
അമ്മമാരുടെ സമ്മർദങ്ങളും പ്രശ്‌നങ്ങളും സമൂഹം ചർച്ച ചെയ്യാറുണ്ടെങ്കിലും, അച്ഛന്മാരുടെ ആകുലതകൾ പലപ്പോഴും ആരും കേൾക്കാറില്ല. ലോക മാതൃദിനം ആഘോഷിക്കപ്പെടുന്ന പൊലിമയിൽ ഫാദേഴ്സ് ഡേ കൊണ്ടാടി തുടങ്ങിയിട്ടില്ല എന്നതും യാഥാർഥ്യമാണ്.
പണ്ടൊക്കെ വീട്ടിലെ ബ്രെഡ് വിന്നർ അല്ലെങ്കിൽ ഏക വരുമാനക്കാരൻ മിക്കപ്പോഴും അച്ഛൻ മാത്രമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയെന്നതാണ് അന്നൊക്കെ അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഇന്ന് അതല്ല സ്ഥിതി. കുട്ടികളോട് കൂട്ടുകൂടുന്ന, അവരുടെ ഹോംവർക്കിൽ സഹായിക്കുന്ന, ഒപ്പം കളിക്കുന്ന ഈ 'പെർഫെക്റ്റ് ഡാഡ്' റോളിലേക്ക് അച്ഛന്മാരും മാറിത്തുടങ്ങി. എന്നാൽ ഇതിനിടയിലും ജോലിസ്ഥലത്തെ കടുത്ത മത്സരങ്ങളും വീട്ടുത്തരവാദിത്വവും ഒരുപോലെ കൊണ്ട് നടക്കുന്നത് ഇവർക്ക് വലിയ മാനസികസമ്മർദമുണ്ടാക്കുന്നു.
തൊഴിലും കുടുംബജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിനിടയിൽ പല പുരുഷൻമാരും പതറിപ്പോകാറുണ്ട്. ഓഫീസിലെ ഓൺലൈൻ, ഓഫ്ലൈൻ യോഗങ്ങൾക്കിടയിൽ മക്കളുടെ സ്‌കൂൾ പി.ടി.എ. മീറ്റിങ്ങിനെത്തുക പ്രയാസമാകും. കുട്ടികൾക്കായി സമയം മാറ്റിവെച്ചില്ലല്ലോയെന്ന കുറ്റബോധവും അച്ഛൻമാരെ അലട്ടാറുണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും നൽകാനായി രാപകൽ അധ്വാനിക്കുന്നതിനിടയിൽ അവർക്കൊപ്പമുള്ള 'ക്വാളിറ്റി ടൈം' നഷ്ടപ്പെടുന്നതായും ആശങ്കയുയരുന്നു. കുട്ടികൾ പിച്ചവെച്ചു നടക്കുന്നതും ആദ്യവാക്കുച്ചരിക്കുന്നതും സ്‌കൂളിലെ ആദ്യദിനവും കോളേജ് ജീവിതവുമൊന്നും നേരിട്ട് കണ്ടറിയാൻ തൊഴിൽരംഗത്തെ തിരക്ക് അച്ഛൻമാരെ അനുവദിക്കാറില്ല.
സാമ്പത്തിക ആകുലതയാണ് മറ്റൊരു പ്രധാന ആശങ്ക. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ആവശ്യങ്ങൾ, ജീവിതച്ചെലവുകൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ചെലവേറിയതാണ്. സ്വകാര്യമേഖലയിലെ കൂട്ടപ്പിരിച്ചുവിടലും നിർമിതബുദ്ധിയുടെ കടന്നുകയറ്റവും ജോലിയുടെ സുരക്ഷിതത്വത്തെ ചോദ്യചിഹ്നമാക്കുന്നു. ഇത്തരം പ്രതിസന്ധികൾ കുടുംബത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയം, അച്ഛൻമാരിൽ കടുത്ത മാനസിക ആകുലതയുണ്ടാക്കുന്നു.
അമ്മമാർക്ക് മക്കളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ പ്രസവാനന്തര വിഷാദത്തെ സംബന്ധിച്ചോ മറ്റു വിഷമതകളെക്കുറിച്ചോ സുഹൃത്തുക്കളോടോ കുടുംബത്തോടോ മനശാസ്ത്രജ്ഞരോടോ തുറന്നുപറയാൻ സാധിക്കാറുണ്ട്. ആണുങ്ങൾ കരയുന്നതോ വിഷമം പറയുന്നതോ മോശമാണെന്ന പരമ്പരാഗത ചിന്താഗതി ഇന്നും പൂർണമായി മാറാത്തതിനാൽ പുരുഷൻമാർ പല ഘട്ടങ്ങളിലും തങ്ങളുടെ മാനസിക പ്രയാസങ്ങൾ പ്രകടിപ്പിക്കാൻ മടിക്കുന്നു. ഇത് പുരുഷൻമാരെ വിഷാദരോഗത്തിലേക്ക് തള്ളിവിടാൻ സാധ്യതയേറെയാണ്.
പാരന്റിങ് എങ്ങനെ ആകണം എന്നുള്ള കാഴ്ചപ്പാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകും. എങ്കിലും അച്ഛൻ ഏക വരുമാനക്കാരായ കുടുംബത്തേക്കാൾ, രണ്ടുപേരും ഉദ്യോഗസ്ഥരായ വീടുകളിലെ പുരുഷന്മാർക്കാണ് പലപ്പോഴും പൊരുത്തപ്പെടാൻ പ്രയാസമനുഭവപ്പെടുന്നത് എന്ന് മനഃശാസ്ത്രജ്ഞനായ ഡോ. നൗഫൽ ഹമീദ് പറയുന്നു. ഇരുവരും എല്ലാ കാര്യങ്ങളും ഒന്നിച്ച് ചെയ്യുമ്പോഴും സമൂഹം ഇപ്പോഴും അതിനെ ഉൾക്കൊണ്ടിട്ടില്ല. വീട്ടിൽ മക്കളുടെ കാര്യങ്ങൾ അമ്മ ചെയ്യുന്നത് പോലെയോ അതിനെക്കാളേറെയോ അച്ഛൻ സന്തോഷത്തോടെ ചെയ്യുന്നുണ്ടാകാം.
ഒരച്ഛൻ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങൾ പോലും അംഗീകരിക്കാൻ സമൂഹത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അത് പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയുള്ള എതിർപ്പിനോ അസ്വാരസ്യങ്ങൾക്കോ കാരണമാകുന്നുണ്ട് എന്നും ഡോ.നൗഫൽ ഹമീദ് പറയുന്നു. അമ്മയ്ക്ക് തുല്യമായ ഒരു പാരന്റിങ് റോളിലേക്ക് എത്തിപ്പെടാനുള്ള ശ്രമം ഇക്കാരണങ്ങൾ കൊണ്ട് തന്നെ പുരുഷനിൽ മാനസിക സംഘർഷം വർധിപ്പിക്കുന്നതായി കാണുന്നു. വ്യക്തി ചിന്തകളിൽ ഉണ്ടായ മാറ്റം കുടുംബവും, സമൂഹവും തുണയ്ക്കുന്ന അവസ്ഥ വന്നെങ്കിലെ അച്ഛന്മാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയൂ.
മാനസികസംഘർഷം എങ്ങനെ മറികടക്കാം
തുറന്നു സംസാരിക്കാം: അച്ഛൻമാർ സമ്മർദങ്ങൾക്കും വിഷമങ്ങൾക്കും അതീതരല്ലെന്ന കാര്യം ആദ്യം അംഗീകരിക്കാം. സ്വന്തം ആശങ്കകളും സങ്കടങ്ങളും പങ്കാളിയുമായും സുഹൃത്തുക്കളുമായും പങ്കുവെയ്ക്കാം. കഴിയുന്നതും മുഖാമുഖമിരുന്ന് സംസാരിക്കണം. വീഡിയോ കോൾ അല്ലെങ്കിൽ ഫോൺ കോളിനേക്കാൾ നേരിട്ടുള്ള സംവാദം ഗുണം ചെയ്യും. ഒരു തലോടലിനോ ആശ്ലേഷത്തിനോ തരാൻ കഴിയുന്ന ആശ്വാസം പലപ്പോഴും ആയിരം ഉപദേശങ്ങളിൽനിന്ന് കിട്ടിക്കോളണമെന്നില്ല. വിഷമതകൾ ഉള്ളിലൊതുക്കുന്നത് വിഷമത്തിന്റെ ആക്കം കൂട്ടുകയേയുള്ളൂ.
ഗുണപരമായ നിമിഷങ്ങൾ അഥവാ ക്വാളിറ്റി ടൈം: മക്കൾക്കൊപ്പം എട്ടും പത്തും മണിക്കൂർ കൂടെയിരുന്നുവെന്ന് പറഞ്ഞാലും ആ സമയമത്രയും ഫോൺ, ടിവി എന്നിവയിൽനിന്ന് കണ്ണെടുക്കാതെയിരുന്നിട്ട് കാര്യമില്ല. കൂടെയിരിക്കുന്നത് അഞ്ചുമിനിറ്റാണെങ്കിൽ പോലും മക്കൾക്ക് അവരിലൊരാളായി മനസ്സും ശരീരവും അവർക്കൊപ്പം ചെലവഴിക്കുന്ന അച്ഛൻമാരുണ്ടെങ്കിലാണ് ഇഷ്ടം. ചെലവഴിക്കുന്ന മണിക്കൂറുകളെക്കാൾ ആ നിമിഷങ്ങൾ എങ്ങനെ വിനിയോഗിക്കുന്നുവെന്നതിലാണ് കാര്യം. എല്ലാ കാര്യത്തിനും അച്ഛൻ കൂടെയുണ്ടെന്നും അവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും തോന്നുന്നത് മക്കൾക്ക് ഏറെ ആഹ്ലാദകരമാണ്.
സ്വയം പരിചരിക്കാനും സമയം കണ്ടെത്താം: ജോലി, മക്കൾ, സുഹൃത്തുക്കൾ, കുടുംബം എന്നിവയ്ക്ക് സമയം കണ്ടെത്തുന്നത് പോലെ സ്വന്തം മാനസിക ഉല്ലാസത്തിനും അല്പനേരം നീക്കിവെയ്ക്കുക. സംഗീതമോ നൃത്തമോ വ്യായാമമോ വായനയോ എന്തുമാകാം. സ്വയം സന്തോഷമായിരിക്കുന്നത് വഴി നമുക്ക് ആ ആഹ്ലാദം മറ്റുള്ളവരിലേക്കും പകരാം.
സഹായം തേടാം: മാനസികസംഘർഷം കുറയ്ക്കാൻ സ്വയമോ കുടുംബം, സുഹൃത്തുക്കൾ എന്നിവരുടെ സഹായത്താലോ കഴിയുന്നില്ലെങ്കിൽ തീർച്ചയായും ഒരു കൗൺസിലറുടെ സഹായം തേടണം. വിദഗ്ധരുടെ ഉപദേശങ്ങൾ വഴിയും മരുന്നിന്റെ സഹായത്താലും ആകുലതകൾ മറികടക്കാം. ഈ വൈദ്യസഹായം ആവശ്യപ്പെടുന്നത് ഒരിക്കലും മോശം കാര്യമല്ല.
കുഞ്ഞിന്റെ വളർച്ചയിൽ അമ്മയെ പോലെ തന്നെ പ്രാധാന്യമുണ്ട് അച്ഛനും. ന്യൂ ജെൻ അച്ഛന്മാർ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നത് മനോഹരമായ കാഴ്ചയും കാര്യവുമാണ്. ഇതിനിടയിൽ അവരുടെ മാനസികാരോഗ്യം പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണം. അതിനായി പങ്കാളിയും സമൂഹവും ഒരുപോലെ പിന്തുണയ്ക്കണം.
വിവരങ്ങൾക്ക് കടപ്പാട്:ഡോ. നൗഫൽ ഹമീദ്,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
ന്യൂറോ സയൻസ് ഡിപ്പാർട്ട്‌മെന്റ്,
ആസ്റ്റർ മിംസ്, കോഴിക്കോട്
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shift from traditional breadwinner roles to active 'perfect dad' involvement. Increased mental health strain due to work-life conflict. Guilt over missing 'quality time' and developmental milestones
Published: 21 Jun 2026, 10:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented