സാമൂഹിക ഉത്കണ്ഠാ രോഗം അല്ലെങ്കില്‍ സോഷ്യല്‍ ഫോബിയ ലോകത്തെ 5 ശതമാനം മുതല്‍ 10 ശതമാനം വരെ ആളുകള്‍ക്ക് ഉണ്ടെന്നാണ് കണ്ടെത്തല്‍. ലഹരി ഉപയോഗം, വിഷാദരോഗം എന്നിവ കഴിഞ്ഞാല്‍ ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥയാണിത്. മിക്കവരിലും 20 വയസ്സാകുന്നതിന് മുന്‍പ് തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് സാമൂഹിക ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നത്. മറ്റുള്ളവരാല്‍ വിലയിരുത്തപ്പെടുമോ, നിരീക്ഷിക്കപ്പെടുമോ, അപമാനിക്കപ്പെടുമോ, നിരസിക്കപ്പെടുമോ എന്നതിനെക്കുറിച്ചുള്ള തീവ്രവും നിരന്തരവുമായ ഭയം കാരണം ദൈനംദിന കാര്യങ്ങള്‍ തടസ്സപ്പെടുന്നതാണ് ഈ അവസ്ഥ.  

To advertise here,

അന്തര്‍മുഖത്വവും പൊതുഇടങ്ങളിലുള്ള സഹജമായ നാണവും സോഷ്യല്‍ ഫോബിയ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സോഷ്യല്‍ ഫോബിയ ഉള്ളവര്‍ പൊതുഇടങ്ങളില്‍ അനുഭവിക്കുന്ന സംഘര്‍ഷം വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു തെറ്റിദ്ധാരണ. സോഷ്യല്‍ ഫോബിയയുടെ മാനസികവും വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വൈകാരികവും പെരുമാറ്റപരവുമായ ലക്ഷണങ്ങള്‍

  1. മറ്റുള്ളവര്‍ മോശമായി വിലയിരുത്തുമോ അല്ലെങ്കില്‍ നിരീക്ഷിക്കുമോ എന്ന തീവ്രമായ ഭയം
  2. അപമാനഭയം
  3. അപരിചിതരുമായി ഇടപഴകാനുള്ള ഭയം
  4. പരിപാടികള്‍ക്കോ ഒത്തുചേരലുകള്‍ക്കോ മുന്‍പ് ശക്തമായ ഉത്കണ്ഠ. അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ (വിറയല്‍, വിയര്‍പ്പ് പോലുള്ളവ)
  5. സാമൂഹിക ഇടപെടലുകള്‍ക്ക് ശേഷം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുക
  6. സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഏറ്റവും മോശമായ ഫലങ്ങള്‍ പ്രതീക്ഷിക്കുക
  7. തങ്ങള്‍ ശ്രദ്ധാകേന്ദ്രമായേക്കാവുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഒഴിവാക്കുക
  8. സംഭാഷണങ്ങള്‍, പ്രകടനങ്ങള്‍, സഹായം ചോദിക്കുന്നത് എന്നിവ ഒഴിവാക്കുക
  9. അമിതമായ ലജ്ജ, അസ്വസ്ഥത, ഓര്‍മ്മക്കുറവ്
  10. കണ്ണില്‍ നോക്കി സംസാരിക്കാന്‍ ബുദ്ധിമുട്ട്

ശാരീരിക ലക്ഷണങ്ങള്‍

  1. മുഖം ചുവന്നു തുടുക്കുക
  2. ഹൃദയമിടിപ്പ് കൂടുക
  3. വിയര്‍പ്പ്, വിറയല്‍
  4. ഓക്കാനം അല്ലെങ്കില്‍ വയറിന് അസ്വസ്ഥത
  5. ശ്വാസംമുട്ടല്‍
  6. തലകറക്കം
  7. പേശിവലിവ്
  8. മരവിപ്പ്
  9. വഴക്കമില്ലാത്ത ശരീരഭാഷ

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi