളർച്ച കൂട്ടുമെന്ന് ഉറപ്പിക്കുന്നതിന് മതിയായ തെളിവുകളില്ല.
ലഭിക്കുന്ന ഭക്ഷണങ്ങൾ: മുട്ട, നട്സ്, വിത്തുകൾ, സാൽമൺ മത്സ്യം, മധുരക്കിഴങ്ങ്, പയർവർഗങ്ങൾ എന്നിവ.
ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മുടികൊഴിച്ചിലിന് വിറ്റാമിനുകളുടെ കുറവ് മാത്രമല്ല കാരണം. ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, മാനസിക സമ്മർദം, ചില മരുന്നുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകാം. അതിനാൽ വിറ്റാമിൻ സപ്ലിമെന്റുകൾ സ്വയം തീരുമാനിച്ച് കഴിക്കരുത്. അമിതമായ അളവിൽ ചില വിറ്റാമിനുകൾ കഴിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മുടികൊഴിച്ചിൽ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തി കാരണം കണ്ടെത്തുകയാണ് വേണ്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 23 Nov 2026, 12:10 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented