ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ താരഭവനങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്റെ മന്നത്ത്. കഴിഞ്ഞ വർഷമാണ് ആ വീട്ടിൽ പണികൾ നടക്കുന്നതിനാൽ, ഷാരൂഖും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറുന്നത്. പാലി ഹില്ലിലെ നാലു നിലകളിലായുള്ള അപ്പാർട്ട്‌മെന്റ് ലീസിനെടുത്താണ് നിലവിൽ കുടുംബത്തിന്റെ താമസം.

മന്നത്തിന്റെ വിപുലീകരണം കണക്കിലെടുത്താണ് കുടുംബം ഇവിടുന്ന് മാറിയത്. മന്നത്ത് 'ഗ്രേഡ് 3'-യിൽ ഉൾപ്പെടുന്ന പൈതൃക കെട്ടിടമായതിനാൽ, കെട്ടിടം വിപുലീകരിക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ അനുമതിയോടെയേ അതിൽ ഘടനാപരമായ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പറ്റൂ.

മന്നത്തിലെ ആറുനിലയുള്ള കെട്ടിടത്തിൽ രണ്ടുനിലകൾ കൂട്ടിച്ചേർക്കാനായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അതിനായുള്ള അനുമതി തേടി ഗൗരി ഖാൻ അപേക്ഷകളും സമർപ്പിച്ചു. തീരദേശ-പാരിസ്ഥിതിക അനുമതികളുമായി ബന്ധപ്പെട്ട് മന്നത്തിനെ ചുറ്റിപ്പറ്റി വിവാദങ്ങൾക്ക് തുടക്കം കുറിച്ചതും അതോടെയാണ്. പിന്നാലെ മന്നത്ത് വിപുലീകരണത്തിനുള്ള അനുമതിയും ലഭിച്ചു.

ഇതിനെതിരെ മുംബൈയിലെ സോഷ്യൽ ആക്ടിവിസ്റ്റായ സന്തോഷ് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ചു. വീടിന്റെ നവീകരണത്തിനും വിപുലീകരണത്തിനും നൽകിയ പാരിസ്ഥിതിക, തീരദേശ അനുമതികളെ ചോദ്യം ചെയ്താണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. ഇത് ട്രൈബ്യൂണൽ തള്ളുകയും ചെയ്തു. പിന്നാലെ സന്തോഷ് സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജിയും തള്ളിയിരിക്കുകയാണ് സുപ്രീംകോടതി. നിയമപ്രകാരം ആളുകൾക്ക് തങ്ങളുടെ വീടുകൾ പുതുക്കിപ്പണിയാമെന്നും കോടതി നിരീക്ഷിച്ചു.

കിങ് ഖാന്റെ സ്വപ്‌നക്കൂട്
ഷാരൂഖിന് ഒട്ടേറെ സ്വത്തുവകകളുണ്ടെങ്കിലും ആളുകൾക്ക് ഏറ്റവും പരിചിതം മന്നത്താണ്. ഷാരൂഖ് തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ചാണ് ഈ വീടുവാങ്ങിയത്.

ആറുനിലകളിലായിട്ടുള്ള വീടാണിത്. ഒന്നിൽ കൂടുതൽ ലിവിങ് ഏരിയ, കുട്ടികൾക്കായുള്ള പ്ലേ റൂം, ജിംനേഷ്യം, ലൈബ്രറി, പേഴ്‌സണൽ ഓഡിറ്റോറിയം, തിയേറ്റർ, സ്വകാര്യ ബാർ, എലിവേറ്ററുകൾ...ഇങ്ങനെ ഒട്ടനവധി സൗകര്യങ്ങളുമുണ്ട്. 42 സീറ്റുകളുള്ള സ്വകാര്യ ഓഡിറ്റോറിയത്തിൽ വിന്റേജ് ബോളിവുഡ് പോസ്റ്ററുകളും നിരവധി സ്മരണികകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

വീടിന്റെ നെയിംപ്ലേറ്റിന് മാത്രം ചെലവായത് 25 ലക്ഷം രൂപയാണ്. വജ്രവും ഗ്ലാസ് ക്രിസ്റ്റലുകളും ഉപയോഗിച്ചാണ് നെയിം പ്ലേറ്റ് നിർമിച്ചിരിക്കുന്നത്. 18 കോടിക്കാണ് വീടുവാങ്ങിയത്. നിലവിൽ ഇതിന് 300 കോടി വിലമതിക്കും.

ഈ വീടുവാങ്ങാനുള്ള ആഗ്രഹം താരത്തിന് തുടങ്ങുന്നത് 1997-ലാണ്. വില്ല വിയന്ന എന്ന് പേരുള്ള മനോഹരമായൊരു ബാൻഡ്‌സ്റ്റാൻഡ് ബംഗ്ലാവായിരുന്നു മന്നത്ത്. ഷാരൂഖും ജൂഹി ചൗളയും നായികാനായകൻമാരായ 'യെസ് ബോസ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അന്ന് ചിത്രീകരിക്കുന്നത് സിനിമയിലെ 'ചാന്ദ് താരെ' എന്ന ഗാനമാണ്. അതിനിടയിലാണ് ഈ ആഡംബരബംഗ്ലാവ് ഷാരൂഖിന്റെ കണ്ണിൽപ്പെടുന്നത്. അതിനടുത്തേക്ക് ചെന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തുകയറാൻ സമ്മതിച്ചില്ലെന്നും, പോവാൻ പറഞ്ഞെന്നും പറയപ്പെടുന്നു. അതുകഴിഞ്ഞ് എന്നെങ്കിലും ഒരിക്കൽ ആ ബംഗ്ലാവ് താൻ വാങ്ങുമെന്ന് താരം സിനിമയിലെ അണിയറപ്രവർത്തകരോട് തമാശയായി പറഞ്ഞു.

പക്ഷേ അത് കിങ് ഖാന് വെറും തമാശയായിരുന്നില്ലെന്ന് അവർ മനസ്സിലാക്കിയത് പിന്നീടാണ്. വെറും നാലുവർഷം കൊണ്ട് അദ്ദേഹം ആ ബംഗ്ലാവ് സ്വന്തമാക്കി. ഗുജറാത്തി വ്യവസായി നരിമാൻ ദുബാഷിൽ നിന്നാണ് കടലിന് അഭിമുഖമായുള്ള വീട് വാങ്ങിയത്. ആദ്യം ഇതിന് ജന്നത്ത് എന്നാണ് ഷാരൂഖും കുടുംബവും പേരിട്ടത്. പിന്നീടാണ് മന്നത്ത് എന്ന് പേരുമാറ്റിയത്.

ഒരുപാട് ദുരിതങ്ങളിലൂടെ കടന്നാണ് തങ്ങൾ ഈ വീടുവാങ്ങിയതെന്ന് പിന്നീട് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ''ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു. കടം വാങ്ങി, ഒരുപാട് പരസ്യങ്ങൾ ചെയ്തു. ഒരുപാട് വിവാഹങ്ങളും ഷോകളും...പലതും ചെയ്തു. പല ആളുകളിൽനിന്നും അഡ്വാൻസ് വാങ്ങി, വളരെ കുറഞ്ഞ നിരക്കിൽ അവർക്കുവേണ്ടി സിനിമകൾ ചെയ്തുകൊടുത്തു. പക്ഷേ ആ വീട് വാങ്ങിയതിൽ സന്തോഷം. എന്റെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര ഉണ്ടായിരിക്കാനും എന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള ആഗ്രഹം. എനിക്ക് അതിനുമുമ്പ് ഒരു വീടുണ്ടായിരുന്നില്ല''.

വീടു വാങ്ങിയപ്പോഴേക്കും ആ പണമെല്ലാം കഴിഞ്ഞു. ഇന്റീരിയർ ഡിസൈനിങ്ങിന് പണമില്ല. ഒടുവിൽ അതിനായി ഗൗരി തന്നെ മുന്നിട്ടിറങ്ങി. അതിനായുള്ള വസ്തുക്കൾ കണ്ടെത്തിയതും തിരഞ്ഞെടുത്തതുമെല്ലാം ഗൗരി തന്നെ. ഗൗരിയുടെ ആ പരിശ്രമങ്ങളാണ്, പിന്നീട് അവരെ ഒരു പ്രൊഫഷണൽ ഇന്റീരിയർ ഡിസൈനറാക്കാൻ സഹായിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi