കാനിൽ (Cannes Film Festival) നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ഫാഷനിസ്റ്റകളുടെ മനംകവരുന്നത്. അത്രമാത്രം ഫാഷൻ പരീക്ഷണങ്ങളുമായിട്ടാണ് പലരും കാനിൽ എത്തുന്നത്. ഇന്ത്യയിൽനിന്ന് ആലിയ ഭട്ട്, കല്യാണി പ്രിയദർശൻ, താര സുതാരിയ, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, കണ്ടന്റ് ക്രിയേറ്റർ ആർതി ഖേതർപാൽ തുടങ്ങിയവരാണ് ഇതുവരെയായി ഈ വർഷം റെഡ്കാർപ്പറ്റിലെത്തിയത്.

അതിനിടെ ആലിയ റെഡ് കാർപ്പറ്റിലെത്തിയപ്പോൾ ചില ക്യാമറാമാൻമാർ അവരെ അവഗണിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. അവിടെനിന്നുള്ള ആലിയയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തു.

ഇതിനെല്ലാമിടയിൽ കാനിന്റെ യാഥാർഥ്യം വെളിപ്പെടുത്തുകയാണ് ബ്യൂട്ടി-വെൽനെസ് ഇൻഫ്‌ളുവൻസറായ തരിണി പെഷവാരിയ. ഈ കാണുന്ന ഗ്ലാമറിനുമപ്പുറത്ത് വേദനിപ്പിക്കുന്നൊരു ലോകമുണ്ടെന്ന് പറയുകയാണ് അവർ. ഒരു വീഡിയോയിലൂടെയാണ് തരിണി ഇക്കാര്യം പുറത്തുവിട്ടത്. 'കാനിനെക്കുറിച്ച് ഇക്കാര്യങ്ങൾ ആരും പറയില്ല' എന്നാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്.

''ഞാൻ നാലുവർഷം മുമ്പ് കാനിൽ പോയിരുന്നു. ഫെസ്റ്റിവലിനെക്കുറിച്ച് ആരും നിങ്ങളോട് പറയാത്തതെല്ലാം ഇതിലുണ്ട്'', തരിണി പറയുന്നു. ''എല്ലാ റെഡ് കാർപ്പെറ്റും ഒരുപോലെയല്ല. ടോം ക്രസിനെപ്പോലുള്ള ഒരാൾ ഫ്രെയിമിലേക്ക് പ്രവേശിക്കുമ്പോൾ, മറ്റെല്ലാവർക്കും 10 മിനിറ്റ് നേരത്തേക്ക് റെഡ് കാർപെറ്റിൽ പ്രവേശിക്കുന്നത് വിലക്കും''. എല്ലാ ഫോട്ടോഗ്രാഫർമാരും റെഡ് കാർപ്പറ്റിലെത്തുന്ന എല്ലാവരുടെയും ചിത്രങ്ങൾ എടുക്കില്ലെന്നും തരിണി കൂട്ടിച്ചേർക്കുന്നു. ''എല്ലാ ഫോട്ടോഗ്രാഫർമാരും നിങ്ങളെ ക്ലിക്ക് ചെയ്യാൻ വരില്ല. അവർക്ക് നിങ്ങളെ അറിയില്ല. നിങ്ങളുടെ ചിത്രങ്ങൾ എടുക്കുന്ന ഒരു ഫോട്ടോഗ്രാഫർക്ക് നിങ്ങൾ പണം നൽകണം. ഏഴ് വീഡിയോകൾക്കും ഏഴ് ഫോട്ടോകൾക്കുമായി ഞാൻ 400 യൂറോ (ഏകദേശം 44,500 രൂപ) നൽകി''.

കാൻ ഫെസ്റ്റിവൽ നടക്കുമ്പോൾ ഒരു സെലിബ്രിറ്റി ഹബ് ആയി മാറുന്ന സ്ഥലമാണ് ഹോട്ടൽ മാർട്ടിനെസ്. അവിടെ ഒരു റൂമിന് ഒരു രാത്രിക്ക് 2-3 ലക്ഷം രൂപ ചിലവാകുമെന്നും എന്നാൽ തന്റെ യാത്ര സ്‌പോൺസർ ചെയ്തത് ലോറിയൽ പാരീസായതിനാൽ, തനിക്ക് ആ തുക ചെലവഴിക്കേണ്ടി വന്നില്ലെന്നും തരിണി പറയുന്നു.

കാൻ യാത്രയിലെ ഏറ്റവും വലിയ ആകർഷണം ഐശ്വര്യ റായ്‌യെയും അഭിഷേക് ബച്ചനെയും കണ്ടുമുട്ടിയതായിരുന്നുവെന്നും തരിണി ഓർക്കുന്നു. ''ആ യാത്രയിൽ ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും നല്ല ആളുകളായിരുന്നു അവർ'', അവർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi