
കുഞ്ഞുങ്ങളുടെ കൊഞ്ചല്‍ കേള്‍ക്കാനും അതേ താളത്തില്‍ അവരോട് തിരികെ സംസാരിക്കാനും ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമായിരിക്കും. എങ്കിലും അപൂര്‍വ്വമായെങ്കിലും ഇത്തരത്തില്‍ കുഞ്ഞുങ്ങളോട് അധികം സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യാത്ത രക്ഷിതാക്കളും നമുക്കിടയിലുണ്ട്. കുഞ്ഞിന്റെ ഭാഷാപരമായ ശേഷിയുടെ വളര്‍ച്ചയിലും ആശയവിനിമയത്തിനുള്ള കഴിവിലും മൊത്തത്തിലുള്ള വികാസത്തിലും വലിയ തോതിലുള്ള തകരാറുകള്‍ സംഭവിക്കുവാന്‍ ഇത് ഇടയാക്കും. കുഞ്ഞിനോട് സംസാരിക്കാന്‍ മുന്‍കൈയെടുക്കാത്ത രക്ഷിതാവാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ അറിയാം.
1. സംസാരിച്ച് തുടങ്ങുന്നതിനും ഭാഷ വഴങ്ങുന്നതിനുമുള്ള കാലതാമസം
കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംസാരിക്കുവാനുള്ള അവസരം ഇല്ലാതാകുന്നത് സ്വാഭാവികമായും സംസാരിച്ച് തുടങ്ങാനുള്ള കാലയളവില്‍ ദൈര്‍ഘ്യമുണ്ടാക്കാനിടയാകും. ആംഗ്യങ്ങളിലൂടെയും മറ്റുമാണ് കുഞ്ഞ് തുടക്കത്തില്‍ ആശയവിനിമയം സാധ്യമാക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റുളളവരുടെ സംഭാഷണത്തില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുകയും അതിനനുസരിച്ച് സംസാരിച്ച് തുടങ്ങുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വാക്കുകള്‍ കേള്‍ക്കാനുള്ള അവസരം കുറയുന്നത് സംസാരിച്ച് തുടങ്ങാനുള്ള സമയം ദീര്‍ഘിപ്പിക്കാനിടയാവുകയും ഭാഷ വഴങ്ങുന്നതിന് കാലതാമസം വരികയും ചെയ്യും.
2. പരിമിതമായ പദാവലി
മറ്റുള്ളവരുടെ സംസാരം തുടര്‍ച്ചയായി കേള്‍ക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നത് കുഞ്ഞിന്റെ പദസമ്പത്ത് കുറയ്ക്കാനിടയാകും. ഇത്തരത്തില്‍ പദസമ്പത്ത് കുറയുമ്പോള്‍ കുഞ്ഞിന് കാര്യങ്ങള്‍ വിശദമായും കൃത്യമായും അവതരിപ്പിക്കാന്‍ സാധിക്കാതെ വരും. ഇത് പഠനത്തെയും മറ്റും ദോഷകരമായി ബാധിക്കുകയും ചെയ്യും.
3. ഉച്ചാരണവൈകല്യം
കൃത്യമായ സംഭാഷണങ്ങള്‍ കേള്‍ക്കുന്നതിലൂടെയാണ് കുഞ്ഞ് പദസമ്പത്തുണ്ടാക്കുന്നതും അതിന്റെ ഉച്ചാരണം കൃത്യമായി നടത്തുന്നതും. എന്നാല്‍ ഇത്തരത്തില്‍ ഉച്ചാരണം കേള്‍ക്കാനുള്ള സാഹചര്യം കുറയുമ്പോള്‍ അത് കുഞ്ഞിന്റെ സംസാരത്തിലും വൈകല്യങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകും. ഇത് സംസാരത്തെയും ഉച്ചാരണത്തേയും ദോഷകരമായി ബാധിക്കും.
4. ആശയവിനിമയശേഷി കുറയും
മറ്റുള്ളവരുമായി സംസാരിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നത് കുഞ്ഞിന്റെ ചിന്തകളെയും വികാരങ്ങളെയുമെല്ലാം ദോഷകരമായി ബാധിക്കും. എങ്ങിനെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത് എന്നറിയാതെ വരുന്നതിനാല്‍ ഈ സാഹചര്യം അവരുടെ ആശയവിനിമയശേഷിയെ പരിമിതപ്പെടുത്തുകയും ചെയ്യും. പദസമ്പത്തുണ്ടാവുക എന്നതോടൊപ്പം തന്നെ സാമൂഹികസാഹചര്യങ്ങളില്‍ എങ്ങനെ ഇടപഴകണം എന്ന് മനസ്സിലാക്കുന്നതിനും മറ്റുള്ളവരുടെ സംഭാഷണം കേള്‍ക്കുന്നത് സഹായകരമാകും.
5. സാമൂഹികവും മാനസികവുമായ വെല്ലുവിളികള്‍
സാമൂഹികമായി ഇടപെടാനുള്ള ഫലപ്രദമായ വഴിയാണ് ആശയവിനിമയം. എന്നാല്‍ കൃത്യമായി പദസമ്പത്തോ, ഉച്ചാരണശേഷിയോ ഇല്ലാത്ത കുഞ്ഞിന് ഇത്തരത്തിലുള്ള ഇടപെടലിനുള്ള സാധ്യത കുറയും. ഭാഷാ വൈദഗ്ദ്ധ്യമുള്ള കുഞ്ഞുങ്ങള്‍ സമപ്രായക്കാരുമായി വളരെയെളുപ്പത്തില്‍ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുകയും ഇടപഴകുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍ സംസാരിക്കാനും കേള്‍ക്കാനുമുള്ള അവസരം ചെറുപ്പത്തില്‍ നിഷേധിക്കപ്പെട്ടവര്‍ ഈ സാഹചര്യത്തില്‍ പിന്നാക്കം പോകും. ഇത് അവരെ മാനസികമായി തളര്‍ത്തുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യും.
6. പഠിക്കാനുള്ള ബുദ്ധിമുട്ട്
വിദ്യാലയങ്ങളിലെ വിജയത്തിന്റെ അടിസ്ഥാനപരമായ ഘടകങ്ങളില്‍ ഒന്നാണ് ഭാഷാപരമായ ശേഷി. സംസാരം വൈകുകയും പദസമ്പത്ത് കുറയുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് വായനാശേഷിയുമായും എഴുത്തുമായും ബന്ധപ്പെട്ട് വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരികയും ഇത് അവരുടെ പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യും.
7. പെരുമാറ്റ വൈകല്യം
നേരത്തെ വിവരിച്ചിരിക്കുന്ന കാരണങ്ങളില്‍ പലതും കുഞ്ഞിനെ മാനസികമായും സാമൂഹികമായും ഒറ്റപ്പെടുത്തുന്നതാണല്ലോ. മറ്റുള്ളവരോട് കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കാതെ വരിക, പഠനത്തില്‍ പിന്നാക്കം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്വാഭാവികമായും കുഞ്ഞുങ്ങളെ പെരുമാറ്റവൈകല്യത്തിലേക്ക് നയിക്കും.
സംസാരിക്കാം
കുഞ്ഞുങ്ങളുമായി കുറച്ച് സംസാരിക്കുന്ന രക്ഷിതാക്കളും ഗൃഹാന്തരീക്ഷവും ബോധപൂര്‍വ്വമല്ലെങ്കിലും കുഞ്ഞിന്റെ ഭാവിജീവിതത്തിലേക്കുള്ള വലിയ വെല്ലുവിളികള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. ഭാഷാപരമായ വെല്ലുവിളികള്‍ മുതല്‍ മാനസികമായ വെല്ലുവിളികള്‍ വരെ ഇതിന്റെ ഭാഗമായി സംഭവിക്കാനിടയാകും. വീട്ടിനകത്ത് നല്ല രീതിയില്‍ സംവേദനം ചെയ്യുന്ന അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നത് പരമപ്രധാനമായ കാര്യം തന്നെയാണ്. അതുപോലെ തന്നെ കുഞ്ഞിന്റെ സംസാരപരവും ഭാഷാപരവുമായ കഴിവുകളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള സംസാരവൈകല്യമോ ഭാഷാപരമായ വൈകലോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പ്രൊഫഷണലായ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റിനെയോ ഓഡിയോളജിസ്റ്റിനെയോ സന്ദര്‍ശിച്ച് നിര്‍ബന്ധമായും പരിശോധന നടത്തണം. കൃത്യമായ പരിഗണനയും പരിശോധനയും ചികിത്സയും ലഭിച്ചാല്‍ ഇത്തരം വൈകല്യങ്ങളെ അതിജീവിക്കുവാനും ഊര്‍ജ്ജസ്വലമായ ജീവിതം കൈവരിക്കുവാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സാധിക്കും.
(കണ്ണൂര്‍ ശ്രവണ ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി ക്ലിനിക്കിലെ ചീഫ് ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് ലാഗ്വേജ് പതോളജിസ്റ്റാണ് ലേഖിക)
Content Highlights: talking to your baby helps communication development
Published: 01 Feb 2024, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented