ആശങ്കയില്ലാത്ത ഒരു ജീവിതം കിട്ടിയാൽ കൊള്ളാമെന്ന് എല്ലാവർക്കുമുണ്ടാവും, പക്ഷേ ഈ ലോകത്ത് ആശങ്കയില്ലാത്തവർ ഇല്ലേയില്ല. ഓരോരുത്തരിലും അത് ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഉത്കണ്ഠയും വേവലാതിയും സമ്മർദ്ദവും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഭാഗങ്ങളാണ്. ഇത് ദീർഘകാലം നീണ്ടുനിൽക്കുമ്പോൾ മാനസികമായും ശാരീരികമായും ബാധിക്കാനിടയുള്ളതിനാൽ അതിന് തടയിടുക തന്നെ വേണം.

To advertise here,

ഉത്കണ്ഠപ്പെടുത്തുന്ന ഒരു കാര്യം മനസ്സിലേക്ക് കടന്നുവരുമ്പോൾ തന്നെ അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അത് ഗുണം ചെയ്യുമായിരിക്കും, അതേസമയം, ആശങ്കകളെ അവഗണിച്ചുവിടുമ്പോൾ അവ വീണ്ടുമെത്തി ശല്യം ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ആലോചിച്ചുതന്നെ അതിനൊരു തീർപ്പുണ്ടാക്കുന്നതായിരിക്കും നല്ലതെന്നാണ് വിദഗ്ധരുടെ പക്ഷം. 

എന്തെങ്കിലും കാര്യമായി ചെയ്യാൻ തുടങ്ങുമ്പോഴായിരിക്കും ഉത്കണ്ഠ നിറഞ്ഞ ചിന്തകളും സമ്മർദ്ദവും അതിനെ തടസ്സപ്പെടുത്താൻ വരിക. എപ്പോഴും ഓരോന്ന് ആലോചിച്ച് സമയം കളയുന്നതും നല്ലതല്ലല്ലോ. അതുകൊണ്ട് ആശങ്കപ്പെടാൻ ദിവസവും കൃത്യമായ ഒരു സമയം നിശ്ചയിക്കാം. തടസ്സമില്ലാതെ നമ്മുടെ ചിന്തകളുമായി ഒറ്റയ്ക്ക് ഇരിക്കാൻ കഴിയുമെന്നുറപ്പുള്ള ഒരു സമയമാണ് തിരഞ്ഞെടുക്കേണ്ടത്. ദിവസവും 15 മുതൽ 20 മിനിറ്റ് വരെയാവാം. ഉറങ്ങുന്നതിന് തൊട്ടുമുമ്പാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആ സമയത്ത് ചിന്തകളെ സ്വതന്ത്രമായി വിടാം. ദിവസത്തിൽ മറ്റ് തിരക്കുകളുള്ള സമയത്ത് പ്രശ്നചിന്തകൾ കയറിവരികയാണെങ്കിൽ ഇപ്പോഴല്ല, എന്ന് മനസ്സിൽ പറയുക. ശേഷം നിശ്ചയിച്ചിരിക്കുന്ന സമയത്തേക്ക് മാറ്റിവെക്കാം.

  • ഒരു വേവലാതി കടന്നുവരുമ്പോൾ, അത് എഴുതിവെച്ച് 'ഞാൻ ഉടൻ തിരിച്ചുവരാം' എന്ന് സ്വയം പറയാം
  • ഉത്കണ്ഠകൾ എഴുതിവെക്കാൻ ഒരു നോട്ട്ബുക്കോ ഡിജിറ്റൽ രേഖയോ കയ്യിൽ കരുതാം
  • അനുവദിച്ച സമയം കഴിയുമ്പോൾ, അടുത്ത കാര്യങ്ങളിലേക്ക് മാറാൻ ബോധപൂർവമായ ശ്രമം നടത്തണം- സുഹൃത്തിനെ വിളിക്കുകയോ ഇഷ്ടമുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യാം.  
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi